കൂരോപ്പട: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സരിത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കൊപ്പമെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിലെ വസ്തുത എന്താണ്? യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമെന്നും സ്വപ്ന സുരേഷുമൊന്നിച്ചുള്ള ചിത്രം പുറത്ത് വരികയും ചെയ്തതിന് പിന്നാലെയായിരുന്നു യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സരിത് എന്ന രീതിയില്‍ യുവാവിന്‍റെ ചിത്രം പ്രചരിച്ചത്.

 

പ്രചാരണം

'സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതി സരിത്തിനൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അടി പൊളിയായില്ലേ, കൊവിഡ് കാലത്ത് പോലും കള്ളക്കടത്തുകാരുമായി സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത ചാണ്ടി സാറിന്‍റെ വെട്ടുക്കിളികളാണ് സ്വപ്ന സുരേഷിനൊപ്പമുള്ള രമേശ് ചെന്നിത്തലയുടെ ചിത്രം പുറത്ത് വിട്ടത്' എന്നായിരുന്നു ഇടതുപക്ഷ അനുകൂല ഗ്രൂപ്പുകളിലൂടെ നടന്ന പ്രചാരണം. സരിത്തിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും ഉള്ള ചിത്രങ്ങള്‍ എന്ന അവകാശ വാദങ്ങളും ഈ പ്രചാരണങ്ങളിലുണ്ടായിരുന്നു.  

 

വസ്തുത

കോട്ടയം കൂരോപ്പട സ്വദേശിയും കെ എസ് യു നേതാവുമായ സച്ചിന്‍ മാത്യുവിന്‍റെ ചിത്രങ്ങളാണ് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സരിത് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ജൂലൈ ആറിന്  വിവാഹിതനായ സച്ചിന്‍റെ വിവാഹത്തലേന്നുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും കുടുംബത്തിന്‍റേയും ചിത്രമാണ് ഇത്തരത്തില്‍ വ്യാപകമായി ദുരുപയോഗം ചെയ്തത്.

 

വസ്തുതാ പരിശോധനാ രീതി

കെഎസ്യു പ്രവര്‍ത്തകന്‍ സച്ചിന്‍ മാത്യുവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ സംസാരിച്ചു. വ്യാജപ്രചാരണത്തിനെതിരെ പൊലീസില്‍ പരാതിയും മാനനഷ്ടത്തിന് കേസും നല്‍കിയിട്ടുണ്ട് സച്ചിന്‍ മാത്യു. തന്‍റെ വിവാഹചിത്രങ്ങളുപയോഗിച്ച് വ്യാപകമായി നടന്ന വ്യാജ പ്രചാരണങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സച്ചിന്‍ പൊലീസിനെ സമീപിച്ചിട്ടുള്ളത്. 

 

നിഗമനം


സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനൊപ്പമുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്.