കാണുമ്പോള്‍ തന്നെ അവിശ്വസനീയമായി തോന്നുന്ന കമന്‍റാണ് ഉണ്ണി മുകുന്ദന്‍റെ പേരില്‍ പ്രചരിക്കുന്നത്

തിരുവനന്തപുരം: വീടുകളിൽ ഉച്ചക്ക് ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തിൽ ജയ്ശ്രീറാം വിളിക്കാത്തവരും എന്‍റെ സിനിമ കാണാൻ വരണ്ടാ എന്ന് മലയാള നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞോ? ഉണ്ണി മുകുന്ദന്‍ പറഞ്ഞതായി ഒരു പ്രസ്താവന സാമൂഹ്യമാധ്യമമായ ഫേസ്ബുക്കില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പറന്നുനടക്കുകയാണ്. കാണുമ്പോള്‍ തന്നെ അവിശ്വസനീയമായി തോന്നുന്ന കമന്‍റാണ് ഉണ്ണി മുകുന്ദന്‍റെ പേരില്‍ പ്രചരിക്കുന്നത് എന്നതിനാല്‍ ഈ പ്രസ്താവന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കി. 

പ്രചാരണം

അലി മേകലാടി എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് 2024 ജനുവരി 19ന് പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ... 

വീടുകളിൽ ഉച്ചക്ക് ശ്രീരാമ ജ്യോതി തെളിയിക്കാത്തവർ...
ഉച്ചത്തിൽ ജയശ്രീ റാം വിളിക്കാത്തവർ എന്റെ സിനിമ കാണാൻ വരണ്ടാ..
ഉണ്ണി ജി...
ഈ ചങ്കുറ്റത്തിന് എത്ര ലൈക്ക്...

😂😂😂😂😂😂

സമാനമായി വെട്ടൂർ സിപിഐഎം എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഉണ്ണി മുകുന്ദനെ കുറിച്ച് പോസ്റ്റുണ്ട്. ഇരു ഫേസ്ബുക്ക് പോസ്റ്റുകളുടെയും സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു.

വസ്‌തുതാ പരിശോധന

നടന്‍ ഉണ്ണി മുകുന്ദന്‍ ഇങ്ങനെ പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നറിയാന്‍ താരവുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചു. താരത്തിന്‍റെ പിആര്‍ഒ ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിച്ചു. ഉണ്ണി മുകുന്ദന്‍റെ പേരില്‍ നടക്കുന്നത് വ്യാജ പ്രചാരണമാണ് എന്ന് പിആര്‍ഒ സ്ഥിരീകരിച്ചു. 'ഉണ്ണി മുകുന്ദന്‍ ഇങ്ങനെ പറഞ്ഞിട്ടില്ല. ഉണ്ണി മുകുന്ദനെ ടാര്‍ഗറ്റ് ചെയ്താണ് ഈ പ്രചാരണമെല്ലാം. ഒരാളെ ഇങ്ങനെയിട്ട് ക്രൂശിക്കുന്നത് കഷ്ടമാണ്. ഉണ്ണി മുകുന്ദനെ അന്യായമായി വേട്ടയാടുകയാണ് ചിലര്‍. ക്രിമിനല്‍ കുറ്റമാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ഇതിലൂടെ ചെയ്യുന്നത്' എന്നും നടന്‍റെ പിആര്‍ഒ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

നിഗമനം

'വീടുകളിൽ ഉച്ചക്ക് ശ്രീരാമ ജ്യോതി തെളിയിക്കാത്തവർ... ഉച്ചത്തിൽ ജയ്ശ്രീറാം വിളിക്കാത്തവർ എന്റെ സിനിമ കാണാൻ വരണ്ടാ' എന്ന് ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍ പറഞ്ഞതായുള്ള പ്രസ്താവന ആരോ കെട്ടിച്ചമച്ചതാണ്. ഉണ്ണി മുകുന്ദന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. 

Read more: ഷാരൂഖ് ഖാന്‍ അയോധ്യ രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയോ? വൈറല്‍ വീഡിയോയുടെ വസ്തുത