സിആര്‍7 പലസ്‌തീനും ഗാസയിലെ കുട്ടികള്‍ക്കും പിന്തുണയറിയിച്ച് സംസാരിക്കുന്നു എന്നുപറഞ്ഞാണ് വീഡിയോ

പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പലസ്‌തീന്‍ പതാകയണിഞ്ഞ് ഗാസയ്ക്ക് പിന്തുണ അറിയിച്ചതായി നേരത്തെ വ്യാജ പ്രചാരണമുണ്ടായിരുന്നു. ക്രിസ്റ്റ്യാനോയെയും പലസ്‌തീനെയും ബന്ധിപ്പിച്ച് പുതിയൊരു പ്രചാരണം സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) സജീവമായിരിക്കുകയാണ്. റൊണാള്‍ഡോ പലസ്‌തീനും ഗാസയിലെ കുട്ടികള്‍ക്കും പിന്തുണയറിയിച്ച് സംസാരിക്കുന്നു എന്നുപറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. ഇതും വ്യാജമാണോ എന്ന് പരിശോധിക്കാം. 

പ്രചാരണം

Scroll to load tweet…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്യാമറയ്‌ക്ക് മുന്നിലിരുന്ന് സംസാരിക്കുന്നതായുള്ള വീഡിയോയാണ് എക്‌സില്‍ പ്രചരിക്കുന്നത്. 'Cristiano in solidarity with People in Gaza. ക്രിസ്റ്റ്യാനോ- പലസ്‌തീന് ഐക്യദാർഢ്യം' എന്ന കുറിപ്പോടെ പ്രവീണ്‍ എന്ന യൂസര്‍ 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്‌തിട്ടുള്ളതായി കാണാം. 2023 ഒക്ടോബര്‍ 18-ാം തിയതിയാണ് ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

മലയാളത്തിലുള്ള ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

ഇതേ വീഡിയോ ഇംഗ്ലീഷ് കുറിപ്പുകളോടെയും എക്‌സില്‍ പ്രചരിക്കുന്നുണ്ട്. 'റൊണാള്‍ഡോ പലസ്‌തീനൊപ്പം നില്‍ക്കുന്നു. ലോകമാകെ പലസ്‌തീനൊപ്പമാണ്. പലസ്‌തീനെ സ്വതന്ത്രമാക്കുക' എന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ നൂര്‍ എന്ന എക്‌സ് യൂസര്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. 2023 ഒക്ടോബര്‍ 15ന് ട്വീറ്റ് ചെയ്‌തിരിക്കുന്ന വീഡിയോയ്‌ക്ക് 20 സെക്കന്‍ഡാണ് ദൈര്‍ഘ്യം. ഈ വീഡിയോ ഇതിനകം പന്ത്രണ്ടായിരത്തിലേറെ പേര്‍ കണ്ടു. നിലവിലെ ഇസ്രയേല്‍-പലസ്‌തീന്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഹാഷ്‌ടാഗുകളും ഈ ട്വീറ്റിനൊപ്പമുണ്ട്. റൊണാള്‍ഡോ സ്റ്റാന്‍ഡ് വിത്ത് പലസ്‌തീന്‍ (റൊണാള്‍ഡോ പലസ്‌തീനൊപ്പം) എന്ന എഴുത്ത് വീഡിയോയില്‍ കാണാം.

ഇംഗ്ലീഷിലുള്ള ട്വീറ്റ്

Scroll to load tweet…

വസ്‌തുത

പ്രവീണ്‍, നൂര്‍ എന്നീ രണ്ട് എക്‌സ് യൂസര്‍മാരും ട്വീറ്റ് ചെയ്‌ത വീഡിയോകളുടെ ദൈര്‍ഘ്യം വ്യത്യസ്തമാണെങ്കിലും ദൃശ്യങ്ങള്‍ രണ്ടും ഒന്നാണ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ വസ്‌തുതാ പരിശോധനയില്‍ വീഡിയോയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സംസാരിക്കുന്നത് സിറിയയിലെ കുട്ടികളോടാണ് എന്ന് വ്യക്തമായി. മൂന്ന് കാരണങ്ങളിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്. അവ ചുവടെ. 

കാരണം- 1: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സംസാരിക്കുന്നതായി കാണുന്ന 20 സെക്കന്‍ഡ് വീഡിയോ കേട്ടപ്പോള്‍ അതിന്‍റെ തുടക്കത്തില്‍ ഇത് സിറിയയിലെ കുട്ടികള്‍ക്കുള്ള സന്ദേശമാണ് എന്ന് ക്രിസ്റ്റ്യാനോ പറയുന്നത് കേള്‍ക്കാം. ഈ ഭാഗം എഡിറ്റ് ചെയ്‌ത് നീക്കിയാണ് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രണ്ടാം വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

രണ്ട് ട്വീറ്റുകളുടെയും ദൈര്‍ഘ്യ വ്യത്യാസം ശ്രദ്ധിക്കുക

കാരണം- 2: ക്രിസ്റ്റ്യാനോയുടെതായി പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ 2016 ഡിസംബര്‍ 23ന് മിഡില്‍ ഈസ്റ്റ് ഐ എന്ന മാധ്യമം ഈ വീഡിയോ സഹിതം വാര്‍ത്ത നല്‍കിയത് കണ്ടെത്താനായി. ഈ വീഡിയോയുടെ തുടക്കത്തില്‍ ക്രിസ്റ്റ്യാനോ പറയുന്നുണ്ട് ഇത് സിറിയയിലെ കുട്ടികള്‍ക്കുള്ള തന്‍റെ സന്ദേശമാണ് എന്ന്. 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സിറിയയിലെ കുട്ടികള്‍ക്ക് പ്രതീക്ഷയുടെ സന്ദേശം കൈമാറി' എന്നാണ് ഈ വാര്‍ത്തയ്‌ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. 

മിഡില്‍ ഈസ്റ്റ് ഐ നല്‍കിയ വാര്‍ത്ത

കാരണം- 3: മാത്രമല്ല, മിഡില്‍ ഈസ്റ്റ് ഐ വാര്‍ത്ത നല്‍കിയ ഇതേ ദിവസം തന്നെ ക്രിസ്റ്റ്യാനോ തന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലൂടെയാണ് വീഡിയോ ആദ്യമായി പങ്കുവെച്ചത് എന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്‌ട് ചെക്കില്‍ വ്യക്തമായി. 20 സെക്കന്‍ഡാണ് ക്രിസ്റ്റ്യാനോ ഷെയര്‍ ചെയ്‌ത വീഡിയോയുടെ ദൈര്‍ഘ്യം. 

ക്രിസ്റ്റ്യാനോ 2016 ഡിസംബര്‍ 23ന് ചെയ്‌ത ട്വീറ്റ്

Scroll to load tweet…

നിഗമനം

മേല്‍പ്പറഞ്ഞ മൂന്ന് കാരണങ്ങള്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധമില്ലെന്നും ഗാസയിലെ കുട്ടികള്‍ക്കായല്ല ക്രിസ്റ്റ്യാനോ വീഡിയോ പുറത്തിറക്കിയത് എന്നും വ്യക്തമാക്കുന്നുണ്ട്. 2016ല്‍ സിറിയയിലെ കുട്ടികളെ ക്രിസ്റ്റ്യാനോ ആശ്വസിപ്പിക്കുന്ന വീഡിയോയാണ് തെറ്റായ തലക്കെട്ടുകളില്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. 

Read more: 'സഹോദരിമാര്‍ കൊല്ലപ്പെട്ട പിഞ്ചുബാലന്‍റെ കരച്ചില്‍'; വീഡിയോ ഗാസയില്‍ നിന്നല്ല- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം