ഇടുക്കി: കേരളത്തില്‍ കാലവര്‍ഷം അതിശക്തമായിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. കണ്ണീര്‍ഭൂമിയായി മാറിയ രാജമലയിലെ നിരവധി ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ രാജമലയിലെ ദുരന്തത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ വ്യാജ വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചാരണം ഇങ്ങനെ

"

രാജമലയിലെ ദുരന്തത്തിന്‍റേത് എന്ന പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഇങ്ങനെ. കനത്ത മഴവെള്ളപ്പാച്ചിലില്‍ നിരവധി പശുക്കള്‍ ഒഴുകിപ്പോകുന്നതാണ് ദൃശ്യത്തില്‍. രാജമല ദുരന്ത വാര്‍ത്ത പുറത്തറിഞ്ഞതിന് പിന്നാലെയാണ് വാട്‌സ്‌ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചത്. വയനാട്ടില്‍ നിന്നുള്ളതാണ് ഈ വീഡിയോ എന്നും പ്രചാരണമുണ്ട്. 

 

വസ്‌തുത

ഇടുക്കിയിലെ രാജമലയില്‍ നിന്നുള്ളതല്ല, മെക്‌സിക്കോയില്‍ നിന്നുള്ള ദൃശ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

വസ്‌തുത പരിശോധന രീതി

1. ഈ വര്‍ഷം ജൂലൈ 26ന് മെക്‌സിക്കോയില്‍ വീശിയടിച്ച ഹന്ന ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലിന്‍റെ ദൃശ്യമാണ് ഇപ്പോള്‍ കേരളത്തില്‍ വൈറലായിരിക്കുന്നത്. ഈവീഡിയോയുടെ പൂര്‍ണ രൂപം മെക്‌സിക്കന്‍ മാധ്യമങ്ങള്‍ അന്ന് പ്രസിദ്ധീകരിച്ചിരുന്നു. ജൂലൈ 28ന് യൂട്യൂബിലും ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. 

2. വീഡിയോയില്‍ കാണുന്ന പോലൊരു സംഭവം രാജമല ദുരന്തത്തില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. 

നിഗമനം

ഇടുക്കി രാജമല ദുരന്തത്തിനിടയിലും കേരളത്തിലെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം സജീവമാണ്. നിരവധി പശുക്കള്‍ ഒഴുകിപ്പോകുന്നതായുള്ള വീഡിയോ രാജമലയില്‍ നിന്നുള്ളതല്ല. മെക്‌സിക്കോയില്‍ നിന്നുള്ള വീഡിയോയാണ് വ്യാജ കുറിപ്പുകളോടെ പ്രചരിക്കുന്നത്. 

സർക്കാർ വാഹനത്തിന് പച്ച നമ്പർ പ്ലേറ്റ്, കേരളത്തിനെതിരെ വർഗീയ പ്രചാരണം; സത്യമെന്ത്?

ഖർ സെ നികൽതേഹി; മനോഹരഗാനം ആലപിക്കുന്നത് ക്യാപ്റ്റൻ ഡിവി സാഠേ അല്ല

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​