കല്‍പറ്റ: ഇത് റോഡാണോ, അതോ വലിയ ചുഴികളുള്ള തോടാണോ?...വാഹനങ്ങള്‍ കുഴിയില്‍ വീണാല്‍ കരകയറാന്‍ കഴിയാത്തത്ര വലിപ്പമുള്ള വലിയ ഘട്ടറുകള്‍. സംഭവം രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലാണ് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേരളത്തില്‍ ജീവിച്ചിട്ടും നാം കാണാതെ പോയോ ഇത്ര പൊട്ടിപ്പൊളിഞ്ഞ റോഡ്... പരിശോധിക്കാം.

കുഴിയില്‍ ചാടിക്കുന്ന പ്രചാരണം ഇങ്ങനെ 

ഏതോ കെട്ടിടത്തിന് മുകളില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് ഫേസ്‌ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റോഡ് നിറഞ്ഞുനില്‍ക്കുന്ന വലിയ കുഴികളാണ് ചിത്രത്തില്‍ കാണുന്നത്. കുഴികള്‍ എണ്ണിയെടുക്കുക തന്നെ പ്രയാസം. റോഡിന്‍റെ ഇരു വശങ്ങളിലും കടകളും വീടുകളും എന്ന് തോന്നിക്കുന്ന കെട്ടിടങ്ങളും കാണാം. 

 

ആരോപണം രാഹുല്‍ ഗാന്ധിക്ക് നേരെ...

 

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ റോഡാണ് ഇത് എന്ന് ഫേസ്‌ബുക്കിലും ട്വിറ്ററിലുമുള്ള കുറിപ്പുകളില്‍ പറയുന്നു. 'രാഹുല്‍ ഗാന്ധിയുടെ വയനാട് രാജ്യത്തെ ആദ്യ സ്‌മാര്‍ട്ട് സിറ്റിയായി മാറിയിരിക്കുന്നു. എല്ലാ വീടിനു പുറത്തും സ്വിമ്മിങ് പൂളുള്ള ആദ്യ നഗരമാണ് ഇവിടം' എന്നായിരുന്നു ഒരു ട്വീറ്റ്. ഇത്തരം നിരവധി ഫേസ്‌ബുക്ക് പോസ്റ്റുകളും ട്വീറ്റുകളുമാണ് കണ്ടെത്താനാവുക. 

വസ്‌തുത എന്ത്

കേരളത്തിലെ വയനാട്ടില്‍ അല്ല, ബിഹാറിലെ ഭാഗല്‍പുരില്‍ നിന്നുള്ളതാണ് ചിത്രം എന്നതാണ് വസ്‌തുത. 

വസ്‌തുത പരിശോധനാ രീതി

റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെയാണ് ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയത്. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം 2017 ജൂണ്‍ 29ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ ഒരു വാര്‍ത്തയില്‍ നിന്നുള്ളതാണ് എന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താനായി. ഭാഗല്‍പുരിലൂടെ കടന്നുപോകുന്ന 'എന്‍എച്ച് 90' റോഡിന്‍റെ ശോചനീയാവസ്ഥയെ കുറിച്ചാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത. 

നിഗമനം

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ എണ്ണിയാലൊടുങ്ങാത്ത വലിയ കുഴികളുള്ള റോഡ് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. ബിഹാറില്‍ നിന്നുള്ള പഴയ ചിത്രമാണ് വയനാട്ടിലേത് എന്ന തലക്കെട്ടുകളില്‍ പ്രചരിപ്പിക്കുന്നത്. 

കാണാം വീഡിയോ

"

സ്വർണക്കടത്ത് കേസ്: ഉമ്മൻ ചാണ്ടിക്ക് ഒപ്പമുള്ളത് സരിത്തല്ല; ചിത്രത്തിലെ ആൾക്ക് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​