'കൊവിഡ് വാക്സിന്‍ ഉപയോഗിച്ചാല്‍ 7 ലക്ഷം പേര്‍ മരിക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്'. കൊവിഡ് വാക്സിന്‍ ഉടനെത്തുമെന്ന രീതിയിലുള്ള വിലയിരുത്തലുകളുടെ പിന്നാലെയാണ് കൊവിഡ് വാക്സിന്‍ ആളുകള്‍ക്ക് അപകടകരമാകുമെന്ന രീതിയിലുള്ള ബില്‍ ഗേറ്റ്സിന്‍റെ പേരിലുള്ള പ്രചാരണം പൊടിപൊടിക്കുന്നത്. 

കൊവിഡ് 19 വാക്സിന്‍ സ്വീകരിക്കുന്നവരില്‍ ഏഴുലക്ഷം പേര്‍ക്ക് മരണമോ മറ്റ് ഗുരുതര പ്രത്യാഘാതങ്ങളോ ഉണ്ടാവുമെന്ന നിലയ്ക്കാണ് പ്രചാരണം. ഈ വര്‍ഷം ആദ്യം നടന്ന ഒരു അഭിമുഖത്തിലെ പരാമര്‍ശത്തോടൊപ്പമുള്ള ലേഖനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. സമാന്തര നിരീക്ഷണങ്ങളുടെ പേരില്‍ ഏറെ ചര്‍ച്ചയായിട്ടുള്ള ജര്‍മ്മന്‍ വെബ്സൈറ്റായ കെന്‍ എഫ്എമ്മിലാണ് ഇത് സംബന്ധിച്ച ലേഖനമുള്ളത്. ജര്‍മ്മനിയില്‍ മാത്രം 8300 വാക്സിന്‍ ഇരകള്‍ ഉണ്ടാവുമെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞതായാണ് ലേഖനം അവകാശപ്പെടുന്നത്. 

എന്നാല്‍ സിഎന്‍ബിസിക്ക് ബില്‍ ഗേറ്റ്സ് നല്‍കിയ അഭിമുഖത്തിലെ ചില പ്രസ്താവനകളാണ് വ്യാപകമായി വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാമെന്ന ബില്‍ ഗേറ്റ്സിന്‍റെ പരാമര്‍ശമാണ് വാക്സിനെതിരായ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത്. പ്രായമായവരില്‍ വാക്സിന്‍റെ ഫലപ്രാപ്തിയേക്കുറിച്ച് ആശങ്കയുണ്ടെന്നും അവര്‍ക്കാണ് വാക്സിന്‍ ഏറ്റവും അത്യാവശ്യമുള്ള വിഭാഗത്തിലുള്ളതെന്നുമാണ് ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടത്.

പതിനായിരം പേരില്‍ ഒരാള്‍ക്ക് സൈഡ് എഫക്ട്സ് ഉണ്ടാവുന്നതായി കണക്കാക്കിയാല്‍ തന്നെ ലോകത്ത് വലിയൊരു സംഖ്യ ആളുകള്‍ ഗര്‍ഭിണികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, പോഷകാഹാരക്കുറവുള്ളവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ഉണ്ടായേക്കാം. അതിനാല്‍ വാക്സിന്‍ വ്യാപകമായി ഉപയോഗിക്കുമ്പോള്‍ സര്‍ക്കാരുകള്‍ ഉള്‍പ്പെടണം. എന്നായിരുന്നു സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 26 മിനിറ്റ് നീളുന്ന അഭിമുഖത്തില്‍ ജര്‍മ്മനിയില്‍ 8300 പേര്‍ മരിക്കുകയോ ഗുരുതര തകരാറ് നേരിടുകയോ ചെയ്യുമെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞിട്ടില്ല. 2020 ഏപ്രില്‍ 9 ന് നടന്ന അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് വ്യാപകമായി വ്യാജ പ്രചാരണത്തിനായി വളച്ചൊടിച്ചത്. 

കൊവിഡ് വാക്സിന്‍ ഉപയോഗിച്ച് ലോകത്ത് 7ലക്ഷം പേര്‍ മരിക്കുമെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞതായുള്ള പ്രചാരണം വ്യാജമാണ്.