അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ അപകടത്തിന്‍റേത് എന്ന പേരില്‍ അനവധി വീഡിയോകളും ചിത്രങ്ങളുമാണ് എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത്

അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഇന്നുണ്ടായ (ജൂണ്‍ 12) എയര്‍ ഇന്ത്യ വിമാനാപകടത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലാഭായി പട്ടേൽ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 242 പേരുമായി ലണ്ടനിലേക്ക് പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ ജനവാസ മേഖലയിലേക്ക് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ഈ അപകടത്തിന്‍റെ എന്ന പേരില്‍ അനവധി വീഡിയോകളും ചിത്രങ്ങളുമാണ് എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത്. ഇതിലൊരു വീഡിയോ ഈ വിമാന ദുരന്തത്തിന്‍റേതല്ല എന്നതാണ് യാഥാര്‍ഥ്യം.

പ്രചാരണം

‘എയര്‍ ഇന്ത്യ വിമാനാപകടം, വിമാനം തകരുന്നതിന് തൊട്ടുമുമ്പ് വിമാനത്തിനുള്ളില്‍ നിന്ന് ആരോ പകര്‍ത്തിയ ദൃശ്യമാണിത്. യാത്രക്കാരന്‍ വീഡിയോ പകര്‍ത്തിക്കൊണ്ടിരിക്കേ വിമാനം അപകടത്തില്‍പ്പെട്ടു’- എന്നിങ്ങനെയുള്ള കുറിപ്പുകളോടെയാണ് വീഡിയോ എക്‌സില്‍ നിരവധി ആളുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാള്‍ വിമാനത്തിനുള്ളില്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പൊടുന്നനെ വിമാനം അഗ്നിക്കിരയാവുന്നതുമാണ് ഈ വീഡിയോയില്‍ കാണുന്നത്.

Scroll to load tweet…

വസ്‌തുതാ പരിശോധന

ഈ വീഡിയോയുടെ യാഥാര്‍ഥ്യമറിയാന്‍ ദൃശ്യങ്ങള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ സമാന വീഡിയോ സഹിതം occupygh.com എന്ന വെബ്‌സൈറ്റ് 2023 ജനുവരി 17ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത കാണാനായി. 'നേപ്പാള്‍ വിമാനാപകടം: അപകടത്തിന്‍റെ അവസാന സെക്കന്‍ഡുകള്‍ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടു' എന്ന തലക്കെട്ടിലാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇന്നുണ്ടായ (2025 ജൂണ്‍ 12) അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റേത് എന്ന പേരില്‍ ഇപ്പോള്‍ എക്സില്‍ പലരും പോസ്റ്റ് ചെയ്യുന്ന വീഡിയോ 2023-ലെ ഈ വാര്‍ത്തയില്‍ കാണാമെന്നതിന് തെളിവുകള്‍ ചുവടെ ചേര്‍ക്കുന്നു.

ഇതേ അപകടത്തെ കുറിച്ച് 2023 ജനുവരി 17ന് എക്സില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റും ചുവടെ കാണാം.

2023ല്‍ നേപ്പാളില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഈ വിമാന അപകടത്തെ കുറിച്ച് നടത്തിയ കീവേഡ് സെര്‍ച്ചില്‍ സമാന വീഡിയോ സഹിതം ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ 2023 ജനുവരി 16ന് പ്രസിദ്ധീകരിച്ച വാര്‍ത്തയും ലഭ്യമായി. അന്നത്തെ ദാരുണ അപകടത്തിന്‍റെ വീഡിയോ എഫ്‌ബി ലൈവില്‍ പോസ്റ്റ് ചെയ്ത യാത്രികന്‍ ഇന്ത്യക്കാരനാണെന്ന് ഇന്ത്യാ ടുഡേയുടെ വാര്‍ത്തയില്‍ പറയുന്നു.

ഇപ്പോഴത്തെ അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകള്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ വസ്‌തുത ഇത്രയും തെളിവുകളില്‍ നിന്നുതന്നെ വ്യക്തമാണ്.

നിഗമനം

അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെത് എന്ന പേരില്‍ പ്രചരിക്കുന്ന സെല്‍ഫി വീഡിയോ നേപ്പാളില്‍ 2023 ജനുവരി മാസം നടന്ന ഒരു അപകടത്തിന്‍റെതാണ്. വിമാനത്തിനുള്ളില്‍ നിന്ന് അപകടത്തിന് തൊട്ടുമുമ്പുള്ള അവസാന സെക്കന്‍ഡുകള്‍ പകര്‍ത്തിയ ആ വീഡിയോയ്ക്ക് ഇപ്പോഴത്തെ അഹമ്മദാബാദ് വിമാന ദുരന്തവുമായി യാതൊരു ബന്ധവുമില്ല എന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്