Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശ് കലാപം: ക്രിക്കറ്റര്‍ ലിറ്റണ്‍ ദാസിന്‍റെ വീട് തീവെച്ച് നശിപ്പിച്ചോ? വീഡിയോയുടെ വസ്‌തുത പുറത്ത്

ബംഗ്ലാദേശ് ക്രിക്കറ്റര്‍ ലിറ്റണ്‍ ദാസിന്‍റെ വീട് തീവെച്ച് നശിപ്പിച്ചു എന്ന എക്‌സിലെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്

Fact Check reality of viral video Bangladeshi cricketer Liton Das house was set on fire
Author
First Published Aug 6, 2024, 10:32 AM IST | Last Updated Aug 6, 2024, 11:09 AM IST

ധാക്ക: ബം​ഗ്ലാദേശിലെ കലാപവും രാഷ്ട്രീയ അസ്ഥിരതയും ലോകം ഉറ്റുനോക്കുകയാണ്. അയല്‍രാജ്യമായ ഇന്ത്യയും ബംഗ്ലാദേശിലെ പ്രശ്‌നങ്ങളെ വളരെ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. ബംഗ്ലാദേശിലെ കലാപത്തില്‍ നിരവധിയിടങ്ങളില്‍ തീവെപ്പ് സംഭവമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാ ക്രിക്കറ്റര്‍ ലിറ്റണ്‍ ദാസിന്‍റെ വീട് തീവെച്ച് നശിപ്പിച്ചതായി ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് നിരവധി പേര്‍ അവകാശപ്പെടുന്നു. എന്താണ് ഇതിന്‍റെ വസ്തുത?

പ്രചാരണം 

ഒരു വീടിന് തീപിടിച്ചിരിക്കുന്നതിന്‍റെ വീഡിയോയാണ് വിവിധ എക്‌സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടുകളില്‍ നിന്ന് 2024 ഓഗസ്റ്റ് 5, 6 തിയതികളില്‍ നിരവധിയാളുകള്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ലിറ്റണ്‍ ദാസിന്‍റെ ചിത്രവും ഇതിനൊപ്പം കാണാം. ഒരു മിനുറ്റിലേറെ ദൈര്‍ഘ്യമുണ്ട് ഈ വീഡിയോയ്ക്ക്. വിവിധ ട്വീറ്റുകളുടെ ലിങ്കുകള്‍ 1, 2, 3, 4 എന്നിവയില്‍ കാണാം. അവയുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. 

Fact Check reality of viral video Bangladeshi cricketer Liton Das house was set on fire

Fact Check reality of viral video Bangladeshi cricketer Liton Das house was set on fire

വസ്‌തുതാ പരിശോധന

ട്വീറ്റുകള്‍ അവകാശപ്പെടുന്നത് പോലെ ബംഗ്ലാദേശ് ക്രിക്കറ്റര്‍ ലിറ്റണ്‍ ദാസിന്‍റെ വീടിന് കലാപകാരികള്‍ തീവെച്ചോ എന്ന് വിശദമായി പരിശോധിച്ചു. ബംഗ്ലാദേശിലെ പ്രധാന താരങ്ങളിലൊരാളായതിനാല്‍ ലിറ്റണ്‍ ദാസിന്‍റെ വീടിന് തീവെച്ചിരുന്നെങ്കില്‍ അത് വലിയ മാധ്യമവാര്‍ത്തയാവേണ്ടതായിരുന്നു. എന്നാല്‍ കീവേഡ് സെര്‍ച്ചില്‍ അത്തരമൊരു വാര്‍ത്തയും കണ്ടെത്താനായില്ല. ഇതോടെ വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ വീഡിയോയുടെ വസ്‌തുത തെളിഞ്ഞു.

ഇന്നലെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഷ്റഫെ മൊർതാസയുടെ വീട് കലാപകാരികള്‍ തീവെച്ച് നശിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ വൈറലായിരുന്നു. ഇതേ ദൃശ്യമാണ് ലിറ്റണ്‍ ദാസിന്‍റെ വീടിന് തീവെച്ചു എന്ന കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. മൊർതാസയുടെ വീടിന് കലാപകാരികള്‍ തീവെച്ചതായി ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ നോര്‍ത്ത് ഈസ്റ്റ് പ്രസിദ്ധീകരിച്ച വീഡിയോ റിപ്പോര്‍ട്ട് ചുവടെ കാണാം. ലിറ്റണ്‍ ദാസിന്‍റെ വീടിന്‍റെ ദൃശ്യങ്ങള്‍ എന്ന അവകാശവാദത്തോടെ ഷെയര്‍ ചെയ്യപ്പെടുന്ന അതേ വീഡിയോ ഈ റിപ്പോര്‍ട്ടില്‍ കാണാം. 

നിഗമനം

 

ബംഗ്ലാദേശ് ക്രിക്കറ്റര്‍ ലിറ്റണ്‍ ദാസിന്‍റെ വീട് കലാപകാരികള്‍ തീവെച്ച് നശിപ്പിച്ചു എന്ന എക്‌സിലെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബംഗ്ലാ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഷ്റഫെ മൊർതാസയുടെ വീടിന് തീവെച്ചതിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ വൈറലായ വീഡിയോയാണ് ലിറ്റണിന്‍റെ ഭവനത്തിന്‍റേത് എന്ന അവകാശവാദത്തോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios