സച്ചിന്‍ സ്ഥാനമൊഴിഞ്ഞതായാണ് വിവിധ ട്വീറ്റുകളില്‍ കാണുന്നത്. സച്ചിനെ രാജിവെപ്പിച്ചതാണെന്നും പ്രചാരണമുണ്ട്. 

മുംബൈ: ഐപിഎല്‍ 2024 സീസണിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ പടലപ്പിണക്കം സജീവമാണ്. 10 വര്‍ഷം നായകനായിരുന്ന രോഹിത് ശര്‍മ്മയെ മാറ്റി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ അടുത്തിടെ ഫ്രാഞ്ചൈസി പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തില്‍ മുംബൈ ഇന്ത്യന്‍സും ആരാധകരും രണ്ട് തട്ടിലാണ് എന്ന് വ്യക്തമായിരിക്കേ ടീമിന്‍റെ ഉപദേഷ്‌ടാവ് സ്ഥാനം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജിവച്ചോ? സച്ചിന്‍ സ്ഥാനമൊഴിഞ്ഞതായാണ് വിവിധ ട്വീറ്റുകളില്‍ കാണുന്നത്. സച്ചിനെ രാജിവെപ്പിച്ചതാണെന്നും പ്രചാരണമുണ്ട്. 

പ്രചാരണം

Scroll to load tweet…

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിലെ മെന്‍റര്‍ സ്ഥാനം ഒഴിഞ്ഞതായി 2023 ഡിസംബര്‍ 16-ാം തിയതിയാണ് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. വെരിഫൈഡ് അക്കൗണ്ടുകളില്‍ നിന്നടക്കം ആരാധകരുടെ നിരവധി ട്വീറ്റുകള്‍ ഇതേ കുറിച്ചുണ്ടായി. 'വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഉപദേശക സ്ഥാനം ഒഴി‌ഞ്ഞത്. രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അനുകൂലമായിരുന്നില്ല. മുംബൈ ഇന്ത്യന്‍സ് കുടുംബത്തെ ഹാര്‍ദിക് പാണ്ഡ്യ തകര്‍ത്തു' എന്നുമാണ് ഒരു ട്വീറ്റില്‍ പറയുന്നത്. ട്വീറ്റിന്‍റെ സ്‌ക്രീന്‍ഷോട്ട് ചുവടെ കൊടുത്തിരിക്കുന്നു.

രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം മുംബൈ ഇന്ത്യന്‍സ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഉപദേഷ്‌ടാവ് സ്ഥാനത്ത് നിന്ന് നീക്കിയതായി കേള്‍ക്കുന്നു എന്നാണ് മറ്റൊരു ട്വീറ്റില്‍ പറയുന്നത്. 

വസ്‌തുത

എന്നാല്‍ 2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരും എഡിഷനിലും ടീമിനൊപ്പം തുടരും. സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞതായും സച്ചിനെ നീക്കിയതായുമുള്ള വാര്‍ത്തകള്‍ വ്യാജമാണ്. 2008 മുതല്‍ 2013 വരെ മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുള്ള സച്ചിന്‍ 78 മത്സരങ്ങളില്‍ 33.83 ശരാശരിയില്‍ ഒരു സെഞ്ചുറിയും 13 അര്‍ധസെഞ്ചുറികളും സഹിതം 2334 റണ്‍സ് പേരിലാക്കിയിരുന്നു. വിരമിച്ച ശേഷവും മുംബൈ ഇന്ത്യന്‍സിന്‍റെ ഡഗൗട്ടില്‍ സച്ചിന്‍റെ സാന്നിധ്യമുണ്ട്. 

Read more: ഇങ്ങനെയൊരു വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയിട്ടില്ല; പ്രചരിക്കുന്ന കാര്‍ഡ് വ്യാജം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം