മുസ്ലീംകളായ രണ്ട് പേർ നരേന്ദ്ര മോദിയുടെ മുഖം ആലേഖനം ചെയ്ത ഒരു സഞ്ചിയുമായി സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിന്‍റെ ഫോട്ടോയാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്

കിലോയ്ക്ക് 29 രൂപക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന 'ഭാരത് അരി' വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനിടെ ഭാരത് അരിയെ കുറിച്ച് ഒരു ചിത്രം വർഗീയ ചുവയുള്ള തലക്കെട്ടുകളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ സാഹചര്യത്തിന്‍റെ ഇതിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

മുസ്ലീംകളായ രണ്ട് പേർ നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു സഞ്ചിയുമായി സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിന്‍റെ ഫോട്ടോയാണ് ഫേസ്ബുക്കില്‍ രാജീവ് ലാല്‍ എന്ന വ്യക്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. 2024 ഫെബ്രുവരി 8-ാം തിയതിയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വാഹനത്തില്‍ കാണുന്ന പാക്കറ്റില്‍ 29 രൂപ എന്ന് എഴുതിയിരിക്കുന്നത് കാണാം. വർഗീയമായ കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്തുതാ പരിശോധന

പ്രചരിക്കുന്ന ചിത്രത്തിലുള്ളത് 29 രൂപയുടെ ഭാരത് അരിയുടെ പാക്കറ്റ് തന്നെയോ എന്ന് പരിശോധിക്കാന്‍ ഫോട്ടോ റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കി. ഇതില്‍ വ്യക്തമായത് ഈ ചിത്രം 2023 ജൂണ്‍ മുതല്‍ എക്സില്‍ (പഴയ ട്വിറ്റർ) പ്രചരിക്കുന്നതാണ് എന്നാണ്. എന്നാല്‍ 2023ലെ ട്വീറ്റില്‍ മോദിയുടെ ചിത്രം വ്യക്തമാണ് എങ്കിലും 29 രൂപ എന്ന എഴുത്ത് കാണാനില്ല. 29 രൂപ എന്ന എഴുത്ത് എഡിറ്റ് ചെയ്ത് ഇപ്പോഴത്തെ ചിത്രത്തില്‍ ചേർത്തതാണ് എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. 

2023ലെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

നിഗമനം 

കിലോയ്ക്ക് 29 രൂപക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന ഭാരത് അരിയുമായി പോകുന്ന മുസ്ലീം ദമ്പതികളുടെ ചിത്രം എന്ന പേരില്‍ വർഗീയമായി പ്രചരിക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണ്. ഫേസ്ബുക്ക് പോസ്റ്റിനൊപ്പമുള്ള ഫോട്ടോ യഥാർഥമല്ല. 

എന്താണ് ഭാരത് അരി

കേന്ദ്ര സര്‍ക്കാരിന്‍റെ 'ഭാരത് അരി' വില്‍പ്പന കേരളത്തില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കിലോയ്ക്ക് 29 രൂപയാണ് അരിയുടെ വില. നാഷനല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനാണ് വിതരണച്ചുമതല. അഞ്ച്, 10 കി.ഗ്രാം പാക്കറ്റുകളിലാണ് അരി വില്‍ക്കുന്നത്. അരിക്കു പുറമെ കടലപ്പരിപ്പും പൊതു വിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കും. കടലപ്പരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില. അതേസമയം കേന്ദ്രത്തിന്റ അരി വില്‍പ്പന രാഷ്ട്രീയ മുതലെടുപ്പാണ് എന്നാണ് കേരള ഭക്ഷ്യമന്ത്രി ജി ആര്‍. അനിലിന്‍റെ പ്രതികരണം. 

Read more: റീല്‍സ് വര്‍ഗീയ തലക്കെട്ടുകളോടെ വൈറലായി; തട്ടമണിയിക്കുന്ന വൈറല്‍ വീഡിയോയുടെ വസ്‌തുത- Fact Check