എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മീനുകളെ കൈവീശി കാണിക്കുന്നത്? എന്ന ചോദ്യത്തോടെയാണ് ട്വീറ്റ് 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെതായി ഒരു വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) വൈറലാണ്. മോദി ആരെയോ കൈവീശി കാണിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. മോദി മീനുകള്‍ക്ക് നേര്‍ക്കാണോ കൈവീശുന്നത് എന്ന ചോദ്യത്തോടെയാണ് ട്വീറ്റ്. ഇതിന്‍റെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

എന്താണ് ഇവിടെ സംഭവിക്കുന്നത്? എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മീനുകളെ കൈവീശി കാണിക്കുന്നത്? എന്നീ ചോദ്യങ്ങളോടെയാണ് 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതം ത‍ൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് റിജു ദത്തയുടെ ട്വീറ്റ്. പതിനാറായിരത്തിലേറെ പേര്‍ ഇതിനകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പാലത്തിലൂടെ നടന്നുവരുന്നതും ദൂരേക്ക് നോക്കി കൈവീശിക്കാണിക്കുന്നതുമാണ് വീഡിയോയിലുള്ളത്. 

Scroll to load tweet…

വസ്‌തുതാ പരിശോധന

വീഡിയോ കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ കീവേഡ് സെര്‍ച്ചില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ 2024 ഫെബ്രുവരി 25ന് ചെയ്തിരിക്കുന്ന ഒരു ട്വീറ്റ് കാണാനായി. മോദി ഗുജറാത്തിലെ സുദര്‍ശന്‍ സേതുവിന്‍റെ ഉദ്ഘാടന ചടങ്ങിന് എത്തിയതിന്‍റെ ദൃശ്യങ്ങളാണിത്. രാജ്യത്തെ ഏറ്റവും വലിയ കേബിള്‍ പാലമാണ് സുദര്‍ശന്‍ സേതു. 2.32 കിലോമീറ്ററാണ് ഇതിന്‍റെ നീളം. സുദര്‍ശന്‍ സേതുവില്‍ എത്തിയ മോദി കൈവീശിക്കാണിക്കുന്നത് മത്സ്യതൊഴിലാളികളെയാണ് എന്ന് എഎന്‍ഐയുടെ വീഡിയോയില്‍ നിന്ന് വ്യക്തമാണ്. പ്രധാനമന്ത്രി കൈവീശി കാണിക്കുമ്പോള്‍ ബോട്ടുകളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ പുഷ്‌പവൃഷ്ടി നടത്തുന്നത് വീഡിയോയിലുണ്ട്. 

Scroll to load tweet…

നിഗമനം

പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവീശി കാണിക്കുന്നത് മത്സ്യങ്ങളെയല്ല, മത്സ്യതൊഴിലാളികളെയാണ് എന്നതാണ് യാഥാര്‍ഥ്യം. ഗുജറാത്തിലെ സുദര്‍ശന്‍ സേതുവിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള വീഡിയോയാണിത്. 

Read more: സ്വകാര്യത വേണമെന്ന് കോലിയും അനുഷ്‌കയും; എന്നിട്ടും രണ്ടാം കുഞ്ഞിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നോ?