കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കെത്തിയ വിമാനം റോഡില്‍ തകര്‍ന്നുവീണ് കത്തി ചാമ്പലായോ? വൈറല്‍ വീഡിയോ സത്യമോ? 

ലോസ് ആഞ്ചെലെസ്: അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ് ലോസ് ആഞ്ചെലെസില്‍ 2025 ജനുവരി ആദ്യം പടര്‍ന്നുപിടിച്ച കാട്ടുതീ. ലോസ് ആഞ്ചെലെസ് കാട്ടുതീ ഇതുവരെ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. തീയണയ്ക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്. ലോസ് ആഞ്ചെലെസിലെ തീയണയ്ക്കല്‍ ശ്രമങ്ങള്‍ക്കിടെ ഒരു വിമാനം തകര്‍ന്നുവീണോ? പ്രചാരണവും വസ്‌തുതയും അറിയാം.

പ്രചാരണം

'അമേരിക്ക, കാലിഫോര്‍ണിയ, ലോസ് ആഞ്ചെലെസ്, തീ, വിമാനാപകടം' എന്ന തലക്കെട്ടിലാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. നിയന്ത്രണം വിട്ടൊരു ചെറുവിമാനം തീപ്പിടിച്ച് നടുറോഡില്‍ തകര്‍ന്നുവീഴുന്നതാണ് ദൃശ്യത്തില്‍. ഒരു കാറിന്‍റെ ഉള്ളില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വിമാനം റോഡില്‍ കത്തിയമരുന്നതും തീയും പുകയും ഉയരുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.

വസ്‌തുതാ പരിശോധന

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചെലെസില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഏതെങ്കിലും വിമാനം തകര്‍ന്നുവീണോ എന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. എന്നാല്‍ സമീപ ദിവസങ്ങളിലൊന്നും അവിടെ വിമാന ദുരന്തമുണ്ടായതായി വാര്‍ത്തകളൊന്നും പരിശോധനയില്‍ ലഭ്യമായില്ല. ഇതോടെ വീഡിയോയുടെ കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. 

റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ഒരു വര്‍ഷം പഴക്കമുള്ള (2024 ജനുവരി 16) ഒരു വാര്‍ത്ത ലഭ്യമായി. ചിലിയില്‍ നടന്ന ഒരു വിമാന ദുരന്തത്തിന്‍റെ വാര്‍ത്തയാണിത്. ഇപ്പോള്‍ ലോസ് ആഞ്ചലെസിലുണ്ടായ അപകടം എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ടാണ് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2024 ജനുവരിയിലുണ്ടായ ഈ അപകടത്തെ കുറിച്ച് മറ്റ് രാജ്യാന്തര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിഗമനം

അമേരിക്കയിലെ ലോസ് ആഞ്ചെലെസില്‍ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ വിമാനം തകര്‍ന്നുവീണു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ 2024ലേതും ചിലിയില്‍ നിന്നുള്ളതുമാണ്. കാലിഫോര്‍ണിയയില്‍ 2025 ജനുവരിയുടെ തുടക്കത്തില്‍ പടര്‍ന്ന കാട്ടുതീയുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. 

Read more: ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ദാസുന്‍ ശനക സുഖമായിരിക്കുന്നു; മരിച്ചതായുള്ള പ്രചാരണം വ്യാജം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം