ഗാസയില്‍ ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തി എന്ന തലക്കെട്ടോയൊണ് വീഡിയോ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്

ഹമാസും ഇസ്രയേലും തമ്മിലുള്ള രക്തരൂക്ഷിത സംഘര്‍ഷം ചോരച്ചാലൊഴുക്കി നീളുകയാണ്. ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ സേന ഗാസയില്‍ നടത്തുന്നത്. ഇതിന്‍റെ നിരവധി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. ഇവയിലൊന്ന് വ്യാജ ദൃശ്യമാണ് എന്നതാണ് സത്യം. പ്രചരിക്കുന്ന വീഡിയോയും അതിന്‍റെ വസ്‌തുതകളും വിശദമായി അറിയാം. 

പ്രചാരണം

'ഗാസയില്‍ ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തി' എന്ന തലക്കെട്ടോയൊണ് വീഡിയോ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ബോംബിട്ട് വീട് പോലുള്ള കെട്ടിടം ഒരു നിമിഷം കൊണ്ട് തകര്‍ക്കുന്നതാണ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്. ഇന്ത്യന്‍ ഡിഫന്‍സ് അപ്‌ഡേറ്റ്‌സ് എന്ന പേജിലാണ് 2023 ഒക്ടോബര്‍ ഏഴാം തിയതി വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനകം 36000 റിയാക്ഷന്‍ ലഭിച്ച ഈ പോസ്റ്റിന് നാലായിരം കമന്‍റുകളും ആയിരത്തിയഞ്ഞൂറോളം ഷെയറുകളും ഇതുവരെ കിട്ടിയിട്ടുണ്ട്. ഹസാമിനെതിരായ ഇസ്രയേലിന്‍റെ ശക്തമായ ആക്രമണത്തെ നിരവധി പേര്‍ വീഡിയോയ്‌ക്ക് താഴെ പ്രശംസിക്കുന്നുണ്ട്. മറ്റ് നിരവധി യൂസര്‍മാരും ഈ വീഡിയോ ട്വീറ്റ് ചെയ്‌തിട്ടുണ്ട് എന്ന് പരിശോധനയില്‍ വ്യക്തമായി. ലിങ്ക് 1, 2, 3, 4, 5

വസ്‌തുത

പ്രചരിക്കുന്ന വീഡിയോ ഇപ്പോഴത്തെ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തിന്‍റെതാണോ എന്നറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വസ്‌തുതാ പരിശോധന നടത്തി. വീഡിയോയുടെ ആധികാരികത മനസിലാക്കാന്‍ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ഇതേ വീഡിയോ 2023 മെയ് 13ന് അയാ ഇസ്‌ലീം എന്ന യൂസര്‍ ട്വീറ്റ് ചെയ്‌തിട്ടുള്ളതാണ് എന്ന് കണ്ടെത്താനായി. ഇതോടെ വീഡിയോ ഇപ്പോഴത്തെ സംഘര്‍ഷത്തിന്‍റെ അല്ല എന്നും പഴയതാണെന്നും ബോധ്യപ്പെട്ടു. 'ഗാസ നൗ' എന്ന തലക്കെട്ടോടെയാണ് അയ കഴിഞ്ഞ മെയ് മാസത്തില്‍ ദൃശ്യം ട്വീറ്റ് ചെയ്തിരുന്നത്. ഇപ്പോഴത്തെ ഹമാസ്- ഇസ്രയേല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതാവട്ടെ ഒക്ടോബര്‍ ഏഴാം തിയതി മാത്രമാണ്.

റിവേഴ്‌സ് ഇമേജ് ഫലവും പഴയ വീഡിയോയും

Scroll to load tweet…

Read more: 'പലസ്തീന്‍ പതാക വീശി ഗാസയ്ക്ക് പിന്തുണയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ'! വീഡിയോ വൈറല്‍, ശരിയോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം