വിമാനം ക്രാഷ് ലാന്‍ഡ് ചെയ്തു എന്ന കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്

ആഗ്ര: അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തിന്‍റെ ഞെട്ടല്‍ രാജ്യത്തിന് മാറിയിട്ടില്ല. അതിനിടെ, ആഗ്ര വിമാനത്താവളത്തില്‍ അടുത്ത ദുരന്തം സംഭവിച്ചോ? ആഗ്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന് തീപ്പിടിച്ചു എന്ന തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോയുടെ വസ്‌തുത പരിശോധിക്കാം.

പ്രചാരണം

'ആഗ്ര വിമാനത്താവളത്തില്‍ വന്‍ വിമാന ദുരന്തം സംഭവിച്ചു'- എന്ന തരത്തിലാണ് ഒരു ഇന്‍സ്റ്റഗ്രാം യൂസര്‍ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരു വിമാനം പറന്നിറങ്ങുന്നതും റണ്‍വേയില്‍ തെന്നിനിരങ്ങി തീപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.

View post on Instagram

വസ്‌തുതാ പരിശോധന

ആഗ്രയില്‍ എന്നല്ല, ഇന്ത്യയില്‍ ഏതൊരു വിമാനത്താവളത്തിലും ഇത്തരത്തിലൊരു ദുരന്തമുണ്ടായാല്‍ അത് വലിയ വാര്‍ത്തയാവേണ്ടതാണ്. ആഗ്ര വിമാനത്താവളത്തില്‍ ഇത്തരമൊരു വിമാനാപകടം സമീപ ദിവസങ്ങളില്‍ സംഭവിച്ചിരുന്നോ എന്നറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തി. എന്നാല്‍ ആഗ്ര വിമാനത്താവളത്തില്‍ അപകടം നടന്നതായി ആധികാരികമായ ഒരു റിപ്പോര്‍ട്ടും പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ, വീഡിയോ എഐ നിര്‍മ്മിതമാണോ എന്ന സംശയമുണര്‍ന്നു. അതിനാല്‍ എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ വ്യക്തമായത് ഈ വീഡിയോ എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാവാം എന്നാണ്. മാത്രമല്ല, പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഫാക്ട് ചെക്ക് വെബ്‌സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്.

നിഗമനം

ആഗ്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന് തീപ്പിടിച്ചു എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്നത് എഐ ടൂളുകളുടെ സഹായത്തോടെ നിര്‍മ്മിച്ച വീഡിയോ ആവാനാണ് സാധ്യത.

Asianet News Live | Malayalam News Live | Kerala News Live | Breaking news | ഏഷ്യാനെറ്റ് ന്യൂസ്