പാലക്കാട്: നടനും സ്റ്റണ്ട് മാസ്റ്ററുമായിരുന്ന സാന്‍റോ കൃഷ്‌ണന്‍റെ(കണ്ണിയംപുറം കോണിക്കൽ കൃഷ്‌ണൻ നായർ) വേര്‍പാട് മറവിക്ക് വിട്ടുനല്‍കിയോ മാധ്യമങ്ങള്‍. ഫേസ്‌ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണ് മാധ്യമങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. 3500ലേറെ സിനിമകളില്‍ വേഷമിട്ട നടന്‍ അന്തരിച്ചിട്ട് മാധ്യമങ്ങള്‍ ഒരു സ്‌ക്രോളിംഗോ ബ്രേക്കിംഗോ പോലും നല്‍കിയില്ല എന്നും പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു. എന്താണ് ഇതിലെ വസ്‌തുത. 

പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ

'3500 സിനിമകളില്‍ വേഷം ഇട്ട ഈ മനുഷ്യന്‍ മരിച്ചു ഇന്നലെ. ഒരു സ്‌ക്രോളിംഗ്, ബ്രേക്കിംഗ് ന്യൂസ് പോലുമില്ല. അനുശോചനപ്രവാഹം ഇല്ല. അനാഥം ആയി കിടക്കുന്ന ഒറ്റപ്പാലത്തെ ഒരു ചെറിയ വീട്ടില്‍ ഗ്ലാമര്‍ ഇല്ലാത്തവന്‍റെ മരണം ആര്‍ക്കു വേണം അല്ലെ??...1934ല്‍ പുറത്തിറങ്ങിയ നിശബ്‌ദ ചിത്രമായ ബാലി സുഗ്രീവനില്‍ അംഗദത്തനായി വേഷമിട്ടാണ് സാന്‍റോ കൃഷ്‌ണന്‍റെ രംഗ പ്രവേശം'. 

  • വാട്‌സ്‌ആപ്പിലും ഫേസ്‌ബുക്കിലും ഈ സന്ദേശം കണ്ടെത്താനായി

 

വസ്‌തുത അറിയാന്‍ വര്‍ഷങ്ങള്‍ പിന്നോട്ട് സഞ്ചരിക്കണം

ആദ്യകാല നടനായ സാന്‍റോ കൃഷ്‌ണന്‍ അന്തരിച്ചത് ഈയടുത്തല്ല, 2013 ജൂലൈ അഞ്ചിനാണ്. പാലക്കാട് ജില്ലയിലെ ലക്കിടിയിലുള്ള നൊട്ടിയത്തുവീട്ടിൽ വച്ചാണ് അദേഹം മരണമടഞ്ഞത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള ഭാഷകളിലായി 2000ത്തോളം ചിത്രങ്ങളിൽ അഭിനയിച്ച സാന്‍റോ കൃഷ്‌ണന്‍ വിടപറഞ്ഞപ്പോള്‍ 2013ല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. 

വസ്‌തുതാ പരിശോധനാ രീതി

1. സാന്‍റോ കൃഷ്‌ണന്‍ അന്തരിച്ചത് 2013ലാണ് എന്ന് അന്നത്തെ മാധ്യമ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. അദേഹത്തിന്‍റെ നിര്യാണത്തില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസും ഔട്ട്‌ലുക്കും നല്‍കിയ വാര്‍ത്തകള്‍ ചുവടെ. 

 


 
2. ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സമാന ടെക്‌സ്റ്റ് 2013 മുതല്‍ പ്രചരിക്കുന്നതാണെന്ന് ഫേസ്‌ബുക്കിലെ പരിശോധനയില്‍ കണ്ടെത്തി.

 

3. 2019ലും സമാന പോസ്റ്റ് ഫേസ്‌ബുക്കില്‍ വൈറലായിരുന്നു. സാന്‍റോ കൃഷ്‌ണന്‍ വിടപറഞ്ഞത് 2013ലാണെന്ന് അന്ന് പലരും ഈ പോസ്റ്റുകളുടെ കമന്‍റ് ബോക്‌സില്‍ സൂചിപ്പിച്ചിരുന്നു. എന്നിട്ടും അതേ വരികളാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്.  

 

നിഗമനം

നടനും സ്റ്റണ്ട് മാസ്റ്ററുമായിരുന്ന സാന്‍റോ കൃഷ്‌ണന്‍ മരണമടഞ്ഞെന്നും മാധ്യമങ്ങള്‍ തിരിഞ്ഞുനോക്കിയില്ല എന്നുമുള്ള ഇപ്പോഴത്തെ പ്രചാരണം വസ്‌തുതാ വിരുദ്ധമാണ്. 2013ലാണ് സാന്‍റോ കൃഷ്‌ണന്‍ അന്തരിച്ചത്. അന്ന് വൈറലായിരുന്ന ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. എന്നാല്‍ ആരാണ് ഈ പേസ്റ്റ് ഫേസ്‌ബുക്കില്‍ ആദ്യമായി എഴുതിയത് എന്ന് വ്യക്തമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​