പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്ന് വ്യാജ വീഡിയോയില്‍ അവകാശപ്പെടുന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായും ഇരുവര്‍ക്കും ഉടന്‍ ജയിലില്‍ പോകേണ്ടിവരും എന്നുമുള്ള യൂട്യൂബ് വീഡിയോ പ്രചാരണങ്ങള്‍ വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം. “A.Sharma Express”- എന്ന യൂട്യൂബ് ചാനലിലാണ് വിവാദ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോകളുടെ ഉള്ളടക്കവും പിഐബിയുടെ വിശദീകരണവും വിശദമായി അറിയാം.

വീഡിയോകളിലെ അവകാശവാദങ്ങള്‍

ഒരു പരാതിക്കാരന്‍ ബോംബേ ഹൈക്കോടതിയെ സമീപിച്ചുവെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എംപി സ്ഥാനം നഷ്‌ടമാകുമെന്നും അദേഹത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിയേണ്ടിവരുമെന്നും “A.Sharma Express”- എന്ന യൂട്യൂബ് അക്കൗണ്ടിലെ ഒരു വീഡിയോയില്‍ പറയുന്നു. മഹാരാഷ്‌ട്രയിലെ 2020 ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് മോദി പെരുമാറ്റചട്ടം ലംഘിച്ചുവെന്നും വീഡിയോയില്‍ ആരോപിക്കുന്നു. നരേന്ദ്ര മോദിക്കെതിരെ നിയമ നടപടിക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടുവെന്നാണ് ഇതേ യൂട്യൂബ് ചാനലിലെ മറ്റൊരു വീഡിയോയില്‍ പറയുന്നത്. നരേന്ദ്ര മോദിക്കെതിരെ ഇഡി നടപടി തുടങ്ങിയെന്നും വിവാദ വീഡിയോയില്‍ അവകാശപ്പെടുന്നു. 

പിഐബിയുടെ വിശദീകരണം

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കുമെതിരായ എല്ലാ വീഡിയോ ആരോപണങ്ങളും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക‌്‌ട് ചെക്ക് വിഭാഗം തള്ളി. വീഡിയോകളിലെ അവകാശവാദങ്ങളെല്ലാം വ്യാജമാണ് എന്നാണ് പിഐബിയുടെ വിശദീകരണ ട്വീറ്റുകള്‍. മോദിക്കെതിരെ ഇത്തരത്തില്‍ ഒരു എഫ്‌ഐആറും ഇല്ലെന്നും, കോടതി ഉത്തരവും നിയമനടപടിയും നിലവിലില്ല എന്നും പിഐബി വിശദീകരിച്ചു. സോഷ്യല്‍ മീഡിയയിലെ തെറ്റായ വാര്‍ത്തകളിലും പ്രചാരണങ്ങളിലും നിന്ന് ഏവരും അകലം പാലിക്കണമെന്ന് പിഐബി അഭ്യര്‍ഥിച്ചു.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News