മെഡിക്കല്‍ പിജി കോഴ്സുകളിലേക്ക് ഓണ്‍ലൈനിലൂടെ കൌൺസിലിംഗ് നടത്തുമെന്ന് വ്യാപകമായി നടക്കുന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്? കൊവിഡ് 19 വ്യാപനത്തിന് പിന്നാലെ പഠനം ഓണ്‍ലൈന്‍ രംഗത്തേക്ക് ചുവട് മാറ്റിയതിന് പിന്നാലെയാണ് പ്രചാരണം വ്യാപകമായത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ പേരിലുള്ള സര്‍ക്കുലറാണ് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്

പ്രചാരണം


ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുദന്‍റെ പേരിലാണ് സര്‍ക്കുലര്‍. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കുള്ളതാണ് സര്‍ക്കുലര്‍. എംഡി, എംസ്, ഡിപ്ലോമാ ആന്‍ഡ് എംഡിഎസ് കോഴ്സുകളിലേക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഓണ്‍ലൈനായി കൌണ്‍സിലിംഗ് നടത്തുന്നു. ജൂണ്‍ 27ാണ് സര്‍ക്കുലറിലുള്ള തിയതി. സുപ്രീം കോടതിയില്‍ നിന്നുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സര്‍ക്കുലര്‍ വിശദമാക്കുന്നു. കൊവിഡ് 19 വ്യാപന കാലത്ത് കൌണ്‍സിലിംഗ് നടപടി സുഗമമായി നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു

വസ്തുത


ട്വിറ്ററിലും ഫേസ്ബുക്കിലും ഏറെ പ്രചാരണം നേടിയ സര്‍ക്കുലര്‍ വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓണ്‍ലൈന്‍ കൌണ്‍സിലിംഗിനേക്കുറിച്ചും പിജി മെഡിക്കല്‍ സീറ്റുകളിലെ അഡ്മിഷന്‍ സംബന്ധിച്ചും സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 

വസ്തുതാ പരിശോധനാരീതി


ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, പിഐബി സര്‍ക്കുലറിനേക്കുറിച്ച് നടത്തിയ പ്രതികരണം. നിലവിലെ സ്ഥിതിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പിജി കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ കൌണ്‍സിലിംഗ്, അഡ്മിഷന്‍ എന്നിവ നടത്തുന്നില്ലെന്നു പിഐബി ട്വിറ്ററില്‍ വിശദമാക്കിയിട്ടുണ്ട്.

നിഗമനം


മെഡിക്കല്‍ പിജി കോഴ്സുകളിലേക്ക് ഓണ്‍ലൈനിലൂടെ കൌൺസിലിംഗ് നടത്തി അഡ്മിഷന്‍ നടത്തുന്നുവെന്ന പേരില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്.