ഇന്ത്യാ പോസ്റ്റില്‍ നിന്ന് ദീപാവലി സമ്മാനമായി 30,000 രൂപ വരെ ലഭിക്കും എന്നാണ് വൈറല്‍ വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത്. ഇതിന് ചെയ്യേണ്ടത് നാലേ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രം. ഈ മെസേജിന്‍റെ വസ്‌തുത എന്താണെന്ന് ഫാക്‌ട് ചെക്കിലൂടെ അറിയാം.

തിരുവനന്തപുരം: ഇന്ത്യന്‍തപാല്‍ വകുപ്പ് എല്ലാ പൗരന്‍മാര്‍ക്കും ദീപാവലി സബ്‌സിഡി നല്‍കുന്നോ? ഇന്ത്യാ പോസ്റ്റ് ദീപാവലി സബ്‌സിഡികള്‍ നല്‍കുന്നതായി ഒരു സന്ദേശം വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെടുകയാണ്. തപാല്‍ വകുപ്പ് നല്‍കുന്ന ഒരു ചോദ്യാവലിക്ക് ഉത്തരം നല്‍കിയാല്‍ 30,000 രൂപ വരെ സമ്മാനമായി ലഭിക്കുമെന്ന് ഒരു ലിങ്ക് സഹിതം മലയാളത്തില്‍ പ്രചരിക്കുന്ന മെസേജില്‍ പറയുന്നു.

പ്രചാരണം

'ഇന്ത്യാ പോസ്റ്റ് ദീപാവലി സബ്‌സിഡികള്‍, ഓരോ പൗരനും ആസ്വദിക്കാം ദീപാവലി'- എന്ന എഴുത്തോടെയാണ് ലിങ്ക് വാട്‌സ്ആപ്പിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. ഈ മെസേജിനൊപ്പം പോസ്റ്റല്‍ വകുപ്പിന്‍റെ ലോഗോയും കാണാം.

ചിത്രം: വാട്‌സ്ആപ്പ് ഫോര്‍വേഡിന്‍റെ സ്‌ക്രീന്‍ഷോട്ട്

ഇന്ത്യാ പോസ്റ്റിന്‍റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ലിങ്കില്‍ പ്രവേശിക്കുമ്പോള്‍ കാണാനാകുന്നത് ഇങ്ങനെയാണ്. 'അഭിനന്ദനങ്ങൾ! India Post ദീപാവലി സബ്‌സിഡികൾ. ചോദ്യാവലി വഴി, നിങ്ങൾക്ക് ₹30,000.00 ലഭിക്കാൻ അവസരം ലഭിക്കും'. നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ പണം നേടാമെന്നാണ് പറയുന്നത്. വിശ്വസനീയത തോന്നിക്കാന്‍, സമ്മാനം ലഭിച്ചവരുടെ പ്രതികരണം എന്ന പേരില്‍ നിരവധി കമന്‍റുകളും ഈ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുള്ളതായി കാണാം. എന്നാല്‍ കമന്‍റുകള്‍ മലയാളത്തിലാണെങ്കിലും കമന്‍റിട്ടവരുടേതായി കാണുന്ന പല പേരുകളും മലയാളികളുടേതല്ല.

ചിത്രം: ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രവേശിക്കുന്ന വെബ്‌സൈറ്റിന്‍റെ സ്‌ക്രീന്‍ഷോട്ട്

വസ്‌തുതാ പരിശോധന

തപാല്‍ വകുപ്പ് ഇത്തരത്തിലുള്ള എന്തെങ്കിലും സബ്‌സിഡിയോ സമ്മാനത്തുകയോ ദീപാവലിക്ക് നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്‌തത്. ഇന്ത്യാ പോസ്റ്റിന്‍റെ വെബ്‌സൈറ്റും ഔദ്യോഗിക എക്‌സ് ഹാന്‍ഡിലും പരിശോധിച്ചെങ്കിലും ദീപാവലി സബ്‌സിഡിയെ കുറിച്ചുള്ള വിവരങ്ങളൊന്നും കണ്ടെത്താനായില്ല. കീവേഡ് സെര്‍ച്ചില്‍, തപാല്‍ വകുപ്പിന്‍റെ ദീപാവലി ഓഫറിനെ കുറിച്ച് ആധികാരികമായ വാര്‍ത്തകളും ലഭിച്ചതുമില്ല.

ചിത്രം: യുആര്‍എല്‍ പരിശോധനാ ഫലം

ഇതോടെ, വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശത്തിനൊപ്പമുള്ള ലിങ്ക് പരിശോധനയ്‌ക്ക് വിധേയമാക്കി. ഈ പരിശോധനയില്‍ ഈ ലിങ്കിന് ഇന്ത്യാ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും പ്രചരിക്കുന്നത് ഒരു വ്യാജ ലിങ്കാണെന്നും മനസിലാക്കാനായി. https://njgu.top/ എന്നാരംഭിക്കുന്ന ഈ യുആര്‍എല്‍, സര്‍ക്കാര്‍ വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ടുള്ളതല്ല എന്ന ഒറ്റ നോട്ടത്തില്‍ വ്യക്തം. ഈ യുആര്‍എല്‍ സംശയാസ്‌പദമാണ് എന്ന് യുആര്‍എല്‍ ചെക്കില്‍ വ്യക്തമാവുകയും ചെയ്‌തു. https://www.indiapost.gov.in/ എന്നതാണ് തപാല്‍ വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിന്‍റെ വിലാസം.

ചിത്രം: ഇന്ത്യാ പോസ്റ്റിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്, യുആര്‍എല്‍ വിലാസം ശ്രദ്ധിക്കുക…

മാത്രമല്ല, തപാല്‍ വകുപ്പിന്‍റെ പേരില്‍ ഈ ദീപാവലിക്ക് മാത്രമല്ല, മുമ്പും ഇത്തരത്തില്‍ സബ്‌സിഡികള്‍ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു എന്നും പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇതുസംബന്ധിച്ച് തപാല്‍ വകുപ്പ് പൊതുജനങ്ങള്‍ക്ക് മുമ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. 2022-ല്‍ പോസ്റ്റല്‍ വകുപ്പും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നല്‍കിയ മുന്നറിയിപ്പ് സന്ദേശങ്ങള്‍ ചുവടെ കാണാം. ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന വാട്‌സ്ആപ്പ് സന്ദേശം വ്യാജമാണെന്ന് തെളിയിക്കുന്നതാണ്. 

Scroll to load tweet…

Scroll to load tweet…

നിഗമനം

തപാല്‍ വകുപ്പ് എല്ലാ പൗരന്‍മാര്‍ക്കും ദീപാവലി സബ്‌സിഡി നല്‍കുന്നതായും, ഇതിലൂടെ 30,000 രൂപ വരെ നേടാമെന്നുള്ള വാട്‌സ്ആപ്പ് സന്ദേശം വ്യാജമാണ്. പ്രചരിക്കുന്ന ലിങ്കിന് തപാല്‍ വകുപ്പുമായി യാതൊരു ബന്ധവുമില്ല.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്