Asianet News MalayalamAsianet News Malayalam

നിറയെ ചുവന്ന കൊടികള്‍, നിരത്തില്‍ അട്ടിയിട്ട പോലെ ഓട്ടോറിക്ഷകള്‍; ചിത്രം ബെംഗളൂരുവിലേതാണ്, പക്ഷേ!

ഇന്നത്തെ ചിത്രം, ബെംഗളൂരുവിലെ ഗതാഗത ബന്ദില്‍ ചുവന്ന കൊടികളുമായി പങ്കെടുക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ എന്ന തലക്കെട്ടിലാണ് ചിത്രം എക്‌സിലും (ട്വിറ്റര്‍) മറ്റും പ്രത്യക്ഷപ്പെട്ടത്

Old image of 2014 circulating as Transport Strike Bengaluru 2023 photo jje
Author
First Published Sep 16, 2023, 1:22 PM IST

ബെംഗളൂരു: സ്വകാര്യ വാണിജ്യ വാഹന ഉടമകള്‍ സെപ്റ്റംബര്‍ 11ന് ബെംഗളൂരുവില്‍ സമരം നടത്തിയിരുന്നു. സിദ്ധരാമയ്യ സര്‍ക്കാറിന്റെ ശക്തി പദ്ധതി തങ്ങള്‍ക്ക് പ്രതിസന്ധിയാണെന്ന് ആരോപിച്ചായിരുന്നു ഫെഡറേഷന്‍ ഓഫ് കര്‍ണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍റെ ബന്ദ്. ബെംഗളൂരുവില്‍ ഓടുന്ന എല്ലാ സ്വകാര്യ വാണിജ്യ വാഹനങ്ങളും സമരത്തിന്‍റെ ഭാഗമായി സര്‍വീസ് നിര്‍ത്തിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പ് നല്‍കുന്ന ശക്തി പദ്ധതി വരുമാനം ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി യൂണിയനുകള്‍ ഓല, ഊബര്‍ അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സികളുടെ പിന്തുണയോടെ ബെംഗളൂരുവില്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രത്തിന് ഈ ബന്ദുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. 

പ്രചാരണം

'ഇന്നത്തെ ചിത്രം, ബെംഗളൂരുവിലെ ഗതാഗത ബന്ദില്‍ ചുവന്ന കൊടികളുമായി പങ്കെടുക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍' എന്ന തലക്കെട്ടിലാണ് ചിത്രം എക്‌സിലും (ട്വിറ്റര്‍) മറ്റും പ്രത്യക്ഷപ്പെട്ടത്. വിശാലമായ റോഡ് നിറയെ ഏറെദൂരം വരിവരിയായി നിര്‍ത്തിയിട്ടിരിക്കുകയാണ് ഓട്ടോറിക്ഷകള്‍. ചിത്രത്തില്‍ ഏറ്റവും മുന്നിലുള്ള ഒരു ഓട്ടോറിക്ഷയില്‍ കര്‍ണാടക രജിസ്ട്രേഷന്‍ കണ്ടതോടെ ഈ ചിത്രം സത്യമാണ് എന്ന് കരുതി പലരും ഷെയര്‍ ചെയ്‌തു. എന്നാല്‍ ഈ ചിത്രത്തിന് അടുത്തിടെ നഗരത്തില്‍ നടന്ന ഗതാഗത ബന്ദുമായി ബന്ധമൊന്നുമില്ല. 

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

Old image of 2014 circulating as Transport Strike Bengaluru 2023 photo jje

വസ്‌തുത

ഇപ്പോഴത്തെ സമരത്തിന്‍റേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം 2014ലേത് ആണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായത്. ഇന്ധന വില വര്‍ധനയ്‌‌ക്കെതിരെ കര്‍ണാടക ഓട്ടോറിക്ഷാ ഡ്രൈവര്‍ അസോസിയേഷന്‍ നടത്തിയ പ്രതിഷേധമായിരുന്നു ഇത്. ഇതിന്‍റെ വിവിധ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് അന്ന് റിപ്പോര്‍ട്ട് ചെയ്‌ത് പ്രോകേരള എന്ന വെബ്‌സൈറ്റില്‍ കാണാനായി. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രവും ഇക്കൂട്ടത്തില്‍ കാണാം. അതുകൊണ്ടുതന്നെ 2023 സെപ്റ്റംബര്‍ 11ന് സ്വകാര്യ വാണിജ്യ വാഹന ഉടമകള്‍ ബെംഗളൂരുവില്‍ നടത്തിയ പ്രതിഷേധത്തിന്‍റെ ചിത്രമല്ല ഇപ്പോള്‍ പ്രചരിക്കുന്നത് എന്ന് ഉറപ്പിക്കാം. 

Read more: ആകാശത്ത് നിന്ന് പെയ്‌തിറങ്ങി നൂറുകണക്കിന് മീനുകള്‍, ലോകത്തെ അതിശയിപ്പിച്ച് മത്സ്യമഴയോ- Fact Check 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios