അനന്ത് അംബാനി- രാധിക മർച്ചന്‍റ് പ്രീ വെഡിങ് പരിപാടികളില്‍ ക്രിസ്റ്റ്യാനോ കാമുകിക്കൊപ്പം എത്തിയെന്നാണ് ഒരു വീഡിയോ പറയുന്നത്

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനിയുടെ പ്രീ വെഡിങ് ആഘോഷങ്ങള്‍ക്ക് പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയോ? ഗുജറാത്തിലെ ജാംനഗറില്‍ ലോകത്തെ ധനികരും സെലിബ്രിറ്റികളും ഒഴുകിയെത്തിയ അനന്ത് അംബാനി- രാധിക മർച്ചന്‍റ് പ്രീ വെഡിങ് പരിപാടികളില്‍ ക്രിസ്റ്റ്യാനോ കാമുകിക്കൊപ്പം എത്തിയെന്നാണ് ഒരു വീഡിയോ പറയുന്നത്. ഇത് ശരിയോ എന്ന് പരിശോധിക്കാം.

പ്രചാരണം 

'അങ്ങനെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാമുകിക്കൊപ്പം അനന്ദ് അംബാനിയുടെ വിവാഹത്തിനെത്തി' കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കില്‍ റീല്‍സായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഏറെപ്പേരാണ് ഈ വീഡിയോ കണ്ടത്. വീഡിയോയില്‍ റൊണാള്‍ഡോയ്‌ക്ക് ഒപ്പം അറേബ്യന്‍ വേഷം ധരിച്ചയാളുകളെയും കാണാം. അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാര്‍ട്ടിയുടെ പുറത്തുവന്ന വീഡിയോകളിലും ഫോട്ടോകളിലുമുള്ള പശ്ചാത്തലമല്ല ക്രിസ്റ്റ്യാനോയുടെ ദൃശ്യങ്ങളില്‍ കാണുന്നത് എന്നതാണ് സംശയങ്ങള്‍ ജനിപ്പിക്കുന്നത്. ക്രിസ്റ്റ്യാനോ പരിപാടിയില്‍ പങ്കെടുത്തതായി മാധ്യമവാര്‍ത്തകളൊന്നും കണ്ടെത്താനുമായില്ല. 

വസ്തുത

ഈ വീഡിയോ 2023 ഒക്ടോബര്‍ 29ന് ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്‌ലോഡ് ചെയ്‌തിട്ടുള്ളതാണ്. അനന്ത് അംബാനി പ്രീ വെഡിങ് പരിപാടി നടന്നത് 2024ലാണ് എന്നതിനാല്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണ് എന്ന് ഉറപ്പിക്കാനായി. ഇതേ വീഡിയോ ടീം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്വിറ്ററില്‍ 2023 ഒക്‌ടോബര്‍ 29ന് അപ്‌ലോഡ് ചെയ്‌തതുമാണ്. ടൈസന്‍ ഫ്യൂരി- ഫ്രാന്‍സിസ് എന്‍ഗാനൂ ഹെവി‌വെയ്‌റ്റ് ബോക്‌സിംഗ് കാണാനാണ് റോണോയും കാമുകിയും എത്തിയത് എന്നാണ് വീഡിയോയുടെ തലക്കെട്ടില്‍ പറയുന്നത്.

View post on Instagram

അതേസമയം അനന്ത് അംബാനി- രാധിക മർച്ചന്‍റ് പ്രീ വെഡിങ് പാർട്ടിയിൽ ലോകത്തെ ഏറ്റവും വലിയ വെഡിങ് കേക്ക് അവതരിപ്പിച്ചു എന്ന തരത്തിലൊരു വീഡിയോയും വൈറലായിരുന്നു. ഇതിന്‍റെ വസ്‌തുത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 

Read more: അനന്ത് അംബാനി- രാധിക മർച്ചന്‍റ് പ്രീ വെഡിങ് പാർട്ടിയിൽ ലോകത്തെ ഏറ്റവും വലിയ വെഡിങ് കേക്കോ? സത്യമെന്ത്