അക്‌സര്‍ നിഗൂഢമായ ഇന്‍സ്റ്റ സ്റ്റോറികള്‍ പോസ്റ്റ് ചെയ്‌തു എന്നാണ് സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ടീം ഇന്ത്യ അവസാന നിമിഷം ഒരു മാറ്റം വരുത്തിയിരുന്നു. പരിക്ക് എന്ന കാരണം ചൂണ്ടിക്കാട്ടി ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ പുറത്താക്കിയപ്പോള്‍ പകരം സീനിയര്‍ താരം രവിചന്ദ്രന്‍ അശ്വിനെ ടീമിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ലോകകപ്പ് ടീമില്‍ നിന്ന് ബിസിസിഐയുടെ സെലക്‌ടര്‍മാര്‍ അക്‌സറിനെ മനപ്പൂര്‍വം ഒഴിവാക്കിയതാണോ? അശ്വിനെ ടീമിലെടുത്തതിന് പിന്നാലെ അക്‌സര്‍ നിഗൂഢമായ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ പോസ്റ്റ് ചെയ്‌തു എന്നാണ് സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Scroll to load tweet…

പ്രചാരണം

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയതില്‍ നീരസം പരസ്യമാക്കി രണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ അക്‌സര്‍ പട്ടേല്‍ പോസ്റ്റ് ചെയ്‌തു എന്നാണ് സ്ക്രീന്‍ഷോട്ടുകള്‍ സഹിതമുള്ള പ്രചാരണം. അക്‌സര്‍ ഈ സ്റ്റോറികള്‍ ഉടനടി ഡിലീറ്റ് ചെയ്തു എന്നും വിവിധ ട്വീറ്റുകളില്‍ പറയുന്നു. 1, 2, 3, 4, 5 ട്വീറ്റുകള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക. 

ഇന്‍സ്റ്റഗ്രാം സ്റ്റോറികളൊന്നിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

എന്നാല്‍ ലോകകപ്പ് ടീം അപ്‌ഡേഷന് പിന്നാലെ അക്‌സര്‍ പട്ടേല്‍ ഇങ്ങനെ രണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ പോസ്റ്റ് ചെയ്‌തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അക്‌സറിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പകര്‍ത്തിയത് എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടുകളുടെ വസ്‌തുത മാധ്യമപ്രവര്‍ത്തകനായ സൗരഭ് മല്‍ഹോത്ര ട്വീറ്റ് ചെയ്തത് പരിശോധനയില്‍ കണ്ടെത്താനായി. അക്‌സര്‍ ഇത്തരം ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ പോസ്റ്റ് ചെയ്‌തിരുന്നില്ല എന്നും അതിനാല്‍ തന്നെ അവ ഡിലീറ്റ് ചെയ്‌തോ എന്ന ചോദ്യത്തിന് പ്രസക്‌തിയില്ല എന്നും സൗരഭ് ട്വീറ്റില്‍ വിശദീകരിക്കുന്നു. അക്‌സറിന്‍റെ പ്രതികരണം എന്ന നിലയ്‌ക്കാണ് ഞാനീ വിവരം പങ്കുവെക്കുന്നത് എന്നും സൗരഭ് മല്‍ഹോത്രയുടെ ട്വീറ്റിലുണ്ട്. 2023 സെപ്റ്റംബര്‍ 29ന് സൗരഭിന്‍റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

സൗരഭിന്‍റെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

നിഗമനം

ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്ക്വാഡില്‍ നിന്ന് പരിക്ക് കാരണം മാറ്റിയതിന് പിന്നാലെ നിഗൂഢമായ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അക്‌സര്‍ പട്ടേല്‍ പോസ്റ്റ് ചെയ്‌തിരുന്നു എന്ന പ്രചാരണം തെറ്റാണ് എന്നാണ് മനസിലാവുന്നത്. വ്യാജ സ്ക്രീന്‍ഷോട്ടുകളാണ് അക്‌സറിന്‍റെ പേരില്‍ പ്രചരിക്കുന്നത് എന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. 

Read more: