Asianet News MalayalamAsianet News Malayalam

ഒരൊറ്റ നിമിഷം, കണ്ണടപ്പിക്കുന്ന രാക്ഷസമിന്നല്‍; ഭൂകമ്പത്തിന് മുമ്പ് മൊറോക്കോയില്‍ പ്രകൃതിയുടെ മുന്നറിയിപ്പ്?

6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് തൊട്ടുമുമ്പ് പകര്‍ത്തപ്പെട്ട ദൃശ്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്

large lightning struck morocco just before 6 8 massive earthquake fact check jje
Author
First Published Sep 15, 2023, 7:28 AM IST

റാബത്ത്: ലോകം അടുത്തിടെ കണ്ട ഏറ്റവും വിനാശകാരിയായ ഭൂകമ്പങ്ങളിലൊന്നാണ് മൊറോക്കോയില്‍ ദിവസങ്ങള്‍ക്ക് മുമ്പുണ്ടായത്. ഒരൊറ്റ രാത്രി കൊണ്ട് മൊറോക്കന്‍ ജനതയുടെ സ്വപ്നങ്ങളെല്ലാം ഭൂചലനം വിറപ്പിച്ചുകളഞ്ഞു. മൂവായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. പതിനായിരങ്ങള്‍ ഭൂകമ്പത്തിന്‍റെ തിക്തഫലങ്ങള്‍ അഭിമുഖീകരിക്കുന്നു. ഭൂകമ്പത്തിന് തൊട്ടുമുമ്പ് പ്രകൃതി മുന്നറിയിപ്പ് നല്‍കിയിരുന്നോ മൊറോക്കോയില്‍? ഇത്തരത്തിലൊരു കൂറ്റന്‍ ഇടിമിന്നലിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചാരണം

6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് തൊട്ടുമുമ്പ് പകര്‍ത്തപ്പെട്ട ദൃശ്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഭൂമിയെ വിറപ്പിക്കുന്ന തരത്തില്‍ ഒരു കൂറ്റന്‍ ഇടിമിന്നല്‍ പതിക്കുന്നതാണ് വീഡിയോയില്‍. എന്താണ് ഈ വെള്ളിടിക്ക് കാരണം എന്നറിയില്ല എന്നും വീഡിയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

large lightning struck morocco just before 6 8 massive earthquake fact check jje

വസ്‌തുത

ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ മൊറോക്കോയില്‍ നിന്നുള്ളതേ അല്ല എന്നതാണ് യാഥാര്‍ഥ്യം. 2020 മുതല്‍ ഈ വീഡിയോ ഇന്‍റര്‍നെറ്റില്‍ കാണാമെന്ന് വസ്‌തുതാ പരിശോധനയില്‍ വ്യക്തമായി. ഈ ഇടിമിന്നലിന്‍റെ ചില ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം മനസിലായത്. മാത്രമല്ല, കംപ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി(CGI) കൂടിയാണിത്. 2021 മാര്‍ച്ച് 14ന് ഫേസ്‌ബുക്കില്‍ സ്‌പേസ്‌ലൗവര്‍ ഒഫീഷ്യല്‍ എന്ന പേജില്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നതായി കാണാം. 2020ല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമമായ ടിക്‌ടോക്കിലും ട്വിറ്ററിലും വൈറലായിരുന്നു.

2021ല്‍ ഫേസ്‌ബുക്കില്‍ അപ്‌ലോഡ് ചെയ്‌ത വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

large lightning struck morocco just before 6 8 massive earthquake fact check jje

എന്തായാലും മൊറോക്കന്‍ ഭൂകമ്പത്തിന് തൊട്ടുമുമ്പ് പകര്‍ത്തിയ രാക്ഷസ മിന്നലിന്‍റെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യം പഴയതും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതുമാണ് എന്ന് വ്യക്തം. 2020 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായ വീഡിയോയ്‌ക്ക് നിലവിലെ മൊറോക്കന്‍ ഭൂകമ്പവുമായി യാതൊരു ബന്ധവുമില്ല. ഇതറിയാതെ ആരും ഈ വീഡിയോ ഷെയര്‍ ചെയ്യരുത്. 

Read more: കെട്ടിടം ചുഴറ്റിയെറിയുന്ന ചുഴലി, കാണുമ്പോഴേ ആളുകളുടെ ജീവന്‍ പോകും, സംഭവിച്ചത് ഫിലിപ്പീൻസില്‍- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios