Asianet News MalayalamAsianet News Malayalam

'പിണറായി അഭിനന്ദിച്ചു, ബമ്പര്‍ അടിച്ച ലോട്ടറി പായലിന് നഷ്ടമായി'; വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന്‍റെയല്ല

ബിഹാറില്‍ നിന്നെത്തി കേരളത്തില്‍ പഠിച്ച് സ്വപ്‌നനേട്ടം സ്വന്തമാക്കിയ പായല്‍ കുമാരിയെയും അവരെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് വ്യാജ പ്രചാരണം. 

Fake News circulating in the name of Payal Kumari and Pinarayi Vijayan
Author
Kochi, First Published Aug 24, 2020, 1:24 PM IST

തിരുവനന്തപുരം: എംജി സര്‍വകലാശാല പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി പായല്‍ കുമാരി എന്ന ബിഹാര്‍ സ്വദേശിനി അത്ഭുതമായിരുന്നു. ബിഹാറിലെ ഷെയ്ക്ക്പുരയിലെ ഗോസായ്മതി ഗ്രാമത്തില്‍ നിന്നെത്തി കൊച്ചിയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി പ്രമോദ് കുമാറിന്‍റെ മകളാണ് പായല്‍ കുമാരി. സുവര്‍ണനേട്ടം സ്വന്തമാക്കിയ പായലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ അഭിനന്ദിച്ചിരുന്നു. പായലിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമൊരു  ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അരങ്ങുതകര്‍ക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചു എന്ന് അവകാശപ്പെട്ട് രണ്ട് വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എഡിറ്റ് ചെയ്‌ത് ചേര്‍ത്ത് തയ്യാറാക്കിയ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. രണ്ട് സ്‌ക്രീന്‍ഷോട്ടുകളിലും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ കണ്ടതോടെ ആളുകള്‍ ആശയക്കുഴപ്പത്തിലുമായി. ഈ ചിത്രത്തിന് പിന്നിലെ വസ്‌തുതകള്‍ വായനക്കാരെ അറിയിക്കുകയാണ്. 

പ്രചാരണം ഇങ്ങനെ

Fake News circulating in the name of Payal Kumari and Pinarayi Vijayan

'എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം. ടിക്കറ്റ് കളഞ്ഞുപോയ വിഷമത്തില്‍ പായല്‍ കുമാരി. ഇന്നലെ പിണറായി വിജയന്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു'- എന്നാണ് പ്രചരിക്കുന്ന ചിത്രത്തിലെ ഇടതുവശത്തെ സ്‌ക്രീന്‍ഷോട്ടിലുള്ളത്. 'പായല്‍ കുമാരിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍' എന്നാണ് ചിത്രത്തില്‍ വലതുഭാഗത്ത് നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട്. കളഞ്ഞുപോയ ലോട്ടറിക്ക് ബമ്പറടിക്കും മുമ്പ് പായല്‍ കുമാരിയെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദം അറിയിച്ചിരുന്നു എന്ന് സ്ഥാപിക്കാനാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. 

ചിത്രം വിവിധ ഫേസ്‌ബുക്ക് അക്കൗണ്ടുകളില്‍നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന് കണ്ടെത്താനായി. 'ഫ്രഷ് മാൻഡ്രേക് എഫെക്റ്റ്' എന്നൊക്കെയുള്ള കുറിപ്പുകളോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.  

Fake News circulating in the name of Payal Kumari and Pinarayi Vijayan

 

വസ്‌തുത

പ്രചരിക്കുന്ന ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണ് എന്ന് വളരെ എളുപ്പം തിരിച്ചറിയാവുന്നതാണ് എന്നിരിക്കേയാണ് വ്യാജ പ്രചാരണം തകൃതിയായി നടക്കുന്നത്. പായല്‍ കുമാരിക്കുള്ള മുഖ്യമന്ത്രിയുടെ അഭിനന്ദനം തെറ്റിദ്ധരിപ്പിക്കും രീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അവതരിപ്പിക്കാനാണ് ഇതിലൂടെ ചിലര്‍ ശ്രമിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന്‍റെ പരിശോധനയില്‍ വ്യക്തമായ കാര്യങ്ങള്‍ ഇവയൊക്കെയാണ്...  

കണ്ടെത്തല്‍ 1- പ്രചരിക്കുന്ന ചിത്രത്തില്‍ വലതുവശത്തുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചത് തന്നെയാണ്. 'പായല്‍ കുമാരിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍' എന്ന തലക്കെട്ടിലുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഓഗസ്റ്റ് 22-ാം തീയതി രാവിലെ 10.43ന്. വാര്‍ത്തകള്‍ രണ്ടും സമാനമെന്ന് പായലിന്‍റെയും പിണറായിയുടേയും ചിത്രത്തില്‍ നിന്ന് മനസിലാക്കാം. 

Fake News circulating in the name of Payal Kumari and Pinarayi Vijayan

 

കണ്ടെത്തല്‍- 2 ലോട്ടറിയെ കുറിച്ച് പറയുന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് വ്യാജമായി നിര്‍മ്മിച്ചതാണ്. 'എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം. ടിക്കറ്റ് കളഞ്ഞുപോയ വിഷമത്തില്‍ പായല്‍ കുമാരി. ഇന്നലെ പിണറായി വിജയന്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു' എന്ന തലക്കെട്ടില്‍ വാര്‍ത്തകളൊന്നും ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയിട്ടില്ല. ഇതിനുള്ള തെളിവുകളും കൂടുതല്‍ വ്യക്തതയ്‌ക്കായി നല്‍കുന്നു. 

തെളിവ് 1- ഇത്തരമൊരു ഫോര്‍മാറ്റിലല്ല ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ട് നല്‍കുന്നത്(തലക്കെട്ടില്‍ ഫുള്‍സ്റ്റോപ് ഇടുന്ന രീതി പിന്തുടരാറില്ല). ചുവടെയുള്ള രണ്ട് വാര്‍ത്തയുടേയും തലക്കെട്ടുകളുടെ ശൈലി ശ്രദ്ധിക്കുക. 

Fake News circulating in the name of Payal Kumari and Pinarayi Vijayan

തെളിവ് 2- ഓഗസ്റ്റ് 21ന് രാവിലെ 7.49നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നാണ് പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിലുള്ളത്. ഇതേദിവസം, ഇതേ സമയം, ഇതേ ചിത്രം സഹിതം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പായല്‍ കുമാരിയെ കുറിച്ച് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു എന്നത് ശരിതന്നെ. എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തില്‍ പറയുന്നതുപോലെയല്ല, ഈ വാര്‍ത്തയുടെ തലക്കെട്ട് 'ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് എംജി സര്‍വകലാശാല ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്' എന്നായിരുന്നു. പ്രചരിക്കുന്ന വ്യാജമാണെന്ന് ഇതോടെ പൂര്‍ണമായും വ്യക്തമായിരിക്കുകയാണ്. 

Fake News circulating in the name of Payal Kumari and Pinarayi Vijayan

 

നിഗമനം

അതിഥി തൊഴിലാളിയുടെ മകളായി കേരളത്തിലെത്തി പഠിച്ച് എംജി സര്‍വകലാശാല പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ പായല്‍ കുമാരിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം വിനയായി എന്ന പേരില്‍ പ്രചരിക്കുന്ന പ്രചാരണം വ്യാജമാണ്. ഈ പ്രചാരണങ്ങള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസുമായി യാതൊരു ബന്ധവുമില്ല. പായല്‍ കുമാരിയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച എല്ലാ വാര്‍ത്തകളും ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വായിക്കാം.  

ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് എംജി സര്‍വകലാശാല ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് 

ബിരുദ പരീ​ക്ഷയിൽ ഒന്നാം റാങ്ക് നേടി അതിഥിതൊഴിലാളിയുടെ മകൾ; ഈ വിജയത്തിന് പത്തരമാറ്റ് തിളക്കം

പായൽ കുമാരിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

Follow Us:
Download App:
  • android
  • ios