ദില്ലി: ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമമായ ട്വിറ്റര്‍ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ 'രേഖ ശര്‍മ്മയെ വിവാദത്തിലാക്കിയിരിക്കുന്ന കുറേയേറെ സ്‌ക്രീന്‍ഷോട്ടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 'രേഖ ശര്‍മ്മയുടെ യഥാര്‍ഥ മുഖം തിരിച്ചറിയുക, പഴയ സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങളും വര്‍ഗീയ വിദ്വേഷങ്ങളും കാണുക, രേഖ ശര്‍മ്മ ഉടന്‍ രാജിവക്കണം' എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളോടെയാണ് കുറേയേറെ പഴയ ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങി നിരവധി പ്രമുഖരെ അധിക്ഷേപിക്കുന്നതും സ്‌ത്രീവിരുദ്ധവും വര്‍ഗീയവുമായ ട്വീറ്റുകളാണ് ഈ സ്‌ക്രീന്‍ഷോട്ടുകളുടെ ഉള്ളടക്കം. രേഖ ശര്‍മ്മയുടെ കസേരയെ പിടിച്ചുലയ്‌ക്കുന്ന ഈ സ്‌ക്രീന്‍ഷോട്ടുകള്‍ സത്യമോ? 

 

വൈറല്‍ സ്‌ക്രീന്‍ഷോട്ടുകളില്‍ ഇതൊക്കെ

ദേശീയ വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍റെ പഴയ സ്‌ത്രീവിരുദ്ധ- വര്‍ഗീയ ട്വീറ്റുകള്‍ എന്ന പേരിലാണ് സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 2012 മുതല്‍ 2014 വരെയുള്ള ട്വീറ്റുകളാണ് ഇവയെന്നാണ് സ്‌ക്രീന്‍ഷോട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. സ്‌ത്രീകളെയും പ്രധാനമന്ത്രിയെയും തുടര്‍ച്ചയായി അപമാനിച്ചിട്ടുള്ള ഒരാള്‍ക്ക് വനിത കമ്മീഷന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ലെന്നാണ് വിമര്‍ശന ട്വീറ്റുകളില്‍ ആളുകളുടെ അഭിപ്രായം. രാജ്യത്തെ സ്‌ത്രീസുരക്ഷ ഉറപ്പുവരുത്താനുള്ള സുപ്രധാന പദവിയില്‍ നിന്ന് രേഖ ശര്‍മ്മയുടെ രാജിയും ആവശ്യപ്പെടുന്നു ആളുകള്‍. വൈറലായ ട്വീറ്റുകളില്‍ ചിലതിന്‍റെ പരിഭാഷ ചുവടെ...

ചിത്രം 1. 'മാനസിക നില പരിഗണിച്ച് സോണിയ ഗാന്ധിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണം'.

ചിത്രം 2. 'മോദി ഇന്ത്യയുടെ അഭിമാനവും രാഹുല്‍ ഗാന്ധിയെ പപ്പുവുമാണ്'.

ചിത്രം 3. 'മാനസിക വെല്ലുവിളി നേരിടുന്ന സ്‌ത്രീകളെ ചുറ്റിപ്പറ്റിയുള്ള ബധിരനും മൂകനുമായ വ്യക്തിയാണ് നരേന്ദ്ര മോദി'. 

ചിത്രം 4. 'സീസിന്ദഗി ചാനല്‍ മുസ്ലീം ചാനലായി മാറ്റരുത്. മുസ്ലീം വിവാഹപരസ്യങ്ങള്‍ മാത്രമാണ് ചാനലില്‍ കാണിക്കുന്നത്. ഹിന്ദുക്കള്‍ ചാനല്‍ കാണുന്നത് അവസാനിപ്പിച്ചാല്‍ എന്താകും അവസ്ഥ എന്ന് ചിന്തിക്കുക'. 

ചിത്രം 5. 'ലൈംഗിക ദാരിദ്ര്യം നേരിടുന്നവരാണോ പൂജാരിമാര്‍ ? അത്രയ്ക്ക് ധാർമ്മികത ഇല്ലാതെ അവർ അമ്പലങ്ങളിലെത്തുന്ന സ്‌ത്രീകളെ ബലാല്‍സംഗം ചെയ്യുമോ ?. 

 

വസ്‌തുത

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്വീറ്റുകള്‍ രേഖ ശര്‍മ്മയുടേത് തന്നെയാണ് എന്നാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്‌ട് ചെക്കില്‍ വ്യക്തമായിരിക്കുന്നത്. വിവാദത്തിന് തൊട്ടുപിന്നാലെ രേഖ ശര്‍മ്മ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയെങ്കിലും ആര്‍ക്കൈവ് ലിങ്കുകളില്‍ നിന്നാണ് ഇത് വ്യക്തമായത്. പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളെല്ലാം രേഖ ശര്‍മ്മയുടെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്നുള്ളവ തന്നെയെന്ന് നീല 'ടിക് മാര്‍ക്ക്' തെളിയിക്കുന്നു.

ഹാക്ക് ചെയ്യപ്പെട്ടു എന്ന വാദം നിലനില്‍ക്കുമോ?

തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്ന രേഖ ശര്‍മ്മയുടെ വാദം. ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌താലും പഴയ തീയതി വരത്തക്ക രീതിയില്‍ ട്വീറ്റ് ചെയ്യുക സാധ്യമല്ല. ഇതിനാല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്ന വാദം നിലനില്‍ക്കുന്നതല്ല. 

ചിത്രം 2

ചിത്രം 3

ചിത്രം 4

ചിത്രം 5

 

നിഗമനം

രേഖ ശര്‍മ്മയുടേതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്വീറ്റുകളെല്ലാം തന്നെ യാഥാര്‍ഥ്യമാണ്. ഇവയുടെയെല്ലാം ആര്‍ക്കൈവ് ലിങ്കുകള്‍ ലഭ്യമാണ്. ആര്‍ക്കൈവ് ലിങ്കുകളില്‍ ഒന്നിന്‍റെ സ്‌ക്രീന്‍ഷോട്ട് ചുവടെ. സോണിയ ഗാന്ധിയെ അപമാനിക്കുന്ന ട്വീറ്റ് ഒറിജിനല്‍ തന്നെയെന്ന് വ്യക്തം.

 

പഴയ ട്വീറ്റുകള്‍ ഇപ്പോള്‍ വൈറലായത് എങ്ങനെ?

മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കൊശ്യാ‌രിയുമായി രേഖ ശര്‍മ്മ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് പഴയ ട്വീറ്റുകള്‍ പ്രചരിച്ചത്. സംസ്ഥാനത്തെ സ്‌ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് ഗവര്‍ണറുമായി രേഖ ശര്‍മ്മ കൂടിക്കാഴ്‌ച നടത്തിയ വിവരം ദേശീയ വനിത കമ്മീഷനാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. കൊവിഡ് ചികില്‍സാ കേന്ദ്രങ്ങളില്‍ രോഗികളായ സ്‌ത്രീകള്‍ക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമവും ബലാത്സംഗ സംഭവങ്ങളും, സംസ്ഥാനത്ത് ലൗ ജിഹാദ് കേസുകള്‍ വര്‍ധിക്കുന്നതും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായി എന്നും ദേശീയ വനിത കമ്മീഷന്‍റെ ട്വീറ്റിലുണ്ടായിരുന്നു.

ലൗ ജിഹാദ് വിഷയത്തില്‍ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ മഹാരാഷ്‌ട്ര ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തിയതില്‍ വലിയ വിമര്‍ശനം പിന്നാലെ ഉയര്‍ന്നു. ഇതോടൊപ്പമാണ് അവരുടെ പഴയ സ്‌ത്രീവിരുദ്ധവും വര്‍ഗീയവുമായ ട്വീറ്റുകള്‍ ആളുകള്‍ കുത്തിപ്പൊക്കിയത്. പിന്നാലെ നിരവധി വിവാദ ട്വീറ്റുകള്‍ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്‌തു എന്നും കണ്ടെത്തിയിട്ടുണ്ട്. ട്വീറ്റുകളില്‍ വിവാദം പുകയുമ്പോള്‍ രേഖ ശര്‍മ്മയെ വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്ന് ഉടനടി നീക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്‌മി പാര്‍ട്ടി അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.