രാജ്യത്തെ എല്ലാ വിദ്യര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു എന്നായിരുന്നു വീഡിയോയുടെ അവകാശവാദം
ദില്ലി: രാജ്യത്ത് എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പുകള്‍ നല്‍കുന്നുണ്ടോ കേന്ദ്ര സര്‍ക്കാര്‍? യൂട്യൂബില്‍ "MyHelpShivam" എന്ന ചാനലിലാണ് ഇത് സംബന്ധിച്ച് വീഡിയോ പ്രചാരണമുള്ളത്. 'വണ്‍ സ്റ്റുഡന്‍റ് വണ്‍ ലാപ്‌ടോപ്' പദ്ധതിക്ക് കീഴില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും നരേന്ദ്ര മോദി സര്‍ക്കാര്‍ ലാപ്‌ടോപ് സൗജന്യമായി വിതരണം ചെയ്യുന്നതായി യൂട്യൂബ് വീഡിയോയുടെ തംബ്‌നൈലില്‍ പറയുന്നു. എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം എന്ന് നോക്കാം.
വസ്‌തുത
രാജ്യത്തെ എല്ലാ വിദ്യര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അതൊരു വലിയ വാര്‍ത്തയാവേണ്ടതായിരുന്നു. എന്നാല്‍ അത്തരത്തിലൊരു പ്രഖ്യാപന വാര്‍ത്തയും ദേശീയ മാധ്യമങ്ങളിലൊന്നിലും കാണാനില്ല. മാത്രമല്ല, വിദ്യാര്‍ഥികള്‍ക്ക് ഫ്രീ ലാപ്‌ടോപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതായുള്ള വീഡിയോ പ്രചാരണത്തെ കുറിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം എക്‌സില്‍ വിശദീകരണം പോസ്റ്റ് ചെയ്‌തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കെല്ലാം സൗജന്യ ലാപ്‌ടോപ് നല്‍കുന്നത് പോലെയുള്ള അവകാശവാദങ്ങളെ കുറിച്ച് ജാഗ്രത പാലിക്കുക, 'വണ്‍ സ്റ്റുഡന്‍റ് വണ്‍ ലാപ്‌ടോപ്' എന്നൊരു പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ല എന്നും പിഐബി ഫാക്ട് ചെക്കിന്‍റെ ട്വീറ്റില്‍ പറയുന്നു.
'വണ്‍ സ്റ്റുഡന്‍റ് വണ്‍ ലാപ്‌ടോപ്' എന്ന പദ്ധതി പ്രകാരം രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്നതായുള്ള വീഡിയോ പ്രചാരണം വ്യാജമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

