വലിയ ജലാശയത്തില്‍ കുഞ്ഞു വിദ്യാര്‍ഥികള്‍ തെര്‍മോകോള്‍ ബോക്സ് ചങ്ങാടമാക്കി കൈകൊണ്ട് തുഴഞ്ഞ് യാത്ര ചെയ്യുന്നതായാണ് വീഡിയോയില്‍ കാണുന്നത്

വലിയ ജലാശയത്തിലൂടെ തെര്‍മോകോള്‍ ബോക്‌സ് ചങ്ങാടമാക്കി തുഴഞ്ഞ് സാഹസികമായി സ്‌കൂളില്‍ പോകുന്ന കുഞ്ഞു വിദ്യാര്‍ഥികള്‍! കാണുമ്പോള്‍ തന്നെ അതിശയോക്തിയും ഭയവും തോന്നുന്ന ഈ വീഡിയോ സമീപ ദിവസങ്ങളില്‍ നമ്മളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാകും. മധ്യപ്രദേശിലാണ് ഈ സംഭവമെന്നാണ് ഫേസ്ബുക്കില്‍ വീ‍ഡിയോ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പുകളില്‍ പറയുന്നത്. അതിനാല്‍, ഈ അവകാശവാദത്തിന്‍റെ വസ്‌തുത പരിശോധിക്കാം.

പ്രചാരണം

ഫേസ്ബുക്കില്‍ 'വേടത്തി' എന്ന അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്ന 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം ഇങ്ങനെ... 'മധ്യപ്രദേശില്‍ നിന്നുള്ള കാഴ്ച. കുട്ടികള്‍ തെര്‍മോകോള്‍ ബോക്സില്‍ കയറി നദി മുറിച്ചു കടന്ന്, രണ്ട് കിലോമീറ്റര്‍ പിന്നെയും നടന്ന് സ്‌കൂളില്‍ പോകുന്നു'. സ്‌കൂള്‍ ബാഗ് ചുമലിലേന്തിയ, സ്‌കൂള്‍ യൂണിഫോം അണിഞ്ഞ കുഞ്ഞു വിദ്യാര്‍ഥികള്‍ തെര്‍മോകോള്‍ ബോക്സ് ചങ്ങാടമാക്കി തുഴഞ്ഞ് മറുകരയിലേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ കാണാം.

വസ്‌തുതാ പരിശോധന

പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മധ്യപ്രദേശില്‍ നിന്നുള്ളതോ എന്ന് വിശദമായി പരിശോധിച്ചു. എഫ്‌ബിയില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോയില്‍ NEWS INDIA എന്ന വാട്ടര്‍മാര്‍ക് കാണാം. ഈ സൂചന വച്ച് നടത്തിയ പരിശോധനയില്‍ Badal Kumar Thakur എന്ന ഫേസ്ബുക്ക് യൂസറാണ് വീഡിയോ പങ്കുവെച്ചത് എന്ന് മനസിലായി. എന്നാല്‍ ആ വീഡിയോയുടെ കമന്‍റ് സെക്ഷനില്‍, ഈ ദൃശ്യങ്ങള്‍ മധ്യപ്രദേശില്‍ നിന്നുള്ളതല്ല എന്ന് ചിലര്‍ സൂചിപ്പിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, വീഡിയോയുടെ ഒറിജിനല്‍ ഇന്തോനേഷ്യന്‍ മാധ്യമമായ Kompas.com-മിന്‍റെ വെരിഫൈഡ് യൂട്യൂബ് ചാനലില്‍ മുമ്പ് പ്രസിദ്ധീകരിച്ചത് കാണാനായി. 2021 സെപ്റ്റംബര്‍ 25നാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വീഡിയോയ്ക്ക് ഇന്തോനേഷ്യന്‍ ഭാഷയില്‍ നല്‍കിയിരിക്കുന്ന വിവരണത്തിന്‍റെ അര്‍ഥം ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചു. ഈ പരിശോധനയില്‍, ഈ വീഡിയോ ഇന്തോനേഷ്യയിലെ ദക്ഷിണ സുമാത്രയില്‍ നിന്നുള്ളതാണെന്ന് മനസിലായി.

മറ്റ് ചില ഇന്തോനേഷ്യന്‍ മാധ്യമങ്ങളും തെര്‍മോകോള്‍ ബോക്‌സ് തുഴഞ്ഞുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സാഹസിക യാത്രയെ കുറിച്ച് വാര്‍ത്തകള്‍ 2021ല്‍ പ്രസിദ്ധീകരിച്ചിരുന്നതായും തുടര്‍ പരിശോധനയില്‍ മനസിലാക്കാനായി.

നിഗമനം

മധ്യപ്രദേശില്‍ വലിയ ജലാശയത്തിലൂടെ തെര്‍മോകോള്‍ ബോക്‌സ് ചങ്ങാടമാക്കി തുഴഞ്ഞ് സാഹസികമായി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്നതായുള്ള വീഡിയോ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യഥാര്‍ഥത്തില്‍ ഈ സംഭവം നടന്നത് ഇന്തോനേഷ്യയിലെ തെക്കന്‍ സുമാത്ര പ്രവിശ്യയിലാണ്. 2021ലാണ് ഈ സംഭവം നടന്നത്.

Wayanad Landslide | Asianet News Live | Malayalam News Live | Kerala News Live | Live Breaking News