ജനീവ: മാസ്‌ക് ധരിച്ച് വ്യായാമം ചെയ്‌താല്‍ എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുണ്ടാകുമോ?. കൊവിഡ് കാലത്ത് പലരും ചോദിക്കുന്ന ചോദ്യമാണിത്. മാസ്‌ക് ധരിച്ച് വ്യായാമം ചെയ്‌തയാള്‍ മരണപ്പെട്ടു എന്നൊരു വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇതോടെയാണ് ആളുകള്‍ ആശങ്കയിലായത്. നിരവധി പേരുടെ സംശയങ്ങള്‍ക്കിടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. 

പ്രചാരണം ഇങ്ങനെ 

ന്യൂയോര്‍ക്ക് പോസ്റ്റില്‍ വന്ന ഒരു വാര്‍ത്തയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണത്തിന് ഇടയാക്കിയത്. കൊവിഡ് വൈറസിന്‍റെ ഉറവിടമെന്ന് കരുതപ്പെടുന്ന ചൈനയിലെ വുഹാന്‍ നഗരത്തില്‍ മാസ്‌ക് ധരിച്ച് രണ്ട് മൈല്‍ ദൂരം ഓടിയ 26കാരന്‍ ശ്വാസകോശത്തിന് തകരാര്‍ സംഭവിച്ച് മരണപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. മെയ് 15നാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെ വ്യാപകമായ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അരങ്ങേറുകയായിരുന്നു.

ന്യൂയോര്‍ക്ക് പോസ്റ്റില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ

 

മാസ്‌കും വ്യായാമവും; വസ്‌തുത വ്യക്തമാക്കി WHO

വ്യായാമം ചെയ്യുമ്പോൾ ആളുകൾ മാസ്ക് ധരിക്കരുത്, ശ്വസനം മാസ്‌കുകൾ കുറയ്‌ക്കും എന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന വിശദീകരണം. മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുമ്പോള്‍ വേഗം ഈര്‍പ്പമുണ്ടാകും. ഇത് ശ്വാസതടസമുണ്ടാക്കുകയും സൂക്ഷ്മാണുക്കള്‍ പെരുകാന്‍ ഇടയാക്കിയേക്കും. മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് ഒരു മീറ്ററെങ്കിലും ശാരീരിക അകലം പാലിക്കുന്നതാണ് വ്യായാമവേളകളില്‍ സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ പ്രതിരോധ നടപടി എന്നും WHO വ്യക്തമാക്കി. 

 

നിഗമനം

മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുന്നത് അപകടകരമോ എന്ന സംശയം പലരിലുമുണ്ട്. മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുന്നത് ശ്വാസതടസം ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. അതേസമയം, ശാരീരിക അകലം ഉറപ്പുവരുത്തുന്നത് വലിയ പ്രതിരോധ നടപടിയാകും എന്നും WHO അറിയിച്ചു. 

കാണാം വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​