സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടം ഡിസംബർ 8-നും, രണ്ടാംഘട്ടം ഡിസംബർ 10-നും, മൂന്നാംഘട്ടം ഡിസംബർ 14-നും നടക്കുമെന്ന് സോഷ്യല്‍ മീഡിയ പ്രചാരണമുണ്ട്. വസ്‌തുത ഫാക്‌ട് ചെക്കിലൂടെ അറിയാം.
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ പ്രചാരണം. തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായാണ് നടക്കുകയെന്ന് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന സന്ദേശങ്ങളിലും പോസ്റ്റുകളിലും പറയുന്നു. ഒന്നാംഘട്ടം ഡിസംബർ 8-നും, രണ്ടാംഘട്ടം ഡിസംബർ 10-നും, മൂന്നാംഘട്ടം ഡിസംബർ 14-നും നടക്കുമെന്നും സോഷ്യല്‍ മീഡിയ പ്രചാരണമുണ്ട്. എന്നാല്‍ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതായുള്ള പ്രചാരണമെല്ലാം വ്യാജമാണ്.
പ്രചാരണം
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
'തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി
ഒന്നാം ഘട്ടം ഡിസംബർ 8
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
രണ്ടാംഘട്ടം ഡിസംബർ 10
കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്
മൂന്നാംഘട്ടം ഡിസംബർ 14
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്'

വസ്‌തുത
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കും വരെ പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു എന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങളെല്ലാം വ്യാജമാണ്.



