തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ കേരളം നിയമസഭയില്‍ പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയിരുന്നു. ദില്ലി അതിര്‍ത്തിയിലെ കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള നിയമസഭയുടെ നടപടി ദേശീയതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇതിനൊപ്പം സംസ്ഥാനത്ത് ജിയോ സേവനങ്ങള്‍ നിരോധിക്കുകയും ചെയ്‌തോ കേരളം? സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തിലാണ് സംസ്ഥാനം ജിയോ സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി എന്ന് പറയുന്നത്. 

പ്രചാരണം ഇങ്ങനെ

'മോദിക്കും അംബാനിക്കും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ ചുട്ട മറുപടി. പുതു വര്‍ഷം മുതല്‍ ജിയോ സേവനങ്ങള്‍ക്ക് താഴിടുകയാണ് കേരളം. ജിയോയുടെ പകുതി നിരക്കില്‍ സര്‍ക്കാരിന്‍റെ സ്വന്തം നെറ്റ്‌വര്‍ക്കായ കേരള ഫൈബര്‍ നെറ്റും മൊബൈല്‍ സേവനവും ജനങ്ങള്‍ക്ക് ലഭ്യമാകും' എന്നാണ് ഹിന്ദിയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പറയുന്നത്. 

 

വസ്‌‌തുത

സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍. കേരളം ജിയോ നെറ്റ്‌വര്‍ക്കിനെ സംസ്ഥാനത്ത് നിരോധിക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നതാണ് വസ്‌തുത. ടെലികോം നെറ്റ്‌വര്‍ക്കുകളെ നിരോധിക്കാന്‍ നിയമപരമായി സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല. രാജ്യത്ത് മൊബൈല്‍, ഇന്‍റര്‍നെറ്റ് നെറ്റ്‌വര്‍ക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അധികാരപരിധിയിലാണ്. മാത്രമല്ല, സംസ്ഥാനം കേരള ഫൈബര്‍ നെറ്റ് എന്ന പേരില്‍ കേരള സ്വന്തം നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചിട്ടുമില്ല. 

കെ ഫോണിനെ കുറിച്ചോ വ്യാജ സന്ദേശത്തില്‍ പറയുന്നത്... 

സംസ്ഥാനമുടനീളം വേഗമാര്‍ന്ന ഇന്‍റര്‍നെറ്റ് എത്തിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതിയാണ് കെ ഫോണ്‍(Kerala Fibre Optic Network). കെ ഫോണ്‍ ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറല്ല, ഏത് സര്‍വീസ് പ്രൊവൈഡറിനും ഉപയോഗിക്കാന്‍ കഴിയുന്ന അതിവേഗ ഫൈബര്‍ നെറ്റ്‌വര്‍ക്കായാണ് നിലവില്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പദ്ധതി ഇതുവരെ കമ്മീഷന്‍ ചെയ്തിട്ടില്ല. എന്താണ് കെ ഫോണ്‍ പദ്ധതി എന്നത് സംബന്ധിച്ച് തോമസ് ഐസക്ക് മുമ്പ് നല്‍കിയ വിശദീകരണം ചുവടെ വായിക്കാം.  

ഇതിൽ പാവങ്ങൾക്ക് എങ്ങനെ കെഫോൺ വഴി സൗജന്യ ഇന്റർനെറ്റ് ലഭിക്കും?; വ്യക്തമാക്കി ധനമന്ത്രി

കേരളം പാസാക്കിയ പ്രമേയമെന്ത്?

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം 2020 ഡിസംബര്‍ 31നാണ് കേരള നിയമസഭ പാസാക്കിയത്. കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണം എന്നാണ് പ്രമേയത്തില്‍ കേരളം ആവശ്യപ്പെട്ടത്. പ്രമേയം പാസാക്കുന്നതിനെ ബിജെപി അംഗം ഒ. രാജഗോപാല്‍ എതിര്‍ത്തെങ്കിലും അദേഹം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ഇതോടെ പ്രമേയം ഐക്യകണ്‌ഠേന പാസാവുകയായിരുന്നു. നിയമസഭയിലെ പ്രമേയ അവതരണവും പിന്നാലെ നടന്ന ചര്‍ച്ചയും വിശദമായി ചുവടെയുള്ള ലിങ്കില്‍ വായിക്കാം. 

കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ; എതിർക്കാതെ ഒ.രാജഗോപാൽ

നിഗമനം

കാര്‍ഷിക നിയമഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കിയതിനൊപ്പം ജിയോ നെറ്റ്‌വര്‍ക്കിനെ കേരളം നിരോധിച്ചു എന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​