ദില്ലി: കൊവിഡ് 19 ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സാമൂഹിക മാധ്യമങ്ങളില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പ്രചാരണങ്ങളുടെ പ്രളയമാണ്. COVID -19 സപ്പോർട്ടിങ് പ്രോഗ്രാംഎന്ന പദ്ധതി പ്രകാരം ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ നല്‍കുന്നു എന്ന സന്ദേശങ്ങളാണ് ഇവയില്‍ ഒടുവിലത്തേത്. ഇതിനായി അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ചെന്ന് അപേക്ഷിക്കണം എന്നാണ് ഫേസ്‌ബുക്കിലും വാട്‌സ്‌ആപ്പിലും പ്രചരിക്കുന്നത്. എന്താണ് ഈ സന്ദേശത്തിലെ വസ്‌തുത, ഉടന്‍തന്നെ പോയി അപേക്ഷിക്കേണ്ടതുണ്ടോ?

 

പ്രചാരണം ഇങ്ങനെ

'പ്രിയപ്പെട്ട കുടുംബാംഗങ്ങളെ

COVID-19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം ഒന്ന് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക്‌ ആൾ ഒന്നിന്  Rs 10,000/- (പതിനായിരം രൂപ) വീതം പ്രധാനമന്ത്രിയുടെ ധനസഹായം

ലഭിക്കുന്നു. അപേക്ഷിച്ചവർക്ക് തുക കിട്ടിത്തുടങ്ങി. ഇനിയും ആരെങ്കിലും അപേക്ഷിക്കാനുണ്ടെങ്കിൽ.
1. വരുമാനസർട്ടിഫിക്കേറ്റ്
2. റേഷൻകാർഡിന്‍റെ കോപ്പി
3. ബാങ്ക് പാസ്സ് ബുക്ക്‌
4. ആധാർ കാർഡ്
എന്നീ രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ പോയി എത്രയും പെട്ടന്ന് അപേക്ഷിക്കുക.
പദ്ധതിയുടെ പേര് :-
COVID 19 സപ്പോർട്ടിങ് പ്രോഗ്രാം.
അവസാന തിയതി ജൂൺ 30.
നന്ദി'

 

വസ്‌തുത

എന്നാല്‍ ഇത്തരമൊരു പദ്ധതിയും അക്ഷയ വഴി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല എന്നതാണ് വസ്‌തുത. ഇക്കാര്യം പാലക്കാട് ജില്ലാ അക്ഷയ പ്രൊജക്‌ട് മാനേജര്‍ ജെറിന്‍ സി ബോബന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. 'COVID-19 സപ്പോർട്ടിങ് പ്രോഗ്രാം' എന്ന പദ്ധതിയെ കുറിച്ച് ഗൂഗിള്‍ സെര്‍ച്ചില്‍ കണ്ടെത്താനുമായില്ല. ഈ പ്രചാരണം രൂക്ഷമായതോടെ കേരള സ്റ്റേറ്റ് ഐടി മിഷന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇത് തെറ്റായ പ്രചാരണമാണ് എന്ന് വ്യക്തമാക്കിയിരുന്നു.

 

 

നിഗമനം

ഒന്ന് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം 10,000 രൂപ നല്‍കുന്നു എന്ന പ്രചാരണം വ്യാജമാണ്. വിദ്യാര്‍ഥികള്‍ക്കുള്ള സഹായം എന്ന നിലയില്‍ കൊവിഡ് കാലത്ത് മുമ്പും തെറ്റായ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു.