ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്‌‌താവനയായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ മുമ്പും വ്യാജ വാര്‍ത്താ കാര്‍ഡ് പ്രചരിച്ചിരുന്നു

കല്‍പറ്റ: സമസ്‌ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്‌താവനയായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ കാര്‍ഡ് ഫേസ്‌ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നു. ഡിവൈഎഫ്‌ഐയുടെ പന്നിയിറച്ചി ചലഞ്ചിനെതിരെ ജിഫ്രി തങ്ങള്‍ രംഗത്തെത്തി എന്ന തരത്തിലാണ് വ്യാജ പ്രചാരണം. ഇത്തരമൊരു പ്രസ്‌താവന ജിഫ്രി തങ്ങള്‍ നടത്തുകയോ വാര്‍ത്താ കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിക്കുകയോ ചെയ്‌തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഏഷ്യാനെറ്റ് ന്യൂസ് മുമ്പ് പ്രസിദ്ധീകരിച്ച ജിഫ്രി തങ്ങളുടെ ഒരു വാര്‍ത്തയിലെ കാര്‍ഡില്‍ എഡിറ്റിംഗ് നടത്തി മാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ വ്യാജ കാര്‍ഡ് തയ്യാറാക്കി പ്രചരിപ്പിക്കുന്നത്.

പ്രതികരിച്ച് ജിഫ്രി തങ്ങള്‍

എന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ് എന്നും പന്നിയിറച്ചി ചലഞ്ചിനെതിരെ ഞാന്‍ എന്തെങ്കിലും എഴുതുകയോ പറയുകയോ ചെയ്‌തിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്തണം എന്ന് അദേഹം ആവശ്യപ്പെട്ടു. 

വ്യാജ പ്രചാരണത്തിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ

'പന്നിയിറച്ചി വിറ്റ് കിട്ടുന്ന പണം ദുരന്തബാധിതര്‍ സ്വീകരിക്കരുത് എന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍' ആവശ്യപ്പെട്ടതായും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്താ കാര്‍ഡില്‍ കാണാം. ഈ ഫേക്ക് വാര്‍ത്താ കാര്‍ഡില്‍ കാണുന്ന ഫോണ്ടും ശൈലിയും ഏഷ്യാനെറ്റ് ന്യൂസിന്‍റെത് അല്ല. വ്യാജ കാര്‍ഡ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നിയമനടപടി സ്വീകരിക്കുന്നതാണ്. വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന് ശേഷം മുമ്പ് രണ്ട് തവണ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്‌‌താവനയായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ കാര്‍ഡ് പ്രചരിച്ചിരുന്നു. അവയുടെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് ജിഫ്രി തങ്ങള്‍, കാര്‍ഡ് വ്യാജം

ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണം; ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം