അവിശ്വസനീയം എന്ന് ഒറ്റനോട്ടത്തില്‍ തന്നെ തോന്നുന്ന വീഡിയോ സത്യമോ 

ശരീരത്തിന് പുറത്ത് തോളിന് താഴെയായി രണ്ട് ചിറകുകള്‍, നടക്കുന്നതിന് പകരം കുട്ടി പറക്കുന്നു! സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പില്‍ വൈറലാണ് ഈ വീഡിയോ. രണ്ട് ചിറകുകളുള്ള ലോക ചരിത്രത്തിലെ ആദ്യ മനുഷ്യ കുഞ്ഞ് എന്ന് മലയാളത്തിലുള്ള കുറിപ്പോടെയാണ് വീഡിയോ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. എന്താണ് വീഡിയോയുടെ വസ്‌തുത എന്ന് പരിശോധിക്കാം. 

പ്രചരിക്കുന്ന വീഡിയോ

'രണ്ട് ചിറകുള്ള മനുഷ്യ കുഞ്ഞ് ലോക ചരിത്രത്തിൽ ആദ്യത്തേത്'- എന്ന കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്. രണ്ട് മിനുറ്റും 12 സെക്കന്‍ഡുമാണ് വീഡിയോയുടെ ദൈര്‍ഘ്യം. കുഞ്ഞിന് രണ്ട് ചിറകുകളും വീഡിയോയില്‍ കാണാം. കുട്ടി ഇത് ഉപയോഗിച്ച് പലതവണ പറക്കുന്നതായും ഡോക്‌ടര്‍ കുഞ്ഞിനെ പരിശോധിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. വീഡിയോയ്‌ക്കൊപ്പം സംഭവത്തെ കുറിച്ച് വിവരണവുമുണ്ട്. 

വസ്‌തുതാ പരിശോധന

അവിശ്വസനീയം എന്ന് ഒറ്റനോട്ടത്തില്‍ തന്നെ തോന്നുന്ന വീഡിയോ സത്യമോ എന്നറിയാന്‍ ആദ്യം കീവേഡ് സെര്‍ച്ച് നടത്തി. ഇതില്‍ നിന്ന് ഈ വീഡിയോ മുമ്പ് ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നതാണെന്നും പുതിയതല്ലെന്നും വ്യക്തമായി.

ടിക്‌ടോക്കില്‍ മുമ്പ് ഇതേ വീഡിയോ പലരും പോസ്റ്റ് ചെയ്‌തിരുന്നതാണ് എന്ന് ദൃശ്യങ്ങളുടെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലും ബോധ്യമായി. പരിശോധനയില്‍ ലഭിച്ച ഫലങ്ങള്‍ പറയുന്നത് ചിറകുകളുള്ള മനുഷ്യക്കുഞ്ഞ് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ഒരു ഫ്രഞ്ച് സിനിമയില്‍ നിന്നുള്ളതാണ് എന്നതാണ്. 2009ലാണ് റിക്കി എന്ന ഈ സിനിമ പുറത്തിറങ്ങിയത്. യഥാര്‍ഥ സംഭവമല്ല, സാങ്കല്‍പിക കഥയെ ആസ്പദമാക്കിയാണ് റിക്കി നിര്‍മിച്ചിരിക്കുന്നത്. 

നിഗമനം

ചിറകുകളുള്ള കുട്ടിയുടെ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ യഥാര്‍ഥമല്ല, ഒരു സിനിമയിലെ രംഗങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്. 

Read more: 50-85 വയസ് പ്രായമുള്ളവര്‍ക്ക് കേന്ദ്രത്തിന്‍റെ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം