റൂര്‍ക്കി ഐഐടി വിദ്യാര്‍ഥികളുടെ കുളിമുറികളില്‍ സ്വയംഭോഗം നിരോധിച്ചു എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്

റൂര്‍ക്കി: വ്യാജ പ്രചാരണങ്ങള്‍ക്ക് യാതൊരു അറുതിയുമില്ലാത്ത നാടാണ് ഇന്ത്യ. രാജ്യത്തെ സാമൂഹ്യമാധ്യമങ്ങളെല്ലാം തന്നെ തെറ്റായ പ്രചാരണങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും കുപ്രസിദ്ധമാണ്. ഇവയിലെ ഒടുവിലെ ഉദാഹരണങ്ങളിലൊന്നാണ് റൂര്‍ക്കി ഐഐടിയെ സംബന്ധിച്ച് പ്രചരിക്കുന്നത്. റൂര്‍ക്കി ഐഐടി വിദ്യാര്‍ഥികളുടെ കുളിമുറികളില്‍ സ്വയംഭോഗം നിരോധിച്ചു എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഒരു സര്‍ക്കുലറാണ് ഇതിനുള്ള തെളിവായി പറയുന്നത്. 

പ്രചാരണം

'കുളിമുറിയില്‍ സ്വയംഭോഗം പാടില്ല' എന്ന അറിയിപ്പോടെയുള്ള ഒരു നോട്ടീസാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) വൈറലായിരിക്കുന്നത്. കുളിമുറിയില്‍ സ്വയംഭോഗം ചെയ്യുന്നത് ഐഐടിയിലെ വിദ്യാര്‍ഥികള്‍ക്കുള്ള അച്ചടക്ക നിയമങ്ങള്‍ക്ക് എതിരാണ് എന്ന് നോട്ടീസില്‍ പറയുന്നു. റൂര്‍ക്കി ഐഐടിയിലെ രാജേന്ദ്ര ഭവന്‍ ഹോസ്റ്റലിന്‍റെ പേരിലാണ് നോട്ടീസുള്ളത്. പുതിയ ഉത്തരവിന്‍മേല്‍ എന്തെങ്കിലും പരാതിയുള്ളവര്‍ ഹോസ്റ്റല്‍ വാര്‍ഡനെ അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു. 

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

എന്നാല്‍ വിചിത്രമായ ഇത്തരമൊരു നോട്ടീസ് റൂര്‍ക്കി ഐഐടി അധികൃതര്‍ പുറത്തിറക്കിയതല്ല എന്നതാണ് യാഥാര്‍ഥ്യം. പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണ് എന്ന് ഐഐടി അധികൃതര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇത്തരത്തിലൊരു കത്തും ഒരു ഹോസ്റ്റലിലേയും വാര്‍ഡന്‍ പുറത്തിറക്കിയിട്ടില്ല എന്നും ഐഐടി വിശദീകരിക്കുന്നു. ഏറെ അക്ഷരത്തെറ്റുകളോടെയാണ് കത്ത് ഇറങ്ങിയിരിക്കുന്നത് എന്നതും ഇത് വ്യാജമാണ് എന്നതിന് തെളിവാണ്. ഇന്ത്യന്‍ ഇന്‍സ്റ്ററ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂര്‍ക്കി എന്നതിന് പകരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂര്‍ക്കി എന്ന് തെറ്റായാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അക്കാര്യം താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. 

പ്രചരിക്കുന്ന നോട്ടീസ് വ്യാജമാണ് എന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മാത്രമല്ല, ഇപ്പോള്‍ വൈറലായിരിക്കുന്ന കത്ത് നാല് വര്‍ഷം മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതാണ്. അന്നും ഇത് വ്യാജമാണ് എന്ന് തെളിഞ്ഞിരുന്നു. 2019ല്‍ ഇതേ നോട്ടീസ് വൈറലായിരുന്നു എന്ന് തെളിയിക്കുന്ന സ്ക്രീന്‍ഷോട്ട് കാണാം. ഐഐടി റൂര്‍ക്കിയെ സംബന്ധിച്ചുള്ള പ്രചാരണം വ്യാജമാണ് എന്ന് ഇത്രയും വസ്‌തുതകള്‍ കൊണ്ടുതന്നെ വ്യക്തമാണ്. 

2019ലെ സ്ക്രീന്‍ഷോട്ട്

Read more: 'ലോകത്തെ മികച്ച പ്രധാനമന്ത്രി, നരേന്ദ്ര മോദിക്ക് യുനസ്‌കോ പുരസ്‌കാരം'; പോസ്റ്റ് സത്യമോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം