'ആര്‍ക്കും എണ്ണിനോക്കാവുന്നതാണ്. പാവപ്പെട്ടവരുടെ 37 പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്' എന്ന കുറിപ്പോടെയായിരുന്നു വി ടി ബല്‍റാമിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: എല്‍ഡിഎഫ് നവകേരളത്തിനുള്ള യാത്രയായി അവകാശപ്പെടുകയും പ്രതിപക്ഷം വികസന മുരടിപ്പ് മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകമായി ആരോപിക്കുകയും ചെയ്യുന്ന 'നവകേരള സദസ്' പുരോഗമിക്കുകയാണ്. കേരളത്തിന്‍റെ വടക്കേ അറ്റത്ത് കാസര്‍കോട് ജില്ലയില്‍ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രത്യേക ബസില്‍ നവകേരള സദസ് ആരംഭിച്ചത്. ഇതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം വലിയ വിവാദമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം വരെ ഈ ചിത്രം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌ത് പുലിവാല്‍ പിടിച്ചു. 

പ്രചാരണം

'ആര്‍ക്കും എണ്ണിനോക്കാവുന്നതാണ്. പാവപ്പെട്ടവരുടെ 37 പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്' എന്ന കുറിപ്പോടെയാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം വെരിഫൈഡ് ഫേസ്‌ബുക്ക് അക്കൗണ്ടില്‍ ചിത്രം പോസ്റ്റ് ചെയ്‌തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കുറച്ച് പേര്‍ക്കൊപ്പം ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രമായിരുന്നു ഇത്. തീന്‍മേശയില്‍ അനവധി ഭക്ഷണസാധനങ്ങള്‍ നിരത്തിവച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരിഹാസരൂപേണ വി ടി ബല്‍റാം ഈ ചിത്രം എഫ്‌ബിയില്‍ പങ്കുവെച്ചത്. 

വി ടി ബല്‍റാമിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വി ടി ബല്‍റാം മാത്രമല്ല, മറ്റ് നിരവധി ആളുകളും ഫേസ്‌ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ സമാന ചിത്രം പോസ്റ്റ് ചെയ്‌തിട്ടുണ്ട്. നവകേരള സദസിനിടെ കാസര്‍കോട് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന്‍റെ ഫോട്ടോയാണിത് എന്ന അവകാശവാദത്തോടെയാണ് ഈ പോസ്റ്റുകളെല്ലാം. ഇത്തരത്തിലുള്ള രണ്ട് ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ കൊടുത്തിരിക്കുന്നു. 2023 നവംബര്‍ 20, 21 തിയതികളിലാണ് ഈ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. 

Scroll to load tweet…

വസ്‌തുത

നവകേരള സദസിന്‍റെത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഇഫ്‌താര്‍ വിരുന്നിന്‍റെതാണ് എന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. വിവാദമായതോടെ ഫേസ്‌ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പിന്‍വലിച്ചിട്ടുണ്ട്. 

Read more: 'നമുക്ക് കൈകോര്‍ക്കാം റോബിന്‍ ബസിന് വേണ്ടി', സാമൂഹ്യമാധ്യമങ്ങളില്‍ പണപ്പിരിവ്! സംഭവം എന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം