വന്‍ വിലയുള്ള വജ്രങ്ങള്‍ ഇവിടെയെത്തിയ ആളുകള്‍ക്ക് നിധിപോലെ നിമിഷങ്ങള്‍ കൊണ്ട് ലഭിച്ചു എന്ന അവിശ്വസനീയ കഥ സത്യം തന്നെയോ?

സൂറത്ത്: ഇന്ത്യയുടെ ഡയമണ്ട് സിറ്റിയാണ് ഗുജറാത്തിലെ സൂറത്ത്. ഡയമണ്ട് വ്യവസായത്തിന് പേരുകേട്ട നഗരം. രാജ്യത്തെ സാമ്പത്തികാവസ്ഥ മോശമായതിനെ തുടര്‍ന്ന് സൂറത്തിലെ ഒരു വജ്ര വ്യാപാരി കോടികള്‍ വിലയുള്ള ഡയമണ്ട് കല്ലുകള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞോ? ഇത് വാരിക്കൂട്ടാന്‍ ആളുകള്‍ തടിച്ചുകൂടിയെന്ന് പറഞ്ഞാണ് വീഡിയോ സഹിതമുള്ള പ്രചാരണം. വന്‍ വിലയുള്ള വജ്രങ്ങള്‍ ഇവിടെയെത്തിയ ആളുകള്‍ക്ക് നിധിപോലെ ലഭിച്ചു എന്ന അവിശ്വസനീയ കഥ സത്യം തന്നെയോ? 

ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

പ്രചാരണം

45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നിലത്തിരുന്ന് ഏറെപ്പേര്‍ എന്തോ പരതുന്നതും പെറുക്കിയെടുക്കുന്നതുമാണ് വീഡിയോയില്‍. ഏതേ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്‌തുകൊണ്ട് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ ട്വിറ്റില്‍ പറയുന്നത് ഇതൊക്കെ. 'രാജ്യത്ത് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വലിയ സാമ്പത്തിക വിപ്ലവമുണ്ടായി എന്ന അവകാശവാദങ്ങള്‍ക്കിടയിലും വെല്ലുവിളി നിറഞ്ഞ വ്യാപാര സാഹചര്യങ്ങളെ തുടര്‍ന്ന് സൂറത്തിലെ ഒരു വജ്ര വ്യാപാരി തന്‍റെ ഡയമണ്ടുകള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. വലിച്ചെറിയപ്പെട്ട ഈ ഡയമണ്ടുകള്‍ ഏറെപ്പേര്‍ തെരുവില്‍ നിന്ന് വാരിയെടുത്തു. സൂറത്തിലെ ഡയമണ്ട് വ്യാപാരത്തിന്‍റെ ദയനീയാവസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്' എന്നുമായിരുന്നു സെപ്റ്റംബര്‍ 25-ാം തിയതി മേവാനിയുടെ ട്വീറ്റ്. ജിഗ്നേഷ് മേവാനിയെ കൂടാതെ മറ്റ് നിരവധി പേരും വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

മേവാനിയുടെ ട്വീറ്റ്

Scroll to load tweet…

വസ്‌തുത

എന്നാല്‍ കീവേഡുകള്‍ ഉപയോഗിച്ച് ഇന്‍റര്‍നെറ്റില്‍ നടത്തിയ തെരച്ചിലില്‍ വ്യക്തമായത് സംഭവം സത്യമെങ്കിലും ചില തെറ്റിദ്ധരിപ്പിക്കലുകള്‍ ഈ സംഭവത്തിന് പിന്നിലുണ്ട് എന്നാണ്. ഗുജറാത്തി മാധ്യമമായ എബിപി അസ്‌മിതയുടെ വാര്‍ത്തയില്‍ പറയുന്നത് യഥാര്‍ഥ ഡയമണ്ട് അല്ല സിന്തറ്റിക് ഡയമണ്ടാണ് വ്യാപാരി റോഡിലേക്ക് വലിച്ചെറിഞ്ഞത് എന്നാണ്. കോടികള്‍ വിലവരുന്ന ഡയമണ്ടുകള്‍ തെരുവില്‍ വിതറിയെന്ന അഭ്യൂഹം കേട്ട് ഇത് വാരിയെടുക്കാന്‍ പ്രദേശവാസികള്‍ തിടുക്കംകാട്ടിയെങ്കിലും പിന്നീടാണ് ഇവര്‍ക്ക് മനസിലായത് ഇതിന് അഞ്ച് രൂപ മാത്രമേ വിലയുള്ളൂ എന്നും വാര്‍ത്തയില്‍ പറയുന്നു. സാരികളിലും വിലകുറഞ്ഞ ആഭരണങ്ങളിലും ഉപയോഗിക്കുന്ന തരം ഡയമണ്ടുകളാണിത്. ദേശീയ മാധ്യമമായ എന്‍ഡിടിവിയും ആളുകള്‍ക്ക് പറ്റിയ ഈ വലിയ അബദ്ധത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. സെപ്റ്റംബര്‍ 25നായിരുന്നു എന്‍ഡിടിവിയില്‍ വാര്‍ത്ത വന്നത്. 

എന്‍ഡിടിവി വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

നിഗമനം 

സൂറത്തിലെ ഒരു തെരുവില്‍ വജ്ര വ്യാപാരി റോഡില്‍ ഡയമണ്ടുകള്‍ വിതറിയെന്നും വലിയ വിലയുള്ള ഇവ ആളുകള്‍ സ്വന്തമാക്കി എന്നതും തെറ്റായ പ്രചാരണമാണ്. ചെറിയ വില മാത്രമുള്ള കൃത്രിക ഡയമണ്ടുകളാണ് ഇവിടെയെത്തിയ ആളുകള്‍ക്ക് ലഭിച്ചത്. ഒറിജിനല്‍ ഡയമണ്ടുകള്‍ അല്ല റോഡില്‍ വിതറിയിരുന്നത്. 

Read more: ആപ്പിളിനും വിലങ്ങിട്ട് ചൈന, ഐഫോണ്‍ രാജ്യത്ത് നിരോധിച്ചു?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം