Asianet News MalayalamAsianet News Malayalam

പട്ടിണിമരണം മുതല്‍ കേരളാ ചുഴലിക്കാറ്റ് വരെ; 2021ല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പൊളിച്ച വ്യാജ പ്രചാരണങ്ങള്‍

2021ല്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് ഫാക്‌ട് ചെക്ക് ചെയ്‌ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വസ്‌തുത പുറത്തുകൊണ്ടുവന്നത്

from Arya Rajendran into bjp to poverty suicide in kerala these are the major five fact checks in kerala 2021
Author
Thiruvananthapuram, First Published Dec 19, 2021, 3:05 PM IST

തിരുവനന്തപുരം: വ്യാജ പ്രചാരണങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാതിരുന്ന 2021 ആണ് കടന്നുപോകുന്നത്. കൊവിഡ് ഭീതി കത്തിനിന്ന മറ്റൊരു വര്‍ഷം എന്ന നിലയില്‍ കൊറോണയെ കുറിച്ചായിരുന്നു വ്യാജ പ്രചാരണങ്ങളില്‍ അധികവും. എന്നാല്‍ മറ്റനേകം കള്ളക്കഥകളും ഇക്കാലത്ത് ഫേസ്‌ബുക്കും വാട്‌സ്‌ആപ്പും ട്വിറ്ററുമടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇവയില്‍ നിരവധി വ്യാജ പ്രചാരണങ്ങള്‍ ഫാക്‌ട് ചെക്ക് ചെയ്‌ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വസ്‌തുത പുറത്തുകൊണ്ടുവന്നു. അവയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട അഞ്ച് വാര്‍ത്തകള്‍ നോക്കാം. 

1. ദേശീയ ഗാനത്തിന് യുനസ്‌കോയുടെ ബഹുമതി? 

പ്രചാരണം

ഇന്ത്യയുടെ ദേശീയഗാനം ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌‌കോ തെരഞ്ഞെടുത്തു എന്ന സന്ദേശമാണ് ഫേസ്‌ബുക്കില്‍ മലയാള ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്‍ പങ്കുവെച്ചത്. 'എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍. നമ്മുടെ ദേശീയഗാനമായ ജനഗണമന ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌കോ അല്‍പം മുമ്പ് തെരഞ്ഞെടുത്തിരിക്കുന്നു' എന്ന് തുടങ്ങുന്ന സന്ദേശമാണ് ഹരിശ്രീ അശോകന്‍ ഷെയര്‍ ചെയ്‌തത്.

വസ്‌തുത

ഹരിശ്രീ അശോകന്‍ പങ്കുവെച്ച സന്ദേശം വ്യാജമാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തെളിഞ്ഞതാണ്. ഈ സന്ദേശം മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 2008ല്‍ ഈ സന്ദേശം ഈ-മെയില്‍ വഴി പ്രചരിച്ചിരുന്നു. പിന്നീട് 2018ലും 2019ലും ഉള്‍പ്പടെ സമാന വ്യാജ സന്ദേശം വൈറലായി. 

https://www.asianetnews.com/fact-check/fake-alert-harisree-ashokan-shared-false-claim-as-unesco-declare-indian-national-anthem-best-in-the-world-r3ot48

2. കേരളത്തില്‍ പട്ടിണി മരണം?

പ്രചാരണം

വിശപ്പ് സഹിക്കാനാവാതെ കണ്ണൂരിലെ പേരാവൂരില്‍ ആദിവാസി പെണ്‍കുട്ടി ജീവനൊടുക്കിയെന്ന പേരിലായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ മറ്റൊരു പ്രചാരണം. ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ  ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ നിന്നടക്കം നിരവധി പോസ്റ്റുകളാണ് ഈ വിഷയത്തില്‍ പ്രത്യക്ഷപ്പെട്ടത്. കേരളത്തില്‍ 0.71 ശതമാനം മാത്രം ദരിദ്രരെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ഈ പ്രചാരണങ്ങള്‍. 

വസ്‌‌തുത

പേരാവൂര്‍ പഞ്ചായത്തിലെ ശ്രുതിമോളുടെ മരണമാണ് വിശപ്പ് സഹിക്കാനാവാതെ നടന്ന ആത്മഹത്യയെന്ന പേരില്‍ പ്രചരിച്ചത്. എന്നാല്‍ ഈ പ്രചാരണത്തിന് ആധാരമായ സംഭവം നടന്നത് സമീപകാലത്തല്ല, 2016ലാണ്. 2016 ഏപ്രിലില്‍ മാസത്തിലാണ് ചെങ്ങോത്ത് പൊരുന്നന്‍ രവിയുടേയും മോളിയുടേയും മകളായ ശ്രുതിമോള്‍ ആത്മഹത്യ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യയുടെ കാരണം വിശപ്പല്ലെന്ന് ശ്രുതിമോളുടെ പിതാവ് വിശദമാക്കിയിരുന്നു.

https://www.asianetnews.com/fact-check/fake-claims-spreading-in-girls-suicide-in-paravoor-years-back-after-niti-aayogs-multidimension-poverty-index-out-r3kvgp

3. ആര്യ രാജേന്ദ്രന്‍ ബിജെപിയിലേക്ക്?

പ്രചാരണം

തിരുവനന്തപുരം കോർപ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുന്നതായി സൂചനയെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കി എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. 

വസ്‌തുത

എന്നാല്‍ ഇത്തരമൊരു വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഔട്ടില്‍ തെറ്റായ വിവരം എഡിറ്റ് ചെയ്‌ത് ചേര്‍ത്തായിരുന്നു വ്യാജ പ്രചാരണം. 2020ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുടവൻമുകൾ വാർഡിൽ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോർപ്പറേഷന്‍ മേയറായത്.

https://www.asianetnews.com/fact-check/fake-news-circulating-as-thiruvananthapuram-municipal-corporation-mayor-arya-rajendran-will-join-to-bjp-r2cw8o

4. കേരളത്തില്‍ ജിയോക്ക് നിയന്ത്രണം? 

പ്രചാരണം

കാര്‍ഷിക നിയമ ഭേദഗതിയുടെ പശ്‌ചാത്തലത്തില്‍ കേരളം ജിയോ സേവനങ്ങള്‍ നിരോധിച്ചു എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ കത്തിപ്പടര്‍ന്ന മറ്റൊരു പ്രചാരണം. '2021 മുതല്‍ ജിയോ സേവനങ്ങള്‍ക്ക് താഴിടുകയാണ് കേരളം. ജിയോയുടെ പകുതി നിരക്കില്‍ സര്‍ക്കാരിന്‍റെ സ്വന്തം നെറ്റ്‌വര്‍ക്കായ കേരള ഫൈബര്‍ നെറ്റും മൊബൈല്‍ സേവനവും ജനങ്ങള്‍ക്ക് ലഭ്യമാകും' എന്നുമായിരുന്നു ഹിന്ദിയിലുള്ള സന്ദേശങ്ങളില്‍ പറയുന്നത്. 

വസ്‌തുത

എന്നാല്‍ കേരളം ജിയോ നെറ്റ്‌വര്‍ക്കിനെ സംസ്ഥാനത്ത് നിരോധിക്കാന്‍ തീരുമാനിച്ചിരുന്നില്ല എന്നതാണ് വസ്‌തുത. ടെലികോം നെറ്റ്‌വര്‍ക്കുകളെ നിരോധിക്കാന്‍ നിയമപരമായി സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല. രാജ്യത്ത് മൊബൈല്‍, ഇന്‍റര്‍നെറ്റ് നെറ്റ്‌വര്‍ക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അധികാരപരിധിയിലാണ്. മാത്രമല്ല, കേരള ഫൈബര്‍ നെറ്റ് എന്ന പേരില്‍ കേരളം സ്വന്തം നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചിട്ടുമില്ല. 

https://www.asianetnews.com/fact-check/is-it-kerala-banned-jio-internet-services-in-the-state-qmavxu

5. കേരളത്തിലേക്ക് ഭീമാകാരന്‍ ചുഴലിക്കാറ്റ്? 

പ്രചാരണം

അറബിക്കടലില്‍ നിന്ന് കേരള തീരത്തേക്ക് അതിശക്തമായ ചുഴലിക്കാറ്റ് കടന്നുവരുന്നു എന്നായിരുന്നു പ്രചാരണം. ഈ തലമുറയിലെ ആരും കണ്ടിട്ടില്ലാത്ത അത്ര ശക്തമായ സൈക്ലോണ്‍ ആവും ഇതെന്നും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്താണെന്നും വിശദമാക്കുന്നതാണ് ഈ സന്ദേശം. ഒക്‌ടോബര്‍ മാസത്തിലായിരുന്നു സന്ദേശം വൈറലായത്.

വസ്‌തുത

എന്നാല്‍ ഇത്തരമൊരു ചുഴലിക്കാറ്റ് മുന്നറിയിപ്പ് ആ സമയം കേരളത്തിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതേസമയം ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഈ അറിയിപ്പിന്‍റെ മറവിലാണ് ഈ തലമുറ കണ്ടിട്ടില്ലാത്ത ഭീമാകാരന്‍ സൈക്ലോണ്‍ വരുന്നു എന്ന പ്രചാരണങ്ങള്‍ നടന്നത്. 

https://www.asianetnews.com/fact-check/is-a-heavy-cyclone-approaching-kerala-soonwhat-is-the-reality-of-the-social-media-claim-r19hov

Follow Us:
Download App:
  • android
  • ios