യഥാര്‍ഥ ആനയാണ് നൃത്തം ചവിട്ടുന്നത് എന്നാണ് വീഡിയോ ഷെയര്‍ ചെയ്യുന്ന പലരുടെയും അവകാശവാദം

ഗന്നം സ്റ്റൈലില്‍ നൃത്തം വെയ്ക്കുന്ന ആനക്കുട്ടിയെ നമ്മള്‍ മുമ്പ് കണ്ടിട്ടുണ്ട്. ആനകളുടെ നൃത്തങ്ങളുടെ വീഡിയോകളൊക്കെ മുമ്പ് വലിയ പ്രചാരം സാമൂഹ്യമാധ്യമങ്ങളില്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു ആനയുടെ തകര്‍പ്പന്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. യഥാര്‍ഥ ആനയാണ് നൃത്തം ചവിട്ടുന്നത് എന്നാണ് വീഡിയോ ഷെയര്‍ ചെയ്യുന്ന പലരുടെയും അവകാശവാദം. എന്നാല്‍ ഈ വീഡിയോ ചില സംശയങ്ങളും ജനിപ്പിക്കുന്നുണ്ട്. അതിനാല്‍ ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് നോക്കാം.

വീഡിയോ

Scroll to load tweet…

പ്രചാരണം

Gems Of Bharat എന്ന എക്സ് (പഴയ ട്വിറ്റര്‍) യൂസര്‍ 2024 ഫെബ്രുവരി അഞ്ചിന് പങ്കുവെച്ച വീഡിയോയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. 'ആനയുടെ നൃത്തം ഗംഭീരം' എന്ന തലക്കെട്ടോടെയാണ് ഒരു മിനുറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇന്ത്യന്‍ ആനയുടെ നൃത്തം', 'ഹിന്ദു ആനകള്‍ക്ക് മാത്രമേ ഇങ്ങനെ നൃത്തം വെയ്ക്കാനാകൂ' തുടങ്ങിയ നിരവധി തലക്കെട്ടുകളോടെയും ആനയുടെ വീഡിയോ എക്സില്‍ BASAB DOWERAH, RAMKARYA DHURANDHAR, Piyush Parmar തുടങ്ങി നിരവധി യൂസര്‍മാര്‍ പങ്കുവെച്ചിരിക്കുന്നത് കാണാം. ആനയ്ക്കൊപ്പം യുവാക്കള്‍ ചുവടുവെക്കുന്നതും നിരവധിയാളുകള്‍ ഈ മനോഹര കാഴ്ച ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം.

ആനയുടെ നൃത്തം യഥാര്‍ഥമാണ് എന്ന് പറയുന്ന ട്വീറ്റുകളും അവയുടെ സ്ക്രീന്‍ഷോട്ടുകളും ചുവടെ നല്‍കുന്നു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

വസ്തുതാ പരിശോധന

വേഗത്തില്‍ ചുവടുകള്‍ വെയ്ക്കുന്ന ആനയുടെ നൃത്തം ഒറ്റനോട്ടത്തില്‍ തന്നെ സംശയാസ്പദമാണ് എന്നതിനാല്‍ ദൃശ്യം വിശദ പരിശോധനയ്ക്ക് വിധേയമാക്കി. വീഡിയോ ശ്രദ്ധയോടെ നിരീക്ഷിച്ചപ്പോള്‍ പിന്നിലെ കമാനത്തില്‍ 'Elevenz' എന്ന എഴുത്തും 'മലായ' എന്ന് മലയാളത്തില്‍ ഒരു കടയുടെ നെയിംബോര്‍ഡും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ വീഡിയോ കേരളത്തില്‍ നിന്നുള്ളതാണ് എന്നുറപ്പിച്ചു. ഈ സൂചനയില്‍ നിന്ന് 'Elevenz' എന്ന് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടത്തിയ കീവേഡ് സെര്‍ച്ചില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ ഒറിജിനല്‍ കണ്ടെത്താനായി.

'Elevenz Kadavallur എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 2024 ജനുവരി 23-ാം തിയതിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഇതിനകം 46 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞതായും മനസിലാക്കാനായി. 

വീഡിയോയുടെ ഒറിജിനല്‍

View post on Instagram

ഇത് മാത്രമല്ല, ഈ ആനയുടെ മറ്റ് വീഡിയോകളും Elevenz Kadavallur എന്ന ഇന്‍സ്റ്റ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതാണ് എന്ന് കാണാം. അവയുടെ ലിങ്കുകള്‍ 1, 2 എന്നിവയില്‍ ചേര്‍ത്തിരിക്കുന്നു. 

വൈറല്‍ വീഡിയോയിലെ ആനയുടെ നിജസ്ഥിതി മനസിലാക്കാന്‍ ആദ്യം മെസേജ് മുഖേനയും പിന്നാലെ ഫോണ്‍ മുഖാന്തരവും Elevenz Kadavallur അധികൃതരുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം ബന്ധപ്പെട്ടു. ഇലവന്‍സ് കടവല്ലൂര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്ന അനസ് വൈറല്‍ വീഡിയോയുടെ നിജസ്ഥിതി വിശദീകരിച്ചു.

'ഇലവന്‍സ് കടവല്ലൂര്‍ ഒരു സോഷ്യല്‍ ആന്‍ഡ് ആര്‍ട്‌സ് ക്ലബാണ്. വീഡിയോയില്‍ കാണുന്നത് ആനയുടെ ഒറിജിനല്‍ നൃത്തമല്ല. ആനയുടെ വേഷം അണിഞ്ഞ് കിളിമാനൂരില്‍ നിന്നുള്ള 'അനില്‍ ആര്‍ട്‌സ്' എന്ന സംഘം അവതരിപ്പിച്ച ഡാന്‍സാണ് വീഡിയോയില്‍ കാണുന്നത്. 2024 ജനുവരി 22 തിങ്കളാഴ്ച കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ആനയുടെ നൃത്തം അവതരിപ്പിച്ചത്' എന്നും അനസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദീകരിച്ചു. 

നിഗമനം

ആന നൃത്തം ചെയ്യുന്നതായി പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആനയുടെ വേഷം അണിഞ്ഞ് കലാകാരന്‍മാര്‍ മനോഹരമായി ന‍ൃത്തം വയ്ക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.