അടുക്കളയില്‍ നമുക്ക് കൈയകലത്തില്‍ ലഭ്യമായ വസ്‌തുക്കള്‍ ഉപയോഗിച്ച് കാന്‍സറിനുള്ള മരുന്ന് നിര്‍മിക്കാം എന്നാണ് ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്

അര്‍ബുദം അഥവാ കാന്‍സര്‍ മാറാന്‍ ഒറ്റമൂലികള്‍ എന്ന പേരില്‍ നിരവധി മരുന്നുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നമ്മള്‍ കാണാറുണ്ട്. ചില ഇലകളും പഴങ്ങളും ഒക്കെ കഴിച്ചാല്‍ കാന്‍സറിനെ പൂര്‍ണമായും ഭേദമാക്കാം എന്ന അവകാശവാദത്തോടെയാണ് ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറ്. ഇത്തരത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു മരുന്നിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.

പ്രചാരണം

അടുക്കളയില്‍ നമുക്ക് കൈയകലത്തില്‍ ലഭ്യമായ വസ്‌തുക്കള്‍ ഉപയോഗിച്ച് കാന്‍സറിനുള്ള മരുന്ന് നിര്‍മിക്കാം എന്നാണ് ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്. കാരറ്റും സവാളയും വെളുത്തുള്ളിയും നാരങ്ങനീരും ചേര്‍ത്തുള്ള ജ്യൂസ് കുടിച്ചാല്‍ അര്‍ബുദം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും എന്നാണ് ഒരു വീഡിയോയില്‍ അവകാശപ്പെടുന്നത്. ഈ അത്ഭുത മരുന്ന് ഉപയോഗിച്ച് വയറിലെ കാന്‍സറും കരളിലെ കാന്‍സറും പ്രോസ്റ്റേറ്റ് കാന്‍സറും എല്ലിലെ ക്യാന്‍സറും എല്ലാം ഏത് ഘട്ടത്തിലും ഭേദമാക്കാന്‍ കഴിയുമെന്ന് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നയാള്‍ പറയുന്നു. എങ്ങനെയാണ് ഈ തട്ടിക്കൂട്ട് മരുന്ന് കഴിക്കേണ്ടത് എന്നും വീഡിയോയില്‍ പറയുന്നുണ്ട്. സ്വയം ഡോക്‌ടര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇദേഹം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിവുപോലെ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാനുള്ള ആഹ്വാനവും കാണാം. 

വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

കാരറ്റും സവാളയും വെളുത്തുള്ളിയും നാരങ്ങനീരും ഉപയോഗിച്ച് കാന്‍സര്‍ മാറ്റാം എന്ന അവകാശവാദത്തിന് ശാസ്‌ത്രീയ അടിത്തറയില്ല എന്നതാണ് വാസ്‌തവം. അതിനാല്‍ തന്നെ ഇതൊരു വ്യാജ പ്രചാരണമായി മാത്രമേ നിലവില്‍ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ ഒറ്റമൂലി പരീക്ഷണങ്ങള്‍ നടത്തി ആരോഗ്യാവസ്ഥ മോശമാക്കുന്നതിനേക്കാള്‍ നല്ലത് ശാസ്‌ത്രീയമായ ചികില്‍സാ രീതികള്‍ അവലംബിക്കുന്നതും വിദഗ്‌ദരായ ഡോക്‌ടര്‍മാരുടെ സേവനം തേടുന്നതുമാണ്. വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുത്. 

Read more: 'വെള്ളത്തില്‍ മുങ്ങി ചെന്നൈ, വെള്ളപ്പൊക്കത്തില്‍ ഉല്ലസിച്ച് ജനങ്ങള്‍'; ഈ വീഡിയോ സത്യമോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം