മിനിയാപോളിസ്: പൊലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊന്ന ജോര്‍ജ് ഫ്ലോയ്‌ഡിന്‍റെ മരണം അമേരിക്കയെ വിറപ്പിക്കുകയാണ്. മിനിയാപോളിസ് നഗരത്തില്‍ ഉടലെടുത്ത പ്രക്ഷോഭം പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനെതിരെ ആളിക്കത്തുന്നു. തെരുവില്‍ ഇറങ്ങി ആയിരങ്ങള്‍ പ്രക്ഷോഭത്തിന്‍റെ ഭാഗമാകുമ്പോള്‍ നിരവധി വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ട്രംപിന്‍റെ ഡമ്മി പ്രതിഷേധക്കാര്‍ ഇടിച്ചിടുന്ന വീഡിയോ ആയിരുന്നു ഇതിലൊന്ന്. എന്നാലിത് ഏറെപ്പഴയത് ആണെന്നതാണ് വസ്‌തുത. 

പ്രചാരണം ഇങ്ങനെ...

ഡൊണള്‍ഡ് ട്രംപിന്‍റെ ഡമ്മി അമേരിക്കക്കാര്‍ ചവിട്ടിമെതിക്കുന്നതും ഇടിച്ചിടുന്നതുമാണ് ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. 'ട്രംപിനെ അമേരിക്കക്കാര്‍ ചെയ്യുന്നത് എന്തെന്ന് നോക്കൂ' എന്ന കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.

വസ്‌തുത എന്ത്

നിലവിലെ അമേരിക്കന്‍ പ്രക്ഷോഭങ്ങളുമായി വീഡിയോയ്‌ക്ക് ബന്ധമൊന്നും ഇല്ല. നാല് വര്‍ഷം പഴക്കമുള്ള വീഡിയോയാണ് ഇപ്പോഴത്തേത് എന്ന തലക്കെട്ടില്‍ പ്രചരിക്കുന്നത്. 2016ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 

വസ്‌തുതാ പരിശോധനാ രീതി

2016 ഒക്‌ടോബര്‍ 26നാണ് ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിരുന്നു. പൊതുയിടത്ത് ട്രംപിനെയും ഹിലരിയെയും പഞ്ച് ചെയ്യുന്നു എന്ന തലക്കെട്ടിലാണ് വീഡിയോയുള്ളത്. ആളുകള്‍ ഹിലരിയുടെയും ട്രംപിന്‍റെയും പ്രതിമ കിക്ക് ചെയ്യുന്നത് വീഡിയോയുടെ പൂര്‍ണ രൂപത്തില്‍ കാണാം. പഴയ വീഡിയോ ഇപ്പോള്‍ ട്വീറ്റ് ചെയ്‌തവരില്‍ വെരിഫൈഡ് അക്കൗണ്ടുകളും ഉണ്ട് എന്നതാണ് യാഥാര്‍ഥ്യം.  

 

നിഗമനം

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ട്രംപിന്‍റെ ഡമ്മി അമേരിക്കക്കാര്‍ ഇടിച്ചിടുന്നത് എന്നത് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണ്. നാല് വര്‍ഷം പഴക്കമുള്ള വീഡിയോയാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. 

'എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല'; ഫ്ലോയ്ഡിന്‍റെ അവസാന വാക്കുകളെ പൊതുവേദിയിൽ ട്രംപ് കളിയാക്കിയോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​