സ്റ്റാലിന്‍റെ മകള്‍ സെന്താമരൈയുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നുവെന്നും കോടികളുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തുവെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകള്‍ സെന്താമരൈയുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 700 കോടി രൂപയും 250 കിലോ സ്വര്‍ണവും ആയിരക്കണിന് കോടികള്‍ മൂല്യമുള്ള ആസ്തികളുടെ രേഖകളും ഇന്‍കം ടാക്‌സ് പിടിച്ചെടുത്തുവെന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവം. 'ഈ ചെറിയ കുട്ടി ആരാണല്ലേ.? സെന്താമര. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ മകളാണ് ഈ മിടുമിടുക്കി. നമ്മുടെ നാട്ടിലും ഒരു മിടുമിടുക്കി ഉണ്ട് കേട്ടോ... വെറുതെയാണോ, വിജയനും സ്റ്റാലിനും കൂട്ടുകാരായത്'... എന്നിങ്ങനെ നീളുന്ന പോസ്റ്റ് ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

തിരുവല്ലയുടെ കാവിപ്പട എന്ന ഫേസ്‌ബുക്ക് പേജില്‍ 2023 ഡിസംബര്‍ 29ന് പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ.

'ഇവളിൽ നിന്ന് പിടിച്ചെടുത്തത് അനധികൃതമായി സമ്പാദിച്ച 250 കിലോ സ്വർണ്ണം.!! 700 കോടി ഇന്ത്യൻ റുപ്പി .!! ആയിരക്കണക്കിന് കോടികളുടെ വസ്തുവകകളുടെ രേഖകൾ... ഈ ചെറിയ കുട്ടി ആരാണല്ലേ.? സെന്താമര. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകളാണ് ഈ മിടുമിടുക്കി. നമ്മുടെ നാട്ടിലും ഒരു മിടുമിടുക്കി ഉണ്ട് കേട്ടോ... വെറുതെയാണോ, വിജയനും സ്റ്റാലിനും കൂട്ടുകാരായത്'. സെന്താമരൈയുടെ എന്നവകാശപ്പെടുന്ന ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയ പോസ്റ്റ്. 

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

എം കെ സ്റ്റാലിന്‍റെ മകള്‍ സെന്താമരൈയുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നുവെന്നും കോടികളുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തുവെന്നും സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം വ്യാജമാണ്. പ്രചാരണത്തിന്‍റെ വസ്‌തുത അറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തിയപ്പോള്‍ ഇന്ത്യാ ടുഡേ 2023 ഏപ്രില്‍ 25ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത കാണാനിടയായി. 2021ല്‍ തമിഴ്‌നാട് നിയമസഭാ ഇലക്ഷന് മുന്നോടിയായി സെന്താമരൈയുടെ വീട്ടില്‍ റെയ്ഡ് നടന്നതായി വാര്‍ത്തകളുണ്ടെങ്കിലും പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയതായി ഇന്ത്യാ ടുഡേയുടെ വാര്‍ത്തയില്‍ പറയുന്നു. മാത്രമല്ല, 2021ലെ ഈ സംഭവത്തിന് ശേഷം സെന്താമരൈയുടെ വീട്ടില്‍ റെയ്‌ഡ് നടന്നതായി മാധ്യമ വാര്‍ത്തകളൊന്നും പരിശോധനയില്‍ കണ്ടെത്താനും സാധിച്ചില്ല. 

ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത് സെന്താമരൈയുടെ വീട്ടില്‍ ഇന്‍കം ടാക്സ് റെയ്‌ഡ് നടന്നെന്നും കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തിയെന്നുമുള്ള പ്രചാരണം വ്യാജമാണ് എന്നാണ്. 

നിഗമനം

തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്‍റെ മകള്‍ സെന്താമരൈയുടെ വീട്ടില്‍ നിന്ന് ഇന്‍കം ടാക്‌സ് കോടികളുടെ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയെന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം കള്ളമാണ്. ഇത്തരത്തില്‍ റെയ്‌ഡ് നടന്നതായി സ്ഥിരീകരിക്കുന്ന രേഖകളോ ആധികാരികമായ മാധ്യമവാര്‍ത്തകളോ ഒന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന്‍റെ പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. 

Read more: വിചിത്രം! മനുഷ്യ ശരീരത്തില്‍ മുള കെട്ടിവച്ച് റെയില്‍വേ ലെവല്‍ ക്രോസില്‍ ഗതാഗതം നിയന്ത്രണം; സംഭവം ഇന്ത്യയിലോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം