Asianet News MalayalamAsianet News Malayalam

ഡേറ്റിംഗ് ആരോപണം വീണ്ടും; സാറ ടെൻഡുൽക്കറുടെയും ശുഭ്മാൻ ഗില്ലിന്‍റെയും മോർഫ് ചെയ്ത ചിത്രം വ്യാപകം

ശുഭ്‌മാന്‍ ഗില്ലിനെ ഡേറ്റ് ചെയ്യുന്നതായി സാറ ടെന്‍ഡുല്‍ക്കര്‍ സ്ഥിരീകരിച്ചു എന്ന തലക്കെട്ടോടെയാണ് ഗില്ലും സാറയും ചേര്‍ന്നുള്ള ചിത്രംട്വീറ്റ് ചെയ്‌തിരിക്കുന്നത്

Fake photo of Sara Tendulkar and Shubman Gill viral in social media fact check 2023 10 28 jje
Author
First Published Oct 28, 2023, 11:00 AM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ ശുഭ്‌മാന്‍ ഗില്ലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറും പ്രണയത്തിലാണ് എന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ച് വീണ്ടും അഭ്യൂഹങ്ങള്‍ നിറച്ച് ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഗില്ലും സാറയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണിത്. എന്നാല്‍ ഈ ചിത്രം മോര്‍ഫ് ചെയ്‌ത് തയ്യാറാക്കിയതാണ് എന്നതാണ് യാഥാര്‍ഥ്യം. 

പ്രചാരണം

'ശുഭ്‌മാന്‍ ഗില്ലിനെ ഡേറ്റ് ചെയ്യുന്നതായി സാറ ടെന്‍ഡുല്‍ക്കര്‍ സ്ഥിരീകരിച്ചു' എന്ന തലക്കെട്ടോടെയാണ് ഗില്ലും സാറയും ചേര്‍ന്നുള്ള ചിത്രം Dhoni Popa Blue Tick എന്ന അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഗില്‍ കസേരയില്‍ ഇരിക്കുന്നതായും സാറ തോളില്‍ കയ്യിട്ട് അരികില്‍ നില്‍ക്കുന്നതുമായാണ് ചിത്രം. ഇരുവരും ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയായിരുന്നു എന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാണ്. ഇതേ ചിത്രം ട്രോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് എന്ന യൂസറും ട്വീറ്റ് ചെയ്‌തിരിക്കുന്നത് കാണാം. മറ്റ് നിരവധിയാളുകളും സാറയും ഗില്ലുമുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ട്

Fake photo of Sara Tendulkar and Shubman Gill viral in social media fact check 2023 10 28 jje

Fake photo of Sara Tendulkar and Shubman Gill viral in social media fact check 2023 10 28 jje

വസ്‌തുത

എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ ശുഭ്‌മാന്‍ ഗില്ലുമായി ഡേറ്റിംഗിലാണ് എന്ന് സാറ ടെന്‍ഡുല്‍ക്കര്‍ സ്ഥിരീകരിക്കുകയോ ഇരുവരും ഫോട്ടോയിലെ പോലെ ഒന്നിച്ച് പോസ് ചെയ്യുകയോ ചെയ്‌തിട്ടില്ല. സത്യത്തില്‍ സാറ പോസ് ചെയ്‌തിരിക്കുന്നത് തന്‍റെ സഹോദരന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമാണ്. അര്‍ജുന്‍റെ തലയ്‌ക്ക് പകരം ഗില്ലിനെ എഡിറ്റ് ചെയ്‌ത് ചേര്‍ത്ത് തയ്യാറാക്കിയ വ്യാജ ചിത്രമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ വ്യക്തമായി. 

ഗില്ലും സാറയും ചേര്‍ന്നുള്ള ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ സഹോദരന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ 24-ാം ജന്‍മദിനത്തില്‍ സാറ സുന്ദരമായ ചിത്രങ്ങള്‍ പങ്കുവെച്ചു എന്ന തലക്കെട്ടുകളില്‍ നിരവധി പോസ്റ്റുകള്‍ വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ കാണാനായി. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തിലേത് പോലെ സമാന വേഷങ്ങളണിഞ്ഞ് അര്‍ജുനൊപ്പം സാറ അതേ പശ്ചാത്തലത്തില്‍ പോസ് ചെയ്‌തിട്ടുള്ളത് യൂട്യൂബിലെ ഒരു ഷോര്‍ട് വീഡിയോയില്‍ നിന്ന് കണ്ടെത്താനായി.

യൂട്യൂബ് ഷോര്‍ട്‌ വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

Fake photo of Sara Tendulkar and Shubman Gill viral in social media fact check 2023 10 28 jje

തുടര്‍ന്ന് സാറ ടെന്‍ഡുല്‍ക്കറുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 2023 സെപ്റ്റംബര്‍ 24-ാം തിയതി അര്‍ജുന്‍റെ 24-ാം ജന്‍മദിനത്തില്‍ ആശംസകളോടെ സാറ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്‌ത ചിത്രങ്ങളില്‍ ഇതുമുണ്ട് എന്ന് കണ്ടെത്താനായി. 

സാറയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

Fake photo of Sara Tendulkar and Shubman Gill viral in social media fact check 2023 10 28 jje

നിഗമനം

ഗില്ലും സാറയും ചേര്‍ന്നുള്ള ഫോട്ടോ വ്യാജമാണ്. സാറ ടെന്‍ഡുല്‍ക്കറും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ഒന്നിച്ചുള്ള ചിത്രത്തില്‍ അര്‍ജുന്‍റെ തലയ്‌ക്ക് പകരം ഗില്ലിനെ വെട്ടിയൊട്ടിച്ചാണ് വൈറല്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇരു ചിത്രങ്ങളും തമ്മിലുള്ള സാമ്യവും വ്യത്യാസവും ചുവടെ കാണാം. 

Fake photo of Sara Tendulkar and Shubman Gill viral in social media fact check 2023 10 28 jje

Read more: 'ശിരോവസ്ത്രമില്ല, കുമ്പളയില്‍ ബസില്‍ ഹിന്ദു സ്ത്രീയെ മുസ്ലീം വിദ്യാര്‍ഥിനികള്‍ ശകാരിച്ചു' എന്ന് വ്യാജ പ്രചാരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios