നൂറ് വര്‍ഷം മുന്‍പ് മരിച്ച് പോയ ബുദ്ധ സന്യാസി ചിരിക്കുന്നതായുള്ള പ്രചാരണങ്ങളിലെ വസ്തുത എന്താണ്? 100 വര്‍ഷം മുന്‍പ് മരിച്ച് പോയ എന്നാല്‍ ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ബുദ്ധ സന്യാസിയുടെ ചിത്രത്തിന് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്. 

മമ്മി രൂപത്തിലുള്ള സന്യാസിക്ക് ഇപ്പോഴും ജീവനുണ്ടെന്നാണ് ചില ബുദ്ധ സന്യാസിമാര്‍ വ്യക്തമാക്കുന്നത്. അഗാധമായ ധ്യാനത്തിലാണ് സന്യാസിയുള്ളത്. മംഗോളിയയില്‍ നിന്നാണ് സന്യാസിയുടെ ശരീരം കിട്ടിയത്. എന്നെല്ലാമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ട്വിറ്ററില്‍ ആരംഭിച്ച പ്രചാരണം ഫേസ്ബുക്കിലും വ്യാപകമായി. 

എന്നാല്‍ നൂറ് വര്‍ഷം മുന്‍പ് മരിച്ച സന്യാസിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് 2017 നവംബറില്‍ ബാങ്കോക്കില്‍ മരിച്ച മുതിര്‍ന്ന സന്യാസിയായ ലോംഗ് ഫോര്‍ പിയാന്‍ എന്ന സന്യാസിയുടെ ചിത്രമാണ്.  ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിന്‍റെ അന്ത്യം. റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗമാണ് ഇത് കണ്ടെത്തിയത്.

ഇത് സംബന്ധിച്ച് ആ സമയത്ത് വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇദ്ദേഹം മരിച്ച് രണ്ട് മാസങ്ങള്‍ക്ക് മൃതദേഹം ബുദ്ധാചാരപ്രകാരം പുറത്തെടുത്തപ്പോഴുള്ള ചിത്രമാണ് നിലവില്‍ പ്രചരിക്കുന്നത്. കംബോഡിയ സ്വദേശിയായ ലോംഗ് ഫോര്‍ പിയാന്‍ തായ്ലാന്‍ഡിലെ ലോപുരി പ്രവിശ്യയിലെ സന്യാസിയായിരുന്നു.