നരേന്ദ്ര മോദിയെ പിണറായി വിജയന്‍ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന തരത്തിലുള്ള ന്യൂസ് കാര്‍ഡ് വ്യാജം 

തിരുവനന്തപുരം: കേന്ദ്ര ഭരണത്തില്‍ തുടര്‍ച്ചയായ മൂന്നാംതവണയും അധികാരത്തിലേറാന്‍ കാത്തിരിക്കുന്ന എന്‍ഡിഎയുടെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി എന്ന തരത്തില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം. പിണറായിയുടെ ഒരു പ്രസ്‌താവന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ കാര്‍ഡായി നല്‍കി എന്നാണ് പ്രചാരണം. എന്നാല്‍ നരേന്ദ്ര മോദിയെ പിണറായി വിജയന്‍ പുകഴ്‌ത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്ന തരത്തിലുള്ള ന്യൂസ് കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് അറിയിക്കുന്നു. 

'മോഡി തന്നെ മൂന്നാമതും, ആശംസയുമായി പിണറായി വിജയന്‍, രാജ്യത്തിനാവശ്യം മോദിയെ പോലുള്ള കരുത്തുറ്റ ഭരണാധികാരിയെന്നും പിണറായി'- ഇത്രയുമാണ് വ്യാജ ന്യൂസ് കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഈ വ്യാജ ന്യൂസ് കാര്‍ഡില്‍ കാണുന്ന ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റെത് അല്ല. മോദിയുടെ പേര് തെറ്റായി കാര്‍ഡില്‍ എഴുതിയിട്ടുമുണ്ട്. പിണറായി വിജയന്‍റെ മറ്റൊരു വാര്‍ത്തയ്ക്ക് മുമ്പ് നല്‍കിയ ന്യൂസ് കാര്‍ഡില്‍ എഡിറ്റ് ചെയ്‌ത് തെറ്റായ ടെക്സ്റ്റ് ചേര്‍ത്താണ് വ്യാജ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ വ്യാജ ന്യൂസ് കാര്‍ഡ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നിയമനടപടി സ്വീകരിക്കുന്നതാണ് എന്ന് അറിയിക്കുന്നു. 

Read more: എ കെ ബാലന്‍റെ പ്രസ്‌താവനയായി പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം