റഫേല്‍ ദ്വാമെനയുടെ അപ്രതീക്ഷിത മരണത്തിന് കാരണമായത് കൊവിഡ് വാക്‌സീന്‍ എന്ന പ്രചാരണം സജീവം

ഘാന മുന്‍ ഫുട്ബോളര്‍ റഫേല്‍ ദ്വാമെന മൈതാനത്ത് മരിച്ചുവീണതിന്‍റെ ഞെട്ടല്‍ ഫുട്ബോള്‍ ലോകത്തിന് മാറിയിട്ടില്ല. അല്‍ബേനിയന്‍ ലീഗില്‍ ഇഗനാഷ്യക്കുവേണ്ടി കളിക്കവെയാണ് റഫേല്‍ ദ്വാമെന മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചത്. കായിക ലോകത്തെ കണ്ണീരിലാഴ്‌ത്തിയ മരണത്തിന് കാരണക്കാരന്‍ കൊവിഡ് വാക്‌സീനാണോ? റഫേല്‍ ദ്വാമെനയുടെ അപ്രതീക്ഷിത മരണത്തിന് കാരണമായത് കൊവിഡ് വാക്‌സീനാണ് എന്നൊരു പ്രചാരണം സജീവമാണ്. 

പ്രചാരണം

Scroll to load tweet…

2023 നവംബര്‍ 11-ാം തിയതിയാണ് അല്‍ബേനിയന്‍ ക്ലബ് ഇഗനാഷ്യക്കുവേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഘാന ഇന്‍റര്‍നാഷണല്‍ റഫേല്‍ ദ്വാമെന കുഴഞ്ഞുവീണ് മരിച്ചത്. ദാരുണമായി മരണത്തിന് അദേഹം കീഴടങ്ങുമ്പോള്‍ 28 വയസ് മാത്രമായിരുന്നു പ്രായം. ഇതിന് ശേഷം നവംബര്‍ 12-ാം തിയതി സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) പ്രത്യക്ഷപ്പെട്ട ട്വീറ്റുകളാണ് റഫേലിന്‍റെ മരണത്തില്‍ കൊവിഡ് വാക്‌സീന് പങ്കുണ്ടോ എന്ന സംശയം ജനിപ്പിച്ചത്. 'കൊവിഡ് വാക്‌സീന്‍ കുത്തിവെപ്പ്, അല്‍ബേനിയയില്‍ നടന്ന മത്സരത്തിനിടെ ഘാന ഫുട്ബോളര്‍ റഫേല്‍ ദ്വാമെന അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് മരിച്ചു' എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. ഇതേ സംശയം മുന്‍നിര്‍ത്തിയുള്ള മറ്റ് പോസ്റ്റുകളും സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. ഈ പശ്ചാത്തലത്തില്‍ ഈ പ്രചാരണത്തിന്‍റെ വസ്‌തുത പരിശോധിക്കാം. 

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുതാ പരിശോധന

മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായി ഫുട്ബോളര്‍ റഫേല്‍ ദ്വാമെന തന്‍റെ 28-ാം വയസില്‍ മരണപ്പെടുകയായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ റഫേലിന്‍റെ പെട്ടെന്നുള്ള മരണത്തിന് കാരണമായി കൊവിഡ് വാക്‌സീനെ ചൂണ്ടിക്കാണിക്കാന്‍ നിലവിലെ തെളിവുകള്‍ വച്ച് സാധിക്കില്ല. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ മുന്‍ ചരിത്രമുള്ളയാളാണ് റഫേല്‍ ദ്വാമെന എന്നതാണ് കാരണം. റഫേല്‍ ദ്വാമെനയുടെ മരണ കാരണം എന്തെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം കീവേഡുകള്‍ ഉപയോഗിച്ച് വിശദമായി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 

റഫേലിന്‍റെ കരിയറില്‍ ഹൃദ്രോഗം വലിയ വെല്ലുവിളിയായിരുന്നുവെന്നും താരം മുമ്പും മൈതാനത്ത് കുഴഞ്ഞുവീണിട്ടുണ്ട് എന്നും ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ കാരണമാണ് അദേഹത്തിന് ഇംഗ്ലീഷ് ക്ലബ് ബ്രൈറ്റനുമായി കരാറിലെത്താന്‍ കഴിയാതെ വന്നതെന്നും Olympic.com റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളതായി വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായി. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. 

ഹൃദ്രോഗ പ്രശ്‌നങ്ങളുള്ളതിനാല്‍ ഫുട്ബോളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന ഡോക്‌ടറുടെ മുന്നറിയിപ്പ് പോലും അവഗണിച്ച് കളി തുടര്‍ന്നാണ് ഒടുവില്‍ റഫേല്‍ ദ്വാമെന മരണത്തിന് കീഴടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍തന്നെ റഫേലിന്‍റെ മരണത്തിന് കാരണം കൊവിഡ് വാക്‌സീനാണ് എന്ന നിഗമനത്തിലെത്താന്‍ ഇപ്പോള്‍ സാധിക്കില്ല. റഫേല്‍ ദ്വാമെന കൊവിഡ് വാക്‌സീന്‍ എടുത്തിരുന്നോ എന്ന കാര്യം വ്യക്തമല്ലാത്തതും വാക്‌സീനില്‍ കുറ്റം ചാര്‍ത്തുന്നതിന് നിലവില്‍ തടസമാകുന്നു. 

നിഗമനം 

ഘാന മുന്‍ ഫുട്ബോളര്‍ റഫേല്‍ ദ്വാമെന മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചതിന് കാരണം കൊവിഡ് വാക്‌സീനാണ് എന്ന് ഇപ്പോള്‍ പറയാനില്ല. ഹൃദ്യോഗ ചരിത്രമുള്ള താരമായിരുന്നു റഫേല്‍ ദ്വാമെന എന്നതാണ് കാരണം. 

Read more: സഞ്ചരിക്കുന്ന കൊട്ടാരം; ഈ ആഡംബര ബസോ നവകേരള സദസിന് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം