ദീപിക പദുക്കോണിന്‍റെയും രൺവീർ സിംഗിന്‍റെയും മകളായ ദുവ പദുകോണ്‍ സിങിന്‍റെ ചിത്രങ്ങള്‍ എന്ന പേരിലാണ് ഫോട്ടോകള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത് 

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിനും രൺവീർ സിംഗിനും 2024 സെപ്തംബർ ഏഴിന് മകള്‍ പിറന്നിരുന്നു. ദുവ പദുകോണ്‍ സിങ് എന്നാണ് കുഞ്ഞിന്‍റെ പേര്. 'ദുവ' എന്നാല്‍ പ്രാര്‍ഥന എന്നാണര്‍ഥം. ദീപിക-രൺവീർ ദമ്പതികളുടെ മകളുടെ ഫോട്ടോകള്‍ എന്ന പേരിലൊരു ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. ഈ ചിത്രം ഏറെപ്പേര്‍ ഷെയര്‍ ചെയ്യുന്ന സാഹചര്യത്തില്‍ ഫോട്ടോകളുടെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

രൺവീർ കപൂര്‍ ഫാന്‍സ് ക്ലബ് എന്ന ഫേസ്‌ബുക്ക് പേജിലാണ് കുട്ടിയുടെ ഫോട്ടോകളുള്ളത്. ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ഒരു കുട്ടിയെ താലോലിക്കുന്ന രണ്ട് ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. ദുവയെ താലോലിക്കുന്ന ദീപികയും രണ്‍വീറും എന്ന കുറിപ്പോടെയാണ് ഫോട്ടോകള്‍ എഫ്‌ബി പേജില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഈ ചിത്രങ്ങളുടെ യാഥാര്‍ഥ്യം പരിശോധിക്കാം. 

വസ്‌തുതാ പരിശോധന

ഫോട്ടോകളുടെ യാഥാര്‍ഥ്യമറിയാന്‍ ചിത്രങ്ങള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ ഫോട്ടോകളിലൊന്ന് മുമ്പ് ‘deepikainfinity’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 2024 ഡിസംബര്‍ 12ന് പോസ്റ്റ് ചെയ്‌തിട്ടുള്ളതാണ് എന്ന് മനസിലായി. എന്നാല്‍ ഈ ചിത്രങ്ങള്‍ എഐ സൃഷ്ടികളാണ് എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരിക്കുന്നു. രണ്ടാമത്തെ ചിത്രം എഡിറ്റ് ചെയ്തതാണ് എന്ന് ‘directbollywoodinfo എന്ന ഇന്‍സ്റ്റ അക്കൗണ്ടിലും പറയുന്നു. 

മാത്രമല്ല, ഈ ഫോട്ടോകള്‍ എഐ നിര്‍മിതമാണോ എന്നുറപ്പിക്കാന്‍ പ്രത്യേക പരിശോധനയും നടത്തി. Hive Moderation ടൂള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും ഇവ എഐ നിര്‍മിതം തന്നെയെന്ന് ഉറപ്പായി. 

നിഗമനം

ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ദുവയുമായി നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ചിത്രങ്ങള്‍ വ്യാജമാണ്. എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ചിത്രങ്ങള്‍ വ്യാജമാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തയിലും പറയുന്നു. 

Read more: ഇനി മുതല്‍ പത്താം ക്ലാസുകാര്‍ക്ക് പൊതു പരീക്ഷയില്ലേ? വൈറലായ വാട്‌സ്ആപ്പ് ഫോര്‍വേഡിന്‍റെ സത്യമിതാ- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം