ദില്ലി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ ജൂലൈ 11നും 13നും പ്രസിദ്ധീകരിക്കുമെന്ന സര്‍ക്കുലര്‍ വ്യാജം. അന്തിമ തീയതികള്‍ തീരുമാനിച്ചിട്ടില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കുമ്പോഴാണ് വ്യാജ സര്‍ക്കുലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. 

വിദ്യാര്‍ഥികളെ വലച്ച് സര്‍ക്കുലര്‍

'സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടേണ്ടതിനാല്‍ കഴിയുന്നത്ര വേഗത്തില്‍ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ സിബിഎസ്ഇയും മാനവ വിഭവശേഷി മന്ത്രാലയവും തീരുമാനിച്ചു. പരീക്ഷാ ഫലങ്ങളുടെ തീയതികള്‍ ചുവടെ നല്‍കുന്നു. പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 11ന് വൈകിട്ട് നാലു മണിക്കും പത്താം തരത്തിന്‍റേത് 13ന് നാലിനും പ്രഖ്യാപിക്കും. പരീക്ഷാ ഫലത്തിനായി ക്ഷമയോടെ കാത്തിരുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നന്ദിയറിയിക്കുന്നു' എന്നാണ് വ്യാജ സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. 

 

പരീക്ഷാ ഫലങ്ങള്‍ അറിയാനുള്ള വെബ്‌സൈറ്റുകളുടെ വിവരങ്ങളും പ്രചരിച്ച സര്‍ക്കുലറിലുണ്ടായിരുന്നു. ഈ സര്‍ക്കുലര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. ഇതോടെ ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു.(എന്നാല്‍ വാര്‍ത്ത പിന്നീട് എഎന്‍ഐ തിരുത്തി)

 

വസ്‌തുത വ്യക്തമാക്കി സിബിഎസ്ഇ

'10, 12 ക്ലാസുകളുടെ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വ്യാ‍ജ സര്‍ക്കുലര്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന തീയതികള്‍ ബോര്‍ഡ് തീരുമാനിച്ചിട്ടില്ല. സിബിഎസ്‌ഇയുടെ വെബ്‌സൈറ്റിലോ ഔദ്യോഗിക സാമൂഹികമാധ്യമങ്ങളിലോ അറിയിപ്പിനായി കാത്തിരിക്കണം' എന്നും സിബിഎസ്ഇ വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.  

 

നിഗമനം

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം ജൂലൈ 11നും 13നും പ്രസിദ്ധീകരിക്കും എന്ന രീതിയില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണ്. സിബിഎസ്ഇ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തില്‍ ഇങ്ങനെയൊരു റോഡ്? പ്രചാരണവും വസ്‌തുതയും

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​