മുംബൈ: ബോളിവുഡിന്‍റെ നിറഞ്ഞ പ്രതീക്ഷകളിലൊരാളായിരുന്ന സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ അകാലമരണം രാജ്യത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സുശാന്ത് സിംഗിന്‍റേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലെ പ്രാഥമികനിഗമനം. വിഷാദരോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍, സുശാന്തിന്‍റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ഇതോടെ ബോളിവു‍ഡിലേക്ക് അടക്കം മുംബൈ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. താരത്തെ സിനിമാമേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന സഹപ്രവർത്തകരുടെ വെളിപ്പെടുത്തലുകൾ കൂടി പരിഗണിച്ചാണ് അന്വേഷണം. പക്ഷേ, ഇതിനിടെ താരത്തിന്‍റെ അവസാന വീഡിയോ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വീഡിയോകള്‍ പ്രചരിക്കുകയാണ്.

പ്രചാരണം ഇങ്ങനെ

ടിക് ടോക്കിലൂടെയാണ് സുശാന്തിന്‍റെ അവസാന വീഡിയോ എന്ന പേരില്‍ പ്രചാരണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളെന്ന പേരിലാണ് പ്രചാരണം. മുഖം വ്യക്തമാകാത്ത ഒരു യുവാവ് ബെഡ്ഡില്‍ കിടന്ന പുളയുന്നതും നിരാശയോടെ ചില ശബ്ദങ്ങളുണ്ടാക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. സുശാന്ത് വിഷാദത്തിലായിരുന്നുവെന്നും മനസിനെ നിയന്ത്രിക്കാന്‍ സാധിക്കാതെ പുളയുകയാണെന്നുമെല്ലാം പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. 

വസ്തുത ഇങ്ങനെ

എന്നാല്‍, ഈ വീഡിയോ സുശാന്ത് സിംഗിന്‍റെ അല്ലെന്നുള്ളതാണ് വസ്തുത. പ്രധാനമായും അതൊരു സിസിടിവി ദൃശ്യമേയല്ല. വിനോദത്തിനായി ടിക് ടോക്കില്‍ വന്ന ഒരു വീഡിയോ മാത്രമാണത്. ഇംഗ്ലീഷ് മാധ്യമമായ ക്വിന്‍റ് നടത്തിയ റിവേഴ്സ് സേര്‍ച്ചില്‍ 2020 ഏപ്രില്‍ ഒമ്പതിന് 'ബെനെസ്ക്യൂഡാ' എന്ന ടിക് ടോക്ക് പ്രൊഫൈലിലാണ് ഈ വീഡിയോ ആദ്യം വന്നിരിക്കുന്നത്. ആ പ്രൊഫൈല്‍ പരിശോധിക്കുമ്പോള്‍ സമാനമായി ഇതേതരത്തിലുള്ള നിരവധി വീഡിയോകളും കണ്ടെത്താനാകും. 

നിഗമനം

സുശാന്ത് സിംഗിന്‍റെ അവസാന വീഡിയോ എന്ന പേരില്‍ ടിക് ടോക്കില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 2020 ഏപ്രില്‍ ഒമ്പതിന് 'ബെനെസ്ക്യൂഡാ' എന്ന ടിക് ടോക്ക് പ്രൊഫൈലിലാണ് ഈ വീഡിയോ ആദ്യം വന്നിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.