മുംബൈ: 'ക്വാറന്‍റീന്‍ കേന്ദ്രത്തിലെ കാഴ്‌ചയാണിത്. ഇന്ത്യയില്‍ മാത്രമേ ഇത് സംഭവിക്കൂ'...ഇന്‍ഡോറില്‍ ഒരു കൂട്ടം ആളുകള്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വാട്‌സ്‌ആപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്നത് ഈ തലക്കെട്ടിലാണ്. എവിടെനിന്നുള്ളതാണ് ഈ വീഡിയോ, ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ നിന്നുള്ളത് തന്നെയോ?.

പ്രചാരണം ഇങ്ങനെ

വാട്‌സ്‌ആപ്പിനെ കൂടാതെ ഫേസ്‌ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും ഈ വീഡിയോ സജീവമാണ്. ജമ്മു & കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയാണ് ഈ വീഡിയോ ഷെയര്‍ ചെയ്‌തവരില്‍ ഒരാള്‍. സ്ഥലം കിട്ടിയാല്‍ അവിടെ ക്രിക്കറ്റ് കളിക്കും, ക്വാറന്‍റീന്‍ ടൈംപാസ് എന്നാണ് ഒമറിന്‍റെ ട്വീറ്റ്. ജൂണ്‍ 10നായിരുന്നു ഈ ട്വീറ്റ്. ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്‌സും വീഡിയോ ഷെയര്‍ ചെയ്‌തതോടെ നാടൊട്ടുക്കും വൈറലായി. 

ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നിന്നുള്ളതാണ് വൈറല്‍ ക്രിക്കറ്റ് എന്നാണ് മിക്ക പ്രചാരണങ്ങളും. ഇത്തരത്തിലുള്ള നിരവധി ട്വീറ്റുകളും പോസ്റ്റുകളും ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം ഫാക്‌ട് ചെക്ക് വിഭാഗത്തിന്‍റെ പരിശോധനയില്‍ കണ്ടെത്തി. 

വസ്‌തുത എന്ത്

ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ നിന്നുള്ളത് തന്നയോ ഈ വീഡിയോ?. ഈ ചോദ്യത്തിന് ആണെന്നതാണ് ഉത്തരം.  ഗച്ചിബൗളിയിലെ അല്ല, കശ്‌മീരിലെ ബാരാമുള്ളയില്‍ നിന്നുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

വസ്‌തുതാ പരിശോധനാ രീതി

ഒമര്‍ അബ്‌ദുള്ള പങ്കുവെച്ച വീഡിയോ കശ്‌മീരിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ നിന്നുള്ളതാണ് എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയും മറ്റൊരു ദേശീയ മാധ്യമമായ ന്യൂസ് 18നും നല്‍കിയ വാര്‍ത്തയില്‍ ഇക്കാര്യം തലക്കെട്ടില്‍ തന്നെ നല്‍കിയിട്ടുണ്ട്.രണ്ട് വാര്‍ത്തകളുടെയും സ്‌ക്രീന്‍ഷോട്ട് ചുവടെ...

നിഗമനം 

വൈറലായിരിക്കുന്ന വീഡിയോ കശ്‌മീരില്‍ നിന്നുള്ളതാണ് എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്തായാലും ഗച്ചിഗൗളി സ്റ്റേഡിയമല്ല. സമീപത്തുള്ള ആശുപത്രി ബെഡുകള്‍ ഇത് ക്വാറന്‍റീന്‍ കേന്ദ്രം തന്നെയെന്ന് ഉറപ്പിക്കുന്നു. ക്രിക്കറ്റ് കളിക്കുന്നവരും ബെഡില്‍ ഇരിക്കുന്നവരുമെല്ലാം മാസ്‌ക് ധരിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​