ലോക്‌സഭ ഇലക്ഷന്‍ പടിവാതില്‍ക്കല്‍ നില്‍ക്കേ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചതായി പ്രചാരണം 

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ തിയതി പ്രഖ്യാപനം അടുത്തിരിക്കേ ഒരു ഗസറ്റ് നോട്ടിഫിക്കേഷന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒഴിവിലേക്ക് രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിച്ചു എന്ന തരത്തിലാണ് വിജ്ഞാപനം വൈറലായിരിക്കുന്നത്. എന്നാല്‍ ഈ വിജ്ഞാപനം വ്യാജമാണ് എന്നതാണ് വസ്തുത.

പ്രചാരണം

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച വിജ്ഞാപനം എന്ന തലക്കെട്ടിലാണ് ഒരു നോട്ടിഫിക്കേഷന്‍ പ്രചരിക്കുന്നത്. രാജേഷ് കുമാര്‍ ഗുപ്‌ത, പ്രിയാന്‍ഷ് ശര്‍മ്മ എന്നിവരാണ് പുതിയ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ എന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഇരുവരും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍മാരാണ് എന്നും 2024 മാര്‍ച്ച് 13ന് ഇവര്‍ ഓഫീസില്‍ ചുമതലയേല്‍ക്കുമെന്നും രാഷ്ട്രപതി ഇരുവരുടെയും നിയമനം അംഗീകരിച്ചതായും വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നതായി കാണാം. നിരവധിയാളുകളാണ് എക്‌സില്‍ (പഴയ ട്വിറ്റര്‍) വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് പങ്കുവെച്ചത്. 

ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍

വസ്‌തുത

എന്നാല്‍ രണ്ട് ഒഴിവുകളിലേക്ക് ഇലക്ഷന്‍ കമ്മീഷണര്‍മാരെ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കും വരെ നിയമിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. വസ്‌തുത വിശദമാക്കി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിച്ചു എന്ന തരത്തിലുള്ള ഗസറ്റ് വിജ്ഞാപനം വ്യാജമാണ് എന്ന് പിഐബി പൊതുജനങ്ങള്‍ക്കായി ട്വീറ്റ് ചെയ്‌തു. 

Scroll to load tweet…

പശ്ചാത്തലം

മൂന്നംഗ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലവില്‍ രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ ഒഴിവ് നികത്താനുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 9-ാം തിയതി രാജിവച്ചിരുന്നു. 2027 വരെ അരുണ്‍ ഗോയലിന് കാലാവധിയുണ്ടായിരുന്നു. മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണ‍റായിരുന്ന അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചതിന് ശേഷം പകരക്കാരനായിട്ടുമില്ല. ഇതോടെ നിലവില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ശേഷിക്കുന്ന അംഗം. 

Read more: കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് 50000 കോടിയുടെ ആസ്‌തിയോ? വസ്‌തുത പുറത്തുവിട്ട് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം