രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചാല്‍ പങ്കെടുക്കും എന്ന് സീതാറാം യെച്ചൂരി പറഞ്ഞതായുള്ള വാര്‍ത്താ കാര്‍ഡ് വ്യാജം 

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചാല്‍ പങ്കെടുക്കും എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതായി ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ കാര്‍ഡ് പങ്കുവെച്ചതായാണ് വ്യാജ പ്രചാരണം

പ്രചാരണവും യാഥാര്‍ഥ്യവും

'രാമക്ഷേത്ര പ്രതിഷ്ഠ, നരേന്ദ്ര മോഡി നേരിട്ട് ക്ഷണിച്ചാല്‍ പങ്കെടുക്കും' എന്ന് സീതാറാം യെച്ചൂരി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് 2023 ഡിസംബര്‍ 23ന് കാര്‍ഡ് പ്രസിദ്ധീകരിച്ചതായാണ് വാട്സ്ആപ്പും ഫേസ്‌ബുക്കും അടങ്ങുന്ന സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചാരണം. രാമക്ഷേത്ര പ്രതിഷ്ഠയും സീതാറാം യെച്ചൂരിയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു കാര്‍ഡ് 2023 ഡിസംബര്‍ 23നോ മറ്റേതെങ്കിലും ദിനമോ പ്രസിദ്ധീകരിച്ചിട്ടില്ല. വ്യാജ കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫോണ്ടോ ശൈലിയോ അല്ല. തെറ്റായ വാര്‍ത്താ കാര്‍ഡ് പ്രചരിപ്പിക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നു. 

സീതാറാം യെച്ചൂരിയുടെ ചിത്രം സഹിതം ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച മറ്റൊരു കാര്‍ഡിലേക്ക് തെറ്റായ വാചകങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഇപ്പോഴത്തെ വ്യാജ പ്രചാരണം. സാമൂഹ്യമാധ്യമങ്ങളില്‍ സ്ഥാപനത്തെ കളങ്കപ്പെടുത്തുന്ന രീതിയില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നിയമനടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു. 

പശ്ചാത്തലം

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ക്ഷണം ലഭിച്ചെങ്കിലും പാര്‍ട്ടി അത് തള്ളുകയാണ് ചെയ്തത്. 'ഇന്ത്യന്‍ ഭരണഘടന പ്രകാരം ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്‌വ് ഉണ്ടാകാൻ പാടില്ല എന്നതാണ് ഒരു അടിസ്ഥാന തത്വം. എന്നാല്‍ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ് സർക്കാർ. ഇത് ശരിയായ നടപടിയല്ല' എന്ന് സിപിഎം വ്യക്തമാക്കുകയും ചെയ്തു. രാമക്ഷേത്ര പ്രതിഷ്ഠയില്‍ നിന്ന് സിപിഎം വിട്ടുനില്‍ക്കുന്ന ഈ പശ്ചാത്തലത്തിലാണ് യെച്ചൂരിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ ഉടലെടുത്തത്. 

Read more: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കുന്നു, ഇത് ഭരണഘടനാ ലംഘനം: സീതാറാം യെച്ചൂരി